കുടുംബബജറ്റിന്റെ താളംതെറ്റിച്ച് നാളികേര വില കുതിക്കുന്നു
text_fieldsവെള്ളറട : നാളികേര വില കുതിച്ചു കയറുന്നു. കുടുംബബജറ്റിന്റെ താളംതെറ്റുന്നതിനൊപ്പം ഹോട്ടലുകള്‍ ഉൾപ്പെടെ ഭക്ഷണനിർമാണ യൂനിറ്റുകളും പ്രതിസന്ധിയിലേക്ക്. മൂന്നുമാസം മുമ്പുവരെ കിലോക്ക് 200 രൂപയില്‍ താഴെയായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറ വില്പന വിലയും ഇപ്പോൾ 450 ലേക്ക് എത്തി.
ഇപ്പോൾ പച്ച തേങ്ങയുടെ വില കിലോക്ക് 75 രുപയും ഉണക്ക തേങ്ങ കിലോക്ക് 85 ഉം ആണ്. വെളിച്ചെണ്ണ വില ഇരട്ടിയിലധികം കടന്നതോടെ സാരമായി ബാധിച്ചത് ഹോട്ടല്‍, തട്ടുകട, കാറ്ററിങ്, പലഹാര നിര്‍മാണ മേഖലകളെയാണ്. 10 രൂപക്ക് പലഹാരങ്ങള്‍ നല്‍കിയിരുന്ന തട്ടുകടകളിൽ വിലവര്‍ധനവ് അനിവാര്യമായി കഴിഞ്ഞു. തേങ്ങാവില കുറതിച്ചതോടെ തട്ടുകടയില്‍ ദോശക്കൊപ്പം ചമ്മന്തി ഇപ്പോള്‍ കിട്ടാനില്ല. വെളിച്ചെണ്ണ, തേങ്ങ വിലകളിലെ വർധനവ് കാരണം ശരാശരി 3000 ത്തോളം രൂപ ദിവസവും അധികം കണ്ടെത്തേണ്ട സ്ഥിതിയാണ് ഹോട്ടലുടമകൾക്കുള്ളത്.
ഗ്രാമീണ മേഖലയില്‍ വ്യാപാരമാന്ദ്യം തുടരുന്നതിനാല്‍ ഭക്ഷണവില കൂട്ടുന്നത് കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് നഷ്ടം സഹിച്ച് ഭൂരിഭാഗം ചെറുകിട ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന വിലയിടിവുമൂലം തെങ്ങ് കൃഷിയോട് താല്പര്യം കുറഞ്ഞതും കെട്ടിട നിർമാണാവശ്യങ്ങൾക്ക് വന്‍തോതില്‍ തെങ്ങുകള്‍ മുറിച്ചുമാറ്റിയതും തെങ്ങിന് ഉണ്ടായ രോഗങ്ങളുമാണ് സംസ്ഥാനത്ത് നാളികേര ഉല്പാദനത്തില് വന്‍ ഇടിവിന് കാരണമായത്. തമിഴ്നാട്ടിലെ തോട്ടം ഉടമകൾ തേങ്ങക്ക് പകരം കരിക്ക് വില്പനയിലേക്ക് ചുവട് മാറ്റിയതും അവിചാരിതമായ വിലവർധനവിന് മറ്റൊരു കാരണമാണ്.
തേങ്ങ വിലക്കൊപ്പം കരിക്കിനും വില ഉയര്‍ന്നിട്ടുണ്ട്. 25 മുതല്‍ 36 രൂപക്ക് വരെ വിലയ്ക്കാണ് നേരത്തെ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കരിക്ക് എത്തിയിരുന്നത്. ഇപ്പോൾ അത് 34 മുതല്‍ 39രുപവരെ എത്തിക്കഴിഞ്ഞു. ഓണവിപണി അടുത്തതോടെ വെളിച്ചെണ്ണ വില 500 രൂപയിൽ എത്താൻ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ വിലയിരുത്തുന്നു. അസംസ്കൃത വസ്തുവായി വെളിച്ചെണ്ണ ഉപയോഗിക്കുന്ന സൗന്ദര്യ വർധക സാധനങ്ങളുടെ വിലയിലും വർധവ് കാര്യമായി പ്രതിഫലിക്കുന്നുണ്ട്.
തേങ്ങയുടെ വില നിയന്ത്രിക്കുന്നതിൽ സര്‍ക്കാര്‍ സംവിധാനം പൂർണമായി പരാജയപ്പെട്ട അവസ്ഥയാണ്. സാധാരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും നടുവൊടിക്കുന്ന രീതിയിലാണ് തേങ്ങവില കുതിച്ചു കയറുന്നത്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുത്ത ഓണത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.