പ്രതിഷേധം കനത്തു; മിനിമം ബാലൻസ് 50,000 രൂപയാക്കിയ തീരുമാനം പിൻവലിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്
text_fieldsകൊച്ചി: സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ശരാശരി മിനിമം ബാലൻസ് തുക കുത്തനെ വർധിപ്പിച്ച നടപടി തിരുത്തി ഐ.സി.ഐ.സി.ഐ ബാങ്ക്. മെട്രോ നഗരങ്ങളിൽ ഈ മാസം ഒന്നു മുതൽ തുടങ്ങുന്ന അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തിയത് 15,000 രൂപയാക്കി.
അർധ നഗരങ്ങളിൽ 25,000 രൂപയാക്കിയത് 7500 ആയും ഗ്രാമങ്ങളിൽ 10,000 എന്നത് 2500 രൂപയായും കുറച്ചു.
മിനിമം ബാലൻസ് വൻതോതിൽ ഉയർത്തിയ ബാങ്കിന്‍റെ നടപടി ഉപഭോക്താക്കളുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം, മിനിമം ബാലൻസ് തുക നിശ്ചയിക്കാനുള്ള ബാങ്കുകളുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ല എന്ന നിലപാടാണ് റിസർവ് ബാങ്ക് സ്വീകരിച്ചത്.
ഉപഭോക്താക്കളുടെ പ്രതികരണം പരിഗണിച്ചാണ് വർധിപ്പിച്ച തുകയിൽ മാറ്റം വരുത്തുന്നത് എന്നാണ് ബാങ്കിന്‍റെ വിശദീകരണം. എന്നാൽ, ജൂലൈ 31 വരെ ഉണ്ടായിരുന്ന മിനിമം ബാലൻസ് തുകയിലേക്ക് തിരിച്ചു പോകാൻ ബാങ്ക് തയാറായിട്ടില്ല. പൊതുമേഖലാ ബാങ്കുകൾ ഏതാണ്ട് എല്ലാം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഈടാക്കൽ അവസാനിപ്പിക്കുമ്പോഴാണ് ഐ.സി.ഐ.സി.ഐ ഉപഭോക്താക്കളെയും ബാങ്കിങ് മേഖലയെ തന്നെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞദിവസം വൻ വർധനവ് പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.