Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightറെക്കോര്‍ഡ് ലാഭവുമായി...

റെക്കോര്‍ഡ് ലാഭവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍; അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാന്‍ പദ്ധതി

text_fields
bookmark_border
റെക്കോര്‍ഡ് ലാഭവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍; അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാന്‍ പദ്ധതി
cancel

അബൂദബി: വര്‍ഷം ആദ്യ പകുതിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക നേട്ടവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം വര്‍ധിച്ച് 56.8 കോടി ഡോളറിലെത്തി. ഭാവി വളര്‍ച്ച ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിലേക്ക് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റെക്കോര്‍ഡ് നേട്ടം. 2026ന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ മൊത്തലാഭം 28.9 ശതമാനം വര്‍ധിച്ച് 116 കോടി ഡോളറിലെത്തി.

പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 38.8 ശതമാനം വര്‍ധിച്ച് 78.6 കോടി ഡോളറായി. റീട്ടെയില്‍, കൊമേഴ്സ്യല്‍ ഇന്ധന മേഖലകളില്‍ ലഭിച്ച റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ സാമ്പത്തിക കുതിപ്പിന് കരുത്തേകിയത്. മൊത്തം ഇന്ധന വില്‍പ്പന റെക്കോര്‍ഡ് 775 കോടി ലിറ്ററിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 1.6 ശതമാനത്തിന്റെ വര്‍ധനവാണിത്. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 70 ശതമാനവും റീട്ടെയില്‍ ഇന്ധന വിപണിയില്‍ നിന്നാണ്.

യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ റീട്ടെയില്‍ ഇന്ധന വില്‍പ്പനയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയുണ്ടായി. യു.എ.ഇയിലും സൗദിയിലും മാത്രം 1.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിച്ചതും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നടപ്പിലാക്കിയ പദ്ധതികളുമാണ് ഇതിന് സഹായിച്ചത്. മൂന്ന് രാജ്യങ്ങളിലുമായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇന്ധന വില്‍പ്പന മൂന്ന് ശതമാനവും, യു.എ.ഇയിലും സൗദിയിലും മാത്രമായി 3.7 ശതമാനവും വര്‍ധിച്ചു.

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്റെ സര്‍വീസ് സ്റ്റേഷനുകളുടെ എണ്ണം 11 ശതമാനം വര്‍ധിച്ച് 1045 ആയി. ഇതില്‍ 569 എണ്ണം യു.എ.ഇയിലും 231 എണ്ണം സൗദി അറേബ്യയിലും 245 എണ്ണം ഈജിപ്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. യു.എ.ഇ, സൗദി, ഈജിപ്ത് വിപണികളിലെ വിജയം അടിത്തറയാക്കി പുതിയ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ 'ഷെല്‍' കമ്പനിയുടെ ഡൗണ്‍സ്ട്രീം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയായിട്ടുണ്ട്. ജൂലൈയില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് 100 കോടി ഡോളറാണ് ഇടപാടിന്റെ മൂല്യം കണക്കാക്കുന്നത്.

അംഗീകാരങ്ങള്‍ ലഭിക്കുന്നതോടെ 2027ഓടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇത് കമ്പനിയുടെ ഓഹരി ഓഹരി വരുമാനത്തില്‍ 6 ശതമാനം വര്‍ധനയുണ്ടാക്കും. ദക്ഷിണാഫ്രിക്കയില്‍ 580 സര്‍വീസ് സ്റ്റേഷനുകളുള്ള ഷെല്‍, രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശൃംഖലയാണ്. പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മറ്റ് കമ്പനികളേക്കാള്‍ 30 ശതമാനം അധികം ഇന്ധന വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്.

അഞ്ചാം വര്‍ഷത്തോടെ പ്രതിവര്‍ഷം 3 കോടി മുതല്‍ 4 കോടി ഡോളര്‍ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ പ്രതീക്ഷിക്കുന്നത്. പുതിയ വിപണികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുന്നതിനൊപ്പം ഭാവി വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി ഈ നീക്കം മാറുമെന്നും അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ചീഫ് സ്ട്രാറ്റജി, ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഓഫിസര്‍ ഉസ്മാന്‍ ബെന്‍സെറൂഗ് കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsmarketUAEADNOC Gasrecord profit
News Summary - റെക്കോര്‍ഡ് ലാഭവുമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍; അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാന്‍ പദ്ധതി
Next Story