ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 67,000 കോടി രൂപ; എസ്.ബി.ഐയിൽ മാത്രം 19,239 കോടി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ. 2025 ജൂൺ 30 വരെയുള്ള കണക്കുകളാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലിമെന്‍റിൽ വെളിപ്പെടുത്തിയത്. പൊതുമേഖല ബാങ്കുകളാണ് 87 ശതമാനം നിക്ഷേപവും കൈവശം വെച്ചിരിക്കുന്നത്.
ലോക്‌സഭ എം.പിയായ എം.കെ വിഷ്ണു പ്രസാദിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിവരം വെളിപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ കൈവശം വെച്ചിരിക്കുന്നത്.
19,239 കോടി രൂപയാണ് എസ്.ബി.ഐയുടെ മാത്രം കൈവശമുള്ളത്. പഞ്ചാബ് നാഷനൽ ബാങ്ക് 6,910.67 കോടി രൂപ, കാനറ ബാങ്ക് 6,278.14 കോടി, ബാങ്ക് ഓഫ് ബറോഡ 5,277.36 കോടി, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 5,104.50 കോടി എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖല ബാങ്കുകൾ.
സ്വകാര്യ ബാങ്കുകളിൽ മാത്രമായി 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്നത് ഐ.സി.ഐ.സി.ഐ ബാങ്കാണ്. 2,063.45 കോടിയുടെ നിക്ഷേപമാണ് ഐ.സി.ഐ.സി.ഐ ബാങ്കിലുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക്, 1,609 കോടി, ആക്സിസ് ബാങ്ക് 1,360 കോടി എന്നിങ്ങനെ യഥാക്രമം കൈവശം വെച്ചിട്ടുണ്ട്.
2023 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടില്‍ 62,225 കോടിയാണുണ്ടായിരുന്നത്. അതിൽ നിന്നാണ് 67,003 കോടിയായി ഉയർന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ലെവൽ ഡാറ്റ ആർ.ബി.ഐ സൂക്ഷിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
സേവിങ്സ് അക്കൗണ്ടുകളിലോ കറന്റ് അക്കൗണ്ടുകളിലോ പത്ത് വർഷമായി യാതൊരു ഇടപാടും നടന്നിട്ടില്ലെങ്കിൽ ആ അക്കൗണ്ടിലെ തുകയെ ‘അവകാശികളില്ലാത്ത നിക്ഷേപം’ ആയി കണക്കാക്കും. അക്കൗണ്ട് ഉടമ മരണപ്പെടുമ്പോഴാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ ഫണ്ടുകൾ 10 വർഷത്തെ പരിധി കഴിഞ്ഞാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പരിപാലിക്കുന്ന ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റും.
പഴയ അക്കൗണ്ടുകളിൽ പണമുണ്ടോ എന്ന് കണ്ടെത്താൻ റിസർവ് ബാങ്ക് ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ യു.ഡി.ജി.എം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്സ്- ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് എളുപ്പത്തിൽ തിരയാൻ സാധിക്കും. ഈ കണക്കുകൾ പുറത്തുവന്നതോടെ പഴയതും ഉപയോഗിക്കാത്തതുമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ സർക്കാർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
കൂടാതെ ബാങ്കുകൾ പരാതികൾ പരിഹരിക്കുന്നതിന് പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കുകയും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ രേഖകൾ സൂക്ഷിക്കുകയും അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഇടക്കിടെ അവലോകനങ്ങൾ നടത്തുകയും വേണമെന്നും ആർ.ബി.ഐ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.