കൊപ്ര വില സർവകാല റെക്കോഡിൽ; കുരുമുളകിന് ക്ഷാമം
text_fieldsവെളിച്ചെണ്ണ വില വീണ്ടും ചൂടുപിടിച്ചതോടെ വൻകിട വ്യവസായികൾ പച്ചതേങ്ങ സംഭരണം ഊർജിതമാക്കി. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് വെളിച്ചെണ്ണ ചുവടുവെച്ചതിനൊപ്പം തേങ്ങയും കൊപ്രയും മത്സരിച്ച് ശേഖരിക്കാൻ മില്ലുകാർ ദക്ഷിണേന്ത്യൻ വിപണികളിൽ തമ്പടിച്ചു. കടുത്ത നാളികേര ക്ഷാമം കണ്ട് മില്ലുകാർ വില അടിക്കടി ഉയർത്തിയത് കൊപ്രയെ സർവകാല റെക്കോർഡിലെത്തിച്ചു.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും നാളികേരത്തിന് നല്ല ഡിമാൻറ്റുണ്ട്. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും ഒരു വർഷ കാലയളവിൽ ദക്ഷിണേന്ത്യൻ കാലാവസ്ഥയിലുണ്ടായ മാറ്റം നാളികേര മേഖലയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. കഴിഞ്ഞ വർഷം കനത്ത പകൽ ചൂടിൽ വ്യാപകമായതോതിൽ മച്ചിങ്ങ പൊഴിഞ്ഞത് ഫലത്തിൽ നാളികേര ഉൽപാദനത്തിൽ വൻ ഇടിവാണ് ഉണ്ടാക്കിയത്. നിലവിലെ ചരക്ക് ക്ഷാമത്തിൽനിന്ന് രക്ഷനേടാൻ മാസങ്ങൾതന്നെ വേണ്ടിവരുമെന്ന സൂചനയാണ് കർഷകരിൽനിന്നും ലഭ്യമാവുന്നത്.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുത്തനെ ഉയർത്തിയതിനാൽ പാം ഓയിൽ അടക്കമുള്ള പാചകയെണ്ണകളുടെ ഇറക്കുമതി ഗണ്യമായി ചുരുങ്ങിയതും വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം ഉയർത്തി. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് റെക്കോഡ് വിലയായ 27,400 രൂപയിലും കൊപ്ര 18,300 രൂപയിലുമാണ് വാരാന്ത്യം. ഇന്ത്യയിൽമാത്രമല്ല, അന്താരാഷ്‌ട്ര വിപണിയിലും വെളിച്ചെണ്ണ വില ഉയർന്നു.
*** ******
ഇന്ത്യൻ കുരുമുളക് റെക്കോഡ് പ്രകടനങ്ങൾക്കു ശേഷം കാഴ്‌ചവെച്ച സാങ്കേതിക തിരുത്തൽ പൂർത്തിയാക്കി. കഴിഞ്ഞ മാസം കുരുമുളക് തിളക്കമാർന്ന പ്രകടനം നടത്തിയതിനിടയിൽ ഒരു വിഭാഗം വ്യവസായികൾ നേരത്തേ ഇറക്കുമതി നടത്തിയ വിദേശ ചരക്ക് വിറ്റഴിക്കാൻ നടത്തിയ അണിയറ നീക്കങ്ങൾ വിപണിയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. മുന്നാഴ്‌ചയായി കനത്ത വിലതകർച്ചയിൽ നീങ്ങിയത് കർഷകരെയും വൻകിട, ചെറുകിട സ്‌റ്റോക്കിസ്‌റ്റുകളെയും സമ്മർദത്തിലാക്കിയതോടെ കാർഷിക മേഖല വിൽപ്പന നിയന്ത്രിച്ചത് വാരാവസാനം ചെറുകിട വിപണികളിൽ ചരക്ക് ക്ഷാമത്തിന് ഇടയാക്കി.
ഇതിനിടയിൽ വിപണിയിലെ സാങ്കേതിക തിരുത്തൽ അവസാനിച്ചതായി വേണം വിലയിരുത്താൻ. മുന്നിലുള്ള രണ്ടാഴ്‌ചകളിൽ വിപണിയിൽ വരവ് ചുരുങ്ങിയാൽ വില വീണ്ടും മികവ് കാണിക്കും.
അന്താരാഷ്‌ട്ര വിപണിയിൽ വിയറ്റ്‌നാം പുതിയ ചരക്ക് കയറ്റുമതിക്ക് ഒരുക്കി. ഓഫ് സീസണിലെ ഉയർന്ന വില ഉറപ്പു വരുത്താമെന്ന നിഗമനത്തിൽ ബ്രസീലും ഇന്തോനേഷ്യയും മത്സരിക്കുന്നുണ്ട്. മലേഷ്യയും ശ്രീലങ്കയും കരുതൽ ശേഖരം ഉയർന്ന വിലയ്‌ക്ക് വിറ്റുമാറാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ മുളക് വില ടണ്ണിന് 8400 ഡോളറിലാണ് (7,18,820 രൂപ). കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് ക്വിൻറ്റലിന് 70,500 രൂപ.
*** ******
കാലവർഷത്തിന്റെ വരവ് മുന്നിൽ കണ്ട് കർഷകർ കൈവശമുള്ള ഏലക്ക വിറ്റുമാറാൻ തിടുക്കം കാണിക്കുന്നു. ജൂൺ രണ്ടാം പകുതിയിൽ പല ഭാഗങ്ങളിലും വിളവെടുപ്പിന് തുടക്കം കുറിക്കാനാവുമെന്നാണ് ഉൽപാദരുടെ കണക്കുകൂട്ടൽ. അറബ് രാജ്യങ്ങൾ ബക്രീദ് ആവശ്യങ്ങൾ മുന്നിൽ കണ്ട് ഏലക്ക സംഭരണം ശക്തമാക്കി. വലുപ്പം കൂടിയിനങ്ങൾ കിലോ 3000 രൂപയിലും ശരാശരി ഇനങ്ങൾ 2400 രൂപയിലുമാണ്.
*** ******
താരീഫ് വിഷയത്തിൽ അമേരിക്കയും ചൈനയും ധാരണയിലായതോടെ രാജ്യാന്തര റബർ അവധി വ്യാപാരത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധതിരിഞ്ഞു. അനുകൂല റിപ്പോർട്ടുകൾ ജപ്പാൻ, സിംഗപ്പൂർ, ചൈനീസ് റബർ വിലകൾ ഉയർത്തി. എട്ടു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിന് ഇത് അവസരം ഒരുക്കി. സംസ്ഥാനത്തെ വിപണികളിൽ റബർ വരവ് കുറഞ്ഞ അളവിലെങ്കിലും കാലവർഷത്തിന്റെ വരവ് കണക്കിലെടുത്താൽ ടയർ വ്യവസായികൾ വില ഉയർത്തുന്നതിൽനിന്നും പിന്തിരിയാം. വേനൽ മഴയും പ്രീ മൺസൂൺ മഴയും തോട്ടം മേഖലക്ക് അനുകൂലമാണ്. നാലാം ഗ്രേഡ് റബർ 19,700 രൂപയിൽ വിപണനം നടന്നു, ലാറ്റക്‌സ് 13,400 രൂപയിലുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.