വിപണിയിൽ പൂമണം
text_fieldsസമൃദ്ധിയുടെ പൂക്കാലമായ ചിങ്ങമാസത്തിലെ ഓണത്തെ വരവേൽക്കാന്‍ പൂവിപണി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ വലിയ പ്രതീക്ഷയാണ് കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും. അത്തംമുതല്‍ പൊന്നോണം വരെയുള്ള ദിവസങ്ങളില്‍ പൂവിടുന്നതിനായി അന്തർസംസ്ഥാന പൂക്കളെയാണ് മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത്.
കര്‍ണാടകയിലെ ബംഗളൂരു, ഹോസൂര്‍, തമിഴ്നാട്ടിലെ നിലക്കോട്ട, സേലം, ദിണ്ടിഗല്‍, മധുര, തേനി, കോയമ്പത്തൂര്‍, സത്യമംഗലം, ഗുണ്ടല്‍പേട്ട് തുടങ്ങി പ്രദേശങ്ങളില്‍നിന്നാണ് പ്രധാനമായും പൂക്കൾ എത്തുന്നത്. ചെണ്ടുമല്ലി, മുല്ല, അരളി, ജമന്തി, റോസ്, ജറപറ, വാടാമല്ലി, ചെത്തി, തുളസി, താമര തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ വിൽപനക്ക് എത്തുന്നുണ്ട്. ആവശ്യക്കാർ ഏറിയതോടെ എല്ലായിനം പൂക്കളുടെയും വിലയും വർധിച്ചുതുടങ്ങി.
അത്തം മുതൽ തിരുവോണംവരെ പൂവില കുത്തനെ ഉയരും. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചെണ്ടുമല്ലി കിലോക്ക് (മഞ്ഞ, ഓറഞ്ച്) 120 മുതൽ 200 രൂപ വരെ വിലവരും. മുല്ലപ്പൂവ് മുഴത്തിന് 70 മുതൽ 180 വരെയാണ്.
റോസ് ഇതളുകൾ, വെള്ള-മഞ്ഞ ജമന്തികൾ, അരളി, ചെത്തി എന്നിവക്കും വിലയിൽ കാര്യമായി കുറവില്ല. കാലവസ്ഥവ്യതിയാനംമൂലം പൂക്കളുടെ വരവ് കുറഞ്ഞതാണ് വിലവർധനക്ക് കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു.
മഴയായാലും വെയിലായാലും പ്രതീക്ഷയുടെ പുതുനാമ്പ് ഉണര്‍ത്തുന്ന ഓണാഘോഷങ്ങള്‍ക്ക് മോടികൂട്ടാൻ പൂവും പൂക്കളങ്ങളും ഒഴിച്ചുകൂടാനാവാത്തതാണ്.
ഈറ്റകൊണ്ട് നിർമിച്ച പൂക്കൂടകളുമായി പാടത്തും പറമ്പിലും പൂവ് പറിക്കാൻ മത്സരിച്ച് ഓടിനടന്ന ഓണക്കാലങ്ങൾ അന്യമായി തുടങ്ങിയതോടെയാണ് പൂക്കളം ഒരുക്കാൻ മലയാളി മറുനാടൻ പൂക്കളെ ആശ്രയിച്ച് തുടങ്ങിയത്. കാക്കപ്പൂവും മുക്കുറ്റിയും കൊങ്ങിണിപ്പൂവും കോളാമ്പിയും ചെമ്പരത്തിയും ഉൾപ്പെടെ ഇപ്പോൾ കണികാണാൻ കിട്ടാത്ത അവസ്ഥയായി. കേരളത്തിൽ വേരുറപ്പിച്ച അന്തർസംസ്ഥാന പൂക്കച്ചവടക്കാർ അവസരം ശരിക്കും മുതലെടുക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.