പൊന്നേ... ഇതെന്തുപോക്കാ!
text_fieldsസ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത് കണ്ട് സാധാരണക്കാരും സമ്പന്നരും ഒന്നുപോലെ നെഞ്ചിൽ കൈവെച്ച് ‘എന്‍റെ പൊന്നേ’ എന്ന് നിലവിളിച്ചുപോകുന്നു. പണ്ടൊക്കെ പത്തും ഇരുപതും വർഷംകൊണ്ടാണ് പവന് ആയിരവും രണ്ടായിരവും കൂടിയിരുന്നതെങ്കിൽ പതിനായിരങ്ങൾ കൂടാൻ ആഴ്ചകളുടെ കാത്തിരിപ്പ് മതി.
ഇന്ന് ഏറ്റവും മൂല്യവത്തായ നിക്ഷേപം സ്വർണമാണെന്ന് പറയാം. സ്വർണം കേവലം ആഭരണമല്ല, എക്കാലത്തേക്കുമുള്ള സമ്പാദ്യംകൂടിയാണ്. നാൾക്കുനാൾ മൂല്യം കൂടുന്നതിനാൽ സ്വർണം എന്ത് വിലക്ക് വാങ്ങിയാലും നഷ്ടമില്ലെന്നത് പൊതുവെ അംഗീകരിക്കുന്ന യാഥാർഥ്യമാണ്.
ഈ മാസം ഒമ്പതിന് ചരിത്രത്തിലാദ്യമായി ഗ്രാം വില 10,000വും പവൻ വില 80,000വും കടന്നു. ഒറ്റയടിക്ക് ഗ്രാമിന് 125 രൂപയും പവന് ആയിരം രൂപയും വർധിച്ചപ്പോഴാണ് വിലയിൽ യഥാക്രമം 10,110 രൂപയും 80,880 രൂപയും എന്ന റെക്കോഡ് പിറന്നത്. ഇതോടെ ഒരു കിലോ 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് 1.15 കോടി കടന്നു. ആഗസ്റ്റ് 22ന് ഗ്രാമിന് 9215 രൂപയും പവന് 73,720 രൂപയും ആയിരുന്നു. 19 ദിവസത്തിനിടെ മാത്രം യഥാക്രമം 895 രൂപയും 7160 രൂപയുമാണ് വർധിച്ചത്.
2022 ഡിസംബർ 29ന് ഗ്രാമിന് 5005 രൂപ, പവന് 40,040 രൂപ എന്ന നിലയിലായിരുന്നു വില. അന്ന് രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.10 ഗ്രാം) സ്വർണത്തിന് 1811 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.84ഉം ആയിരുന്നു. ഇപ്പോൾ രാജ്യാന്തര വിപണിയിൽ വില 3600 ഡോളറിന് മുകളിലാണ്.
വിലക്കുതിപ്പിന് ശരവേഗം
കാൽനൂറ്റാണ്ടിനിടെ പവന് വർധിച്ചത് 77,828 രൂപയാണ്. 2000ത്തിൽ പവന് 3212 രൂപയും 2005ൽ 4550 രൂപയുമായിരുന്നു. ഈ അഞ്ച് വർഷംകൊണ്ട് ഗ്രാമിന് 167.25 രൂപയും പവന് 1338 രൂപയുമാണ് വർധിച്ചത്. എന്നാൽ, 2020നും 2025നും ഇടയിലുള്ള അഞ്ച് വർഷത്തിൽ വർധിച്ചതാകട്ടെ യഥാക്രമം 5022.50 രൂപയും 40,180 രൂപയും.
2005 ഒക്ടോബറിൽ 5000 രൂപ കടന്ന പവൻ വില 25,000 രൂപ വർധിച്ച് 30,000ത്തിൽ എത്താൻ 2020 ജനുവരി വരെ കാത്തിരിക്കേണ്ടിവന്നു. എന്നാൽ, അതിന് ശേഷം പവൻ വില അര ലക്ഷത്തിലധികം വർധിക്കാൻ അഞ്ചര വർഷമേ വേണ്ടിവന്നുള്ളൂ. 2000 മുതൽ 2020 വരെയുള്ള 20 വർഷംകൊണ്ട് പവന് കൂടിയത് 28,788 രൂപയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം വർധിച്ചതാകട്ടെ 27,600 രൂപ. ഇൗ വർഷം ജനുവരി ഒന്നിന് ഗ്രാമിന് 7,150 രൂപയും പവന് 57,200 രൂപയും ആയിരുന്നു. വെറും എട്ടര മാസംകൊണ്ട് യഥാക്രമം മൂവായിരം രൂപയോളവും 24,000 രൂപയോളവും വർധിച്ചു.
എന്തുകൊണ്ട് ?
സ്വർണവില എന്തുകൊണ്ട് ഇങ്ങനെ കൂടുന്നു? രാജ്യാന്തര വിപണിയിലെ വിലയുടെ കയറ്റിറക്കങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. രാജ്യങ്ങൾ തമ്മിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സംഘർഷങ്ങൾ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച, അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങൾ...അങ്ങനെ സ്വർണവിലക്ക് പൊൻതിളക്കം നൽകുന്ന ഘടകങ്ങൾ പലതാണ്.
അടുത്തിടെ വില കുതിച്ചുകയറാനുണ്ടായ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് യു.എസ് തീരുവ നയമാണ്. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ ഇറക്കുമതി ചെലവ് കൂടിയതും ആഭ്യന്തര വിപണിയിൽ വില ഉയർത്തി. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറക്കുമെന്ന റിപ്പോർട്ടുകളും വിവിധ രാജ്യങ്ങളിലെ സംഘർഷാന്തരീക്ഷം ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപം എന്ന വിലയിൽ സ്വർണത്തിന്‍റെ പെരുമ വർധിപ്പിച്ചു.
ഈ മാസം ചേരുന്ന ഫെഡറൽ റിസർവ് യോഗം പലിശനിരക്ക് അര ശതമാനം കുറക്കുമെന്ന് സൂചനയുണ്ട്. അങ്ങനെവന്നാൽ അമേരിക്കൻ ബാങ്കുകളിലെയും യു.എസ് സർക്കാറിന്‍റെ കടപ്പത്രങ്ങളിലെയും നിക്ഷേപങ്ങളിൽനിന്നുള്ള ആദായം കുറയും. ഇത് മുൻകൂട്ടിക്കണ്ട് വൻകിട നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ വില പിടിത്തം വിടുകയായിരുന്നു. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും സ്വർണം വിറ്റൊഴിയാൻ മടിക്കുന്നതും വില കൂടാൻ കാരണമാണ്.
അമേരിക്കയിൽ പുതിയ തൊഴിൽ അവസരങ്ങൾ കുറഞ്ഞതും സ്വർണത്തിൽ പണമിറക്കാൻ നിക്ഷേപകർക്ക് പ്രേരണയായി. വരുംദിവസങ്ങളിൽ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 4000 ഡോളറിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ മറ്റു സാഹചര്യങ്ങളും സ്വർണത്തിന് അനുകൂലമാണ്. ഇത് പരിഗണിക്കുമ്പോൾ വർധന തുടരുമെന്നും പവൻ വില വൈകാതെ ഒരു ലക്ഷത്തിൽ എത്തിയേക്കാമെന്നും പ്രവചനമുണ്ട്.
കേരളവും സ്വർണ വിപണിയും
രാജ്യാന്തര വിപണിയിലെ വിലക്ക് പുറമെ മുംബൈ വിപണി വില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക്, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്ത് ഓരോ സംസ്ഥാനത്തും സ്വർണ വ്യാപാരികളുടെ സംഘടനയാണ് വില തീരുമാനിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) നിശ്ചയിക്കുന്ന വിലയാണ് സംസ്ഥാനത്ത് ഭൂരിഭാഗം വ്യാപാരികളും പിന്തുടരുന്നത്.
കേരളത്തിലെ ജനങ്ങളുടെ കൈവശം 2000 ടണിലധികം സ്വർണം ഉള്ളതായാണ് കണക്ക്. സംസ്ഥാനത്ത് 15 ലക്ഷം കുടുംബങ്ങൾ ആഭരണ നിർമാണ മേഖലയെ ആശ്രിച്ച് ജീവിക്കുന്നുണ്ട്. ഓണം മുതലുള്ള ആറ് മാസമാണ് സ്വർണ വിൽപനയിൽ കേരളത്തിലെ ഏറ്റവും വലിയ സീസൺ. പകുതിയിൽ കൂടുതൽ വ്യാപാരവും ഈ വിവാഹ സീസണിലാണ്. ഒരു വർഷം ഒന്നേകാൽ ലക്ഷം കോടി രൂപയുടെ വിൽപന നടക്കുന്നതായി വ്യാപാരികൾ പറയുന്നു.
നിലവിലെ വിലക്കയറ്റംമൂലം 35 മുതൽ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞിട്ടുണ്ട്. ദിവസവും വില കൂടുന്നതിനാൽ കുറയാൻ ഉപഭോക്താക്കൾ കാത്തിരിക്കുന്നില്ല. മുൻകൂറായി ബുക്ക് ചെയ്യുന്ന പ്രവണതയും കൂടിവരുകയാണ്.
മുമ്പ് 10, 25, 50 പവൻ എന്ന കണക്കിലാണ് ഉപഭോക്താക്കൾ സ്വർണം വാങ്ങിയിരുന്നത്. ഇപ്പോൾ ഇത് മാറ്റി 10 ലക്ഷം രൂപക്ക്, 25 ലക്ഷത്തിന്, 50 ലക്ഷത്തിന് എന്ന രീതിയിലായിട്ടുണ്ട്. വിലക്കയറ്റത്തിന്‍റെ മറ്റൊരു അനന്തരഫലം തൂക്കവും കാരറ്റും കുറഞ്ഞ ആഭരണങ്ങൾക്കും വെള്ളിക്കും പ്രിയമേറി എന്നതാണ്.
ഒരു ഗ്രാം മാലക്കും അര ഗ്രാം മോതിരത്തിനും ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. ഈ വർഷം ജനുവരി ഒന്നിന് ഒരു ഗ്രാം വെള്ളിക്ക് 93 രൂപയായിരുന്നത് ഇപ്പോൾ 135 രൂപ കടന്നു. എങ്കിലും വെള്ളി ആഭരണ വിൽപന കൂടുകയാണ്. 91.67 ശതമാനമാണ് 22 കാരറ്റ് സ്വർണത്തിന്‍റെ പരിശുദ്ധി. 18 കാരറ്റിന്‍റേത് 75 ശതമാനവും. വില കൂടിയതോടെ ആവശ്യക്കാർക്ക് 18 കാരറ്റാണെങ്കിലും മതി എന്നായിട്ടുണ്ട്. 18 കാരറ്റിന് ജനുവരി ഒന്നിന് 5905 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 8300ന് മുകളിലാണെന്നും ഓർക്കണം.
പവൻ വില പോയ വർഷങ്ങളിൽ
(രൂപയിൽ)
1925: 13.75
1940: 26.77
1950: 72.75
1970: 135.30
1980: 975
1995: 3432
2000: 3212
2010: 12,280
2015: 19,760
2020: 32,000
2023: 44,000
2024: 50, 000
സ്വർണ വിലയിലെ നാഴികക്കല്ലുകൾ
(ബ്രാക്കറ്റിൽ പവൻ വില)
2005 ഒക്ടോബർ 10 5000 (5040)
2008 ഒക്ടോബർ 9 10,000 (10,200)
2010 നവംബർ 8 15,000 (15,000)
2011 ആഗസ്റ്റ് 19 20,000 (20,520)
2019 ഫെബ്രുവരി 20 25,000 (25,160)
2020 ജനുവരി 6 30,000 (30,200)
2020 മേയ് 18 35,000 (35,040)
2020 ജൂലൈ 31 40,000 (40,000)
2023 ഏപ്രിൽ 5 45,000 (45,000)
2024 മാർച്ച് 29 50,000 (50,400)
2024 മേയ് 20 55,000 (55,120)
2025 ജനുവരി 21 60,000 (60,200)
2025 മാർച്ച് 14 65,000 (65,840)
2025 ഏപ്രിൽ 12 70,000 (70,160)
2025 ആഗസ്റ്റ് 6 75,000 (75,040)
2025 സെപ്റ്റംബർ 9 80,000 (80,880)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.