പുതിയ വർഷം; പുതിയ നികുതി
text_fields2025ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ആദായനികുതിയിലെ വൻ ഇളവ് ഇക്കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലായി. അതനുസരിച്ച് 2025-26 സാമ്പത്തിക വർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് (ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം വരെ) നികുതി നൽകേണ്ടതില്ല. യഥാർഥത്തിൽ പുതിയ നികുതി ഘടനയിൽ നാലു ലക്ഷം രൂപക്ക് മുകളിൽ വരുമാനമുള്ളവർക്ക് നികുതിയുണ്ട്. പക്ഷെ, സെക്ഷൻ 87 എ പ്രകാരം കിഴിവ് നൽകുന്നതിനാൽ നികുതി ബാധ്യതവരുന്നില്ലെന്ന് മാത്രം.
അതായത് 12 ലക്ഷം രൂപ വരുമാനം ഉള്ളവർക്ക് 60,000രൂപ നികുതി വരുമെങ്കിലും ആ തുക മുഴുവൻ കിഴിവായി നൽകിയിരിക്കുകയാണ് . പുതിയ നികുതി നിരക്ക് അനുസരിച്ച് നാലു ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി ഇല്ല. (നേരത്തെ ഇത് മൂന്നു ലക്ഷമായിരുന്നു.) തുടർന്നുള്ള വരുമാനത്തിന്റെ നികുതി താഴെ പറയുന്നതുപോലെ ആണ്. മൊത്തം വരുമാനം 12 ലക്ഷം രൂപ കടന്നാൽ താഴെ പട്ടിക അനുസരിച്ച് നികുതി അടക്കണം.
പുതിയ ആദായനികുതി നിരക്കുകൾ
- 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%
- 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%
- 12 ലക്ഷം മുതൽ 16 ലക്ഷം വരെ 15%
- 16 ലക്ഷം മുതൽ 20 ലക്ഷം വരെ 20%
- 20 ലക്ഷം മുതൽ 24 ലക്ഷം വരെ 25%
- 20 ലക്ഷം മുതൽ 24 ലക്ഷം വരെ 25%
- 24 ലക്ഷത്തിനു മുകളിൽ 30%
(നികുതിയുടെ 4 ശതമാനം സെസും നൽകണം)
ശമ്പളം, പലിശ, വാടക ,ബിസിനസ് തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിനാണ് മുകളിലെ പട്ടിക ബാധകമാവുക. ഓഹരി വ്യാപാരം, മൂലധന ലാഭം, ലോട്ടറി, ക്രിപ്റ്റോ തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിന് പ്രത്യേക നികുതി നിരക്കാണ്.
ആരെല്ലാം നികുതി കൊടുക്കണം?
പ്രത്യേക നിരക്കിൽ നികുതി കൊടുക്കേണ്ട വരുമാനവും പട്ടിക നിരക്ക് പ്രകാരം നികുതി കൊടുക്കേണ്ട വരുമാനവും കൂടെ 12 ലക്ഷത്തിനു മുകളിൽ ഉണ്ടെങ്കിലും വകുപ്പ് 87 എ യുടെ ആനുകൂല്യം ലഭിക്കും. ഉദാഹരണത്തിന് ഒരാൾക്കു 15 ലക്ഷം വരുമാനമുണ്ട്. അതിൽ 10 ലക്ഷം പട്ടിക നിരക്ക് പ്രകാരം നികുതി അടേക്കണ്ടതും അഞ്ചു ലക്ഷം പ്രത്യേക നിരക്ക് ഇനങ്ങളുമാണ്. ഈ സാഹചര്യത്തിൽ പട്ടിക നിരക്ക് പ്രകാരമുള്ള 10 ലക്ഷം രൂപക്ക് വകുപ്പ് 87 എ പ്രകാരം കിഴിവ് ലഭിക്കും. ബാക്കി വരുമാനമായ അഞ്ചു ലക്ഷം രൂപക്ക് ആ വിഭാഗത്തിൽ പറഞ്ഞ നിരക്ക് പ്രകാരം നികുതിയും സെസും നൽകണം.
ബജറ്റ് നിർദേശമനുസരിച്ച് കിഴിവുകളൊന്നുമില്ലാത്ത പുതിയ നികുതി സമ്പ്രദായമാണ് സ്വമേധയാ വരിക. വിവിധ വകുപ്പുകൾ പ്രകാരമുള്ള ഇളവുകളും കിഴിവുകളും ലഭിക്കുന്ന പഴയ നികുതി സമ്പ്രദായം വേണമെന്നുള്ളവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പക്ഷെ 12 ലക്ഷം രൂപ വരെ ഒരു രേഖയും ഹാജരാക്കാതെ നികുതി ഇളവ് ലഭിക്കുമ്പോൾ പഴയ രീതി തെരഞ്ഞെടുക്കുന്നവർ കുറയുക സ്വാഭാവികം.പ്രത്യേകക തരം നിക്ഷേപകങ്ങൾക്കും മറ്റും നികുതി ഇളവ് നൽകിയിരുന്ന നയം മാറ്റി പരമാവധി പണം വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നികുതി നിരക്കുകളെന്ന് വ്യക്തം.
13 ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളയാളുടെ നികുതി ബാധ്യത
- 4 ലക്ഷം വരെ നികുതി ഇല്ല
- 4 മുതൽ 8 ലക്ഷം വരെ (5%) 20,000
- 8 ലക്ഷം മുതൽ 12 ലക്ഷം വരെ (10%) 40,000
- 12 ലക്ഷത്തിനു മുകളിൽ
- ഒരു ലക്ഷത്തിന് (15%) 15,000
- സെസ് (നാലു ശതമാനം) 3000
- ആകെ നികുതി 78,000
- നാലു ലക്ഷം കടന്നാൽ റിട്ടേൺ നൽകണം
നാലു ലക്ഷത്തിനു മുകളിൽ 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്കു സെക്ഷൻ 87എ പ്രകാരം കിഴിവ് ലഭിക്കണമെങ്കിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചു കിഴിവ് അവകാശപ്പെടണം. അതിനാൽ 12 ലക്ഷം രൂപക്ക് താഴെയാണ് വരുമാനമെങ്കിലും നാലു ലക്ഷം രൂപക്ക് മുകളിലാണെങ്കിൽ നിർബന്ധമായും ആദായനികുതി റിട്ടേൺ സമർപ്പിക്കണം. 87 എ വകുപ്പിന്റെ ആനുകൂല്യം പ്രവാസികൾക്കു ലഭിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.