വ്യാപാര യുദ്ധത്തിൽ ആടിയുലഞ്ഞ് റബർ വിപണി
text_fieldsഅമേരിക്കൻ വ്യാപാര യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങിയതിനിടയിൽ രാജ്യാന്തര റബർ വിപണി ആടിയുലഞ്ഞു. ചൈനീസ് ഇറക്കുമതികൾക്ക് യു.എസ് പുതിയ നികുതികൾ അടിച്ചേൽപിച്ചതോടെ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ട് ഏഷ്യൻ റബർ ഉൽപാദന രാജ്യങ്ങൾ. ചൈനീസ് ഓട്ടോ വ്യവസായ രംഗം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ ടയർ കമ്പനികൾ റബർ സംഭരണത്തിൽനിന്ന് പിന്തിരിഞ്ഞത് റബർ അവധി വ്യാപാര രംഗത്തും വിലത്തകർച്ചക്ക് ഇടയാക്കി.
തീരുവ യുദ്ധക്കളത്തിൽ യു.എസും ചൈനയും കച്ചകെട്ടി ഇറങ്ങിയതോടെ ചൈനയിൽ മാത്രമല്ല, ജപ്പാൻ, സിംഗപ്പൂർ റബർ എക്‌സ്‌ചേഞ്ചുകളിലെ നിക്ഷേപകരും പ്രാണരക്ഷാർഥം ബാധ്യതകൾ കിട്ടുന്ന വിലക്ക് വിറ്റുമാറി. വാരത്തിന്റെ തുടക്കത്തിൽ കിലോ 348 യെന്നിൽ ഇടപാടുകൾ നടന്ന റബർ അവധികൾ ഒരവസരത്തിൽ 300 യെന്നിലെ സപ്പോർട്ട് തകർത്ത് 280ലേക്ക് ഇടിഞ്ഞു. ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ വില ഏകദേശം 70 യെൻ തകർന്നത് ഇതര അവധി വ്യാപാര കേന്ദ്രങ്ങളിലും റബറിനെ ചുവപ്പ് അണിയിച്ചു.
ചൈനീസ് വ്യവസായികളുടെ പിന്മാറ്റം തായ് വിപണിയായ ബാങ്കോക്കിൽ റബർ വില മാസാരംഭത്തിലെ 200 രൂപയിൽനിന്ന് 169ലേക്ക് ഇടിഞ്ഞത് ഒരു വിഭാഗം ടയർ നിർമാതാക്കളെ ആകർഷിച്ചു. അവർ തിരക്കിട്ട് പുതിയ കച്ചവടങ്ങൾക്ക് അവസരമാക്കി. ഇന്ത്യൻ ടയർ ഭീമന്മാരും ഈ അവസരത്തിൽ പുതിയ കരാറുകളിൽ ഏർപ്പെട്ടതായാണ് വിവരം. ഇറക്കുമതി രാജ്യങ്ങളിൽനിന്നുള്ള വർധിച്ച ഡിമാൻഡിൽ വാരാന്ത്യം ഷീറ്റ് വില 184ലേക്ക് ഉയർന്നു.
പിന്നിട്ടവാരം കോട്ടയത്ത് ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ കിലോ 206 രൂപയിൽനിന്ന് 194ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം അൽപം മെച്ചപ്പെട്ട് 197ലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽമഴ ലഭ്യമായെങ്കിലും നിർത്തിവെച്ച റബർ ടാപ്പിങ് പുനരാരംഭിക്കാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
*****
ഓണാഘോഷ വേളയിൽ ഉടലെടുത്ത ബുൾ റാലിയുടെ അവസാനഘട്ടത്തിലാണ് നാളികേരോൽപന്ന വിപണി. വിഷുവും ഈസ്‌റ്ററും കഴിയുന്നതോടെ വിപണി തളർച്ചയിലേക്ക് നീങ്ങാനുള്ള സാധ്യതകൾ തെളിയുന്നു. തമിഴ്‌നാട്ടിലെ പല വൻകിട കൊപ്ര മില്ലുകളും കഴിഞ്ഞ വാരംതന്നെ സംഭരണത്തിൽ നിയന്ത്രണം വരുത്തിയെങ്കിലും അത് അവർ രഹസ്യമായി സൂക്ഷിക്കുകയാണ്. ആട്ടിയ എണ്ണ മുഴുവൻ ഉയർന്ന വിലക്ക് വിറ്റഴിക്കാനുള്ള തന്ത്രമായി അതിനെ വിലയിരുത്താം.
ഇതിനിടയിൽ വെളിച്ചെണ്ണ വില കൊച്ചിയിൽ സർവകാല റെക്കോഡ് നിരക്കായ 26,700 വരെ കയറിയശേഷം വാരാന്ത്യം 26,600ലാണ്; കൊപ്ര 17,600ലും. അടുത്തവാരത്തോടെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും നാളികേര വിളവെടുപ്പ് ഊർജിതമാകും.
*****
പാൻ മസാല വ്യവസായികൾ അടക്ക സംഭരിക്കാൻ ഉത്സാഹിച്ചത് വിലക്കയറ്റത്തിന് അവസരം ഒരുക്കി. ഏതാനും മാസങ്ങളായി തളർച്ചയിൽ നീങ്ങിയ അടക്ക വില പൊടുന്നനെ ഉയർന്നത് കണ്ട് സ്‌റ്റോക്കിസ്‌റ്റുകൾ വിൽപനയിലേക്ക് തിരിഞ്ഞു. ഇറക്കുമതി ചുരുങ്ങിയതാണ് വ്യവസായികളെ ആഭ്യന്തര വിപണിയിലേക്ക് അടുപ്പിച്ചത്.
കേന്ദ്രം വിദേശ അടക്ക ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരുത്തിയത് വിലക്കയറ്റത്തിന് വഴിതെളിച്ചു. മ്യാന്മറിലെ ഭൂകമ്പത്തിനു ശേഷം അവിടെനിന്ന് കള്ളക്കടത്തായി എത്തിയിരുന്ന അടക്ക വരവ് പൊടുന്നനെ നിലച്ചു. ബംഗ്ലാദേശ് അതിർത്തിയിൽ പരിശോധനങ്ങൾ കൂടുതൽ കർശനമാക്കിയതും കള്ളക്കടത്ത് ചരക്ക് വരവിനെ തടഞ്ഞു. കൊച്ചിയിൽ അടക്ക വില ക്വിന്റലിന് 13,000 രൂപ വർധിച്ച് 35,000ത്തിലേക്ക് ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.