Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.സി.ടി.വി ഓഫാക്കരുത്, നടപടി വിഡിയോയിൽ പകർത്തണം; ജ്വല്ലറികളിൽ ജി.എസ്.ടി പരിശോധനയുടെ പേരിൽ ഭീഷണിപ്പെടുത്തരുതെന്ന് സ്വർണവ്യാപാരികൾ

text_fields
bookmark_border
സി.സി.ടി.വി ഓഫാക്കരുത്, നടപടി വിഡിയോയിൽ പകർത്തണം; ജ്വല്ലറികളിൽ ജി.എസ്.ടി പരിശോധനയുടെ പേരിൽ ഭീഷണിപ്പെടുത്തരുതെന്ന് സ്വർണവ്യാപാരികൾ
cancel

കൊച്ചി: കേരളത്തിലെ സ്വർണവ്യാപാര മേഖലയിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകൾ ഉയരുകയാണെന്ന് സ്വർണവ്യാപാരികൾ. പരിശോധനയുടെ സമയത്ത് കടയിലെ സി.സി.ടി.വി സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയോ ദൃശ്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യരുതെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.

നികുതി വെട്ടിപ്പ് തടയുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ ആ അധികാരം നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ വിനിയോഗിക്കാവൂ. പരിശോധനയുടെ പേരിൽ വ്യാപാരികളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം അടപ്പിക്കുന്ന സമീപനം ഒരു കാരണവശാലും അംഗീകരിക്കാനാവി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ജ്വല്ലറിയിൽ പരിശോധന നടത്തുമ്പോൾ രേഖകളിലുള്ള സ്റ്റോക്കിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെത്തിയാൽ അതിന്റെ കാരണം പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. എന്നാൽ അധിക സ്റ്റോക്ക് കണ്ടെത്തി എന്ന ഒറ്റ കാരണത്താൽ വ്യാപാരി നികുതി വെട്ടിപ്പ് നടത്തിയെന്ന് തീരുമാനിക്കാനാവില്ല.

സ്വർണവ്യാപാര മേഖലയിൽ പഴയ സ്വർണത്തിന്റെ വാങ്ങൽ, എക്സ്ചേഞ്ച്, നിർമ്മാണം, ജോബ് വർക്ക്, അറ്റകുറ്റപ്പണി, വിവിധ ഇടപാടുകളുടെ രേഖപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്റ്റോക്കിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ഓരോ വ്യത്യാസത്തിന്റെയും യഥാർഥ സാഹചര്യം പരിശോധിക്കാതെ അതിനെ നികുതി വെട്ടിപ്പായി ചിത്രീകരിക്കുന്നത് നീതിയുക്തമല്ല.

അധിക സ്റ്റോക്ക് കണ്ടെത്തിയാൽ അതിന്റെ ഇനം, അളവ്, തൂക്കം, രേഖകളുമായുള്ള വ്യത്യാസം, അതിന്റെ കാരണം എന്നിവ വിശദമായി രേഖപ്പെടുത്തണം. വ്യാപാരിയുടെ വിശദീകരണവും ബന്ധപ്പെട്ട രേഖകളും പരിശോധിക്കണം. യഥാർഥത്തിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകളും നിയമപരമായ അടിസ്ഥാനവും വ്യക്തമാക്കിക്കൊണ്ട് നടപടിയെടുക്കണം. സ്റ്റോക്കിൽ അധികം സ്വർണം കണ്ടെത്തിയാൽ ഉടൻ ഒരു തുക കണക്കാക്കി നികുതി അടക്കാൻ വ്യാപാരിയെ നിർബന്ധിക്കുന്നത് നിയമപരമായ നികുതി നിർണയ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിശോധനകൾ സുതാര്യമായിരിക്കണം; സി.സി.ടി.വി ഓഫ് ചെയ്യരുത്

ജ്വല്ലറികളിലെ പരിശോധനകൾ പൂർണമായും സുതാര്യമായിരിക്കണം. പരിശോധനയുടെ സമയത്ത് കടയിലെ സി.സി.ടി.വി സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയോ ദൃശ്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യരുത്. നിലവിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണം. പരിശോധനയുടെ പ്രധാന ഘട്ടങ്ങൾ വീഡിയോയിൽ രേഖപ്പെടുത്തുകയും വേണം.

സ്റ്റോക്ക് തൂക്കുമ്പോൾ ഓരോ ഇനത്തിന്റെയും അളവും തൂക്കവും രേഖപ്പെടുത്തണം. പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തുന്ന കാര്യങ്ങൾ വ്യാപാരിയുടെ സാന്നിധ്യത്തിൽ വ്യക്തമാക്കണം. ആവശ്യമായ രേഖകൾ ശേഖരിക്കുകയും പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് വ്യാപാരിക്ക് നൽകുകയും വേണം.

പരിശോധനയിൽ വ്യാപാരികളെ മാത്രമല്ല, കടയിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കണം. നിയമപ്രകാരമുള്ള ചോദ്യങ്ങൾ ചോദിക്കാനും രേഖകൾ ആവശ്യപ്പെടാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെങ്കിലും ഭീഷണിപ്പെടുത്തി മൊഴി വാങ്ങാനോ പണം അടപ്പിക്കാനോ അധികാരമില്ല.

സ്വർണവ്യാപാര മേഖലയെ അനാവശ്യ സമ്മർദത്തിലാക്കരുത്

കേരളത്തിലെ സ്വർണവ്യാപാര മേഖലയിൽ ആയിരക്കണക്കിന് ചെറുകിട വ്യാപാരികളും ലക്ഷക്കണക്കിന് തൊഴിലാളികളും ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. നികുതി നിയമങ്ങൾ പാലിച്ച് വ്യാപാരം നടത്തുന്നവരെ അനാവശ്യ പരിശോധനകളുടെയും ഭീഷണികളുടെയും പേരിൽ ബുദ്ധിമുട്ടിക്കുന്നത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കും.

നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. എന്നാൽ നിയമം പാലിച്ച് വ്യാപാരം നടത്തുന്നവരുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. സംസ്ഥാന ജി.എസ്.ടി വകുപ്പും കേന്ദ്ര ജി.എസ്.ടി അധികൃതരും അടിയന്തരമായി ഇടപെട്ട് സ്വർണവ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. പരിശോധനയുടെ അധികാരം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കണം.

നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പ്രവർത്തിക്കണം. അധിക സ്റ്റോക്ക് കണ്ടെത്തിയാൽ അതിന്റെ കാരണം അന്വേഷിക്കണം. കുറ്റം കണ്ടെത്തിയാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകണം. നിയമപ്രകാരം നികുതി നിർണയം നടത്തണം. അല്ലാതെ പരിശോധനയുടെ പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഉടൻ പണം അടപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. നികുതി വെട്ടിപ്പ് തടയുന്നതുപോലെതന്നെ നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ അന്യായമായ നടപടികളിൽനിന്ന് സംരക്ഷിക്കുന്നതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

സ്റ്റോക്ക് കണ്ടുകെട്ടുന്നതിന് സെക്ഷൻ 67 പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കണം. ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 67(1), 67(2) എന്നിവ പരിശോധന, സെർച്ച്, കണ്ടുകെട്ടൽ എന്നിവയുമായി ബന്ധപ്പെട്ട അധികാരങ്ങൾ വ്യക്തമാക്കുന്നുണ്ട്. സെക്ഷൻ 67(2) പ്രകാരം കണ്ടുകെട്ടാവുന്ന സാധനങ്ങളോ അന്വേഷണത്തിന് ആവശ്യമായ രേഖകളോ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അധികാരപ്പെട്ട ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങളോടെ വിശ്വസിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കണം. ജോയിന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അധികാരപ്പെടുത്തലും നിയമപ്രകാരം ആവശ്യമാണ്.

സാധാരണ വ്യാപാരത്തിനായി സൂക്ഷിച്ചിരിക്കുന്ന റണ്ണിങ് സ്റ്റോക്കും നിയമപ്രകാരം കണ്ടുകെട്ടലിന് വിധേയമാകാവുന്ന സാധനങ്ങളും ഒന്നല്ല എന്നതാണ്. റണ്ണിങ് സ്റ്റോക്ക് എന്ന പേരിൽ എല്ലാ സാധനങ്ങൾക്കും പൂർണമായ ഒഴിവ് നൽകുന്ന പ്രത്യേക വ്യവസ്ഥ ജി.എസ്.ടി നിയമത്തിലില്ല. അതുപോലെ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തിയതുകൊണ്ടുമാത്രം മുഴുവൻ സ്വർണാഭരണങ്ങളും കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ അധികാരമില്ല. സെക്ഷൻ 67(2) പ്രകാരമുള്ള നിയമപരമായ കാരണങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്.

കണ്ടുകെട്ടൽ ആവശ്യമായി വരുന്ന സാഹചര്യത്തിൽ റൂൾ 139(1), (2), (5) പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർണമായി പാലിക്കണം. അധിക സ്റ്റോക്കിന്റെ പേരിൽ ഉടൻ പണം അടപ്പിക്കാൻ സമ്മർദം ചെലുത്തരുത്. ഇതാണ് നിലവിൽ സ്വർണവ്യാപാരികൾ നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം. പരിശോധനയ്ക്കിടെ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തിയാൽ ഉദ്യോഗസ്ഥർ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒരു നിശ്ചിത തുക ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. പണം അടച്ചില്ലെങ്കിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന തരത്തിൽ സമ്മർദം ചെലുത്തുന്നതും അംഗീകരിക്കാനാവില്ല.

ഇക്കാര്യത്തിൽ സി.ബി.ഐ.സി 2022 മെയ് 25-ന് പുറത്തിറക്കിയ മാർഗനിർദേശം വളരെ പ്രധാനപ്പെട്ടതാണ്. പരിശോധനയുടെയും അന്വേഷണത്തിന്റെയും സമയത്ത് ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ നികുതി തുക അടപ്പിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ഈ നിർദേശം വ്യക്തമാക്കുന്നു. വ്യാപാരിക്ക് സ്വന്തം കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ നികുതി അടയ്ക്കാം. എന്നാൽ അതിന് സമ്മർദമോ നിർബന്ധമോ ഉണ്ടാകരുത്. സ്വമേധയാ നടത്തുന്ന പണമടയ്ക്കൽ ഡി.ആർ.സി -03 വഴിയായിരിക്കണം.

അതിനാൽ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന തുക ഉടൻ അടയ്ക്കാൻ വ്യാപാരിയെ നിർബന്ധിക്കുന്നത് ഈ നിർദേശത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്. നികുതി ബാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ അതിന് വ്യക്തമായ കണക്കും നിയമപരമായ അടിസ്ഥാനവും നൽകണം. വ്യാപാരിയുടെ വിശദീകരണം പരിശോധിച്ചശേഷം നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കണം.

നോട്ടീസും ഹിയറിങ്ങും കൂടാതെ നികുതി ബാധ്യത തീരുമാനിക്കാനാവില്ല. ജി.എസ്.ടി നിയമത്തിൽ നികുതി നിർണയത്തിന് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. വ്യാപാരിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണമുണ്ടെങ്കിൽ എന്താണ് കുറ്റം, ഏത് ഇടപാടിലാണ് ക്രമക്കേട്, എത്രയാണ് നികുതി ബാധ്യത, അതിന് ആധാരമായ രേഖകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. നിയമപ്രകാരമുള്ള നോട്ടീസ് നൽകി വിശദീകരണം തേടുകയും മറുപടി പരിശോധിക്കുകയും വേണം. പരിശോധനാ സമയത്ത് തന്നെ വ്യാപാരിയെ കുറ്റക്കാരനായി പ്രഖ്യാപിച്ച് പണം അടപ്പിക്കുന്നത് ശരിയായ നടപടിക്രമമ​​ല്ലെന്നും അഡ. അബ്ദുൽനാസർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold traders raise serious concerns over GST inspections in Kerala
Next Story