സ്വർണവില ലക്ഷത്തിലേക്ക് ?; വിലയിൽ ഇന്നും വൻ വർധന
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2200 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 74,320 രൂപയായി ഉയർന്നു. ഗ്രാമിന് 275 രൂപയുടെ വർധനയുണ്ടായി. ഗ്രാമിന്റെ വില 9290 രൂപയായാണ് ഉയർന്നത്. ലോക വിപണിയിലും സ്വർണവിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സ്വർണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3400 ഡോളറും കടന്ന് കുതിക്കുകയാണ്. 2.7 ശതമാനം നേട്ടത്തോടെ സ്പോട്ട് ഗോൾഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയർന്നത്.
അതേസമയം, യു.എസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ ചെയർമാനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചതിന് ഓഹരി വിപണിയും ഡോളർ ഇൻഡക്സും ഇടിഞ്ഞിരുന്നു. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറക്കാത്തതാണ് ട്രംപിനെ ചൊടുപ്പിച്ചത്. തുടർന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വളരെ മന്ദഗതിയിലാണ് അദ്ദേഹം ഏർപ്പെടുന്നതെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ പലിശനിരക്ക് കുറച്ചില്ലെങ്കിൽ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്നും കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
പവലിനെ കുറിച്ചുള്ള പരാമർശവും മാന്ദ്യമുണ്ടാകാനുള്ള സാഹചര്യവും യു.എസ് ഓഹരി വിപണിൽ കനത്ത വിൽപന സമ്മർദം ഉടലെടുക്കുന്നതിന് കാരണമായിരുന്നു. എസ്&പി 500 2.4 ശതമാനമാണ് ഇടിഞ്ഞത്. ഈ വർഷം മാത്രം 12 ശതമാനം നഷ്ടം എസ്&പി 500 ഇടിഞ്ഞത്.
ഡൗ ജോൺസ് 2.5 ശതമാനം ഇടിഞ്ഞു. ഈ വർഷം 10 ശതമാനം ഇടിവാണ് ഉണ്ടായത്. നാസ്ഡാക്ക് 2.5 ശതമാനമാണ് ഇടിഞ്ഞത്. ജനുവരിക്ക് ശേഷം നാസ്ഡാക്കിൽ 18 ശതമാനം ഇടിവുണ്ടായി.ഡോളർ ഇൻഡക്സിൽ 2022ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്. യു.എസ് സർക്കാറിന്റെ കടത്തിൻമേലുള്ള പലിശനിരക്കുകളുംഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ വിലയും ഉയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.