രണ്ട് മാസത്തിനിടെ ഉയർന്നത് 38 ശതമാനം; ഈ ഓഹരിയിൽ നിക്ഷേപിച്ചവർക്ക് വൻ നേട്ടം
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവിലയിൽ രണ്ട് മാസത്തിനിടെയുണ്ടായത് വൻ വർധന. രണ്ട് മാസം കൊണ്ട് റിലയൻസ് ഓഹരിവില 38 ശതമാനം ഉയർന്നു. 2025 ഏപ്രിലിൽ റിലയൻസ് ഓഹരി വില ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. ഓഹരിയൊന്നിന് 1,115 രൂപയായാണ് വില ഇടിഞ്ഞത്.
പിന്നീടുള്ള രണ്ട് മാസത്തിൽ റിലയൻസ് ഓഹരി വില കുതിക്കുകയായിരുന്നു. ജൂലൈ ആദ്യവാരമാകുമ്പോഴേക്കും 1534 രൂപയിലേക്ക് റിലയൻസ് ഓഹരി വിലയെത്തി. 4.6 ശതമാനത്തിന്റെ കൂടി നേട്ടം റിലയൻസ് ഓഹരിക്കുണ്ടായാൽ കമ്പനിയുടെ ഓഹരികൾ റെക്കോഡ് ഉയരത്തിലേക്ക് എത്തും. 1608 രൂപയാണ് റിലയൻസ് ഓഹരിയുടെ റെക്കോഡ്.
വിവിധ റേറ്റിങ് ഏജൻസികൾ റിലയൻസിന്റെ ഓഹരിക്ക് ഇനിയും വില വർധനവുണ്ടാവുമെന്നാണ് പ്രവചിക്കുന്നത്. മോർഗൻ സ്റ്റാൻലി അഞ്ച് ശതമാനം ഉയർച്ചയോടെ വരും ദിവസങ്ങളിൽ റിലയൻസ് ഓഹരി 1617 രൂപയിലേക്ക് എത്തുമെന്നാണ് പ്രവചനം. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ നുവാമ റിലയൻസിന്റെ ഓഹരി വിലയിൽ 17 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് പ്രവചിക്കുന്നത്. 1800 രൂപയിലേക്ക് ഓഹരി വിലയെത്തുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനയുണ്ടായി. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയാണ് വർധിച്ചത്. പവന്റെ വില 400 രൂപയും ഉയർന്നു. 72,480 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,334 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 3,344.20 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക്. യു.എസ് ചുമത്തുന്ന തീരുവയാകും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്താൻ ഡോണൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. യു.എസുമായി കരാറിലെത്താൻ ആഗസ്റ്റ് ഒന്ന് വരെയാണ് ട്രംപ് മറ്റ് രാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന സമയപരിധി. ഇതിനുള്ളിൽ വിവിധ രാജ്യങ്ങളും യു.എസും തമ്മിൽ കരാറിലെത്തിയില്ലെങ്കിൽ അത് സ്വർണവിലയിലും പ്രതിഫലിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.