Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightറബറിന് വിലങ്ങായി മഴ;...

റബറിന് വിലങ്ങായി മഴ; വിലയിൽ തളർന്ന് വെളിച്ചെണ്ണ

text_fields
bookmark_border
റബറിന് വിലങ്ങായി മഴ; വിലയിൽ തളർന്ന് വെളിച്ചെണ്ണ
cancel

ചിങ്ങം ആദ്യ പകുതിയിലും കർഷകരുടെ പ്രതീക്ഷക്കൊത്ത്‌ റബർ വെട്ടിന്‌ അവസരം ലഭിച്ചില്ല. മഴ ശക്തമായതോടെ പുലർച്ച ടാപ്പിങ്ങിന് ഇറങ്ങാനാവാതെ ഉൽപാദകർ തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നു. കാലവർഷത്തിന്റെ വരവിനിടയിൽ പല ആവർത്തി റബർ ടാപ്പിങ്ങിന്‌ കർഷകർ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടെങ്കിലും ആഗസ്‌റ്റ്‌ രണ്ടാം പകുതിമുതൽ കാലാവസ്ഥയിൽ കാര്യമായ മാറ്റം കർഷകർ കണക്കുകൂട്ടി. എന്നാൽ, പെടുന്നനെ അനുഭവപ്പെട്ട ന്യൂനമർദ ഫലമായുണ്ടായ മഴ റബർ ഉൽപാദനരംഗത്തെ തിരിച്ചുവരവിന്‌ തടസ്സമായി.

മഴ മാറാത്ത സാഹചര്യത്തിൽ ഓണാഘോഷങ്ങൾക്ക്‌ ശേഷം മാത്രമേ ഇനി ടാപ്പിങ്ങിന്‌ അവസരം ഒത്തുവരൂ. റബറിന്‌ അൽപം മെച്ചപ്പെട്ട വില ടയർ നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്ന സന്ദർഭത്തിൽ ടാപ്പിങ് മുടങ്ങിയ നിരാശയിലാണ്‌ കർഷകർ. ഇതര ഉൽപാദന രാജ്യങ്ങളിലും മഴ വില്ലനായി മാറിയത്‌ ആഗോളതലത്തിൽ ഉൽപാദനം കുറയാൻ ഇടയാക്കി.

സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ 19,100 രൂപയിലാണ്‌. ജൂലൈയിൽ 21,400 വരെ ഉയർന്നതാണ്. കഴിഞ്ഞ വർഷം വില തകർച്ചക്ക് തടയിടാൻ ചരക്ക്‌ പിടിച്ച്‌ വിപണിയെ ഉയർത്തിയ അതേ തന്ത്രം ഉൽപാദകർ വീണ്ടും പരീക്ഷിക്കാനുള്ള സാധ്യതകൾ തെളിയുന്നു. ബാങ്കോക്കിൽ റബർ വില 18,600 രൂപയിലാണ്‌.

● ● ● ● ● ● ●

നാളികേരോൽപന്നങ്ങളുടെ വിലയിൽ മാറ്റമില്ല. ഓണ ഡിമാൻറ്റിൽ വെളിച്ചെണ്ണ വിപണിക്ക്‌ ഒപ്പം കൊപ്രയിലും തിരിച്ചുവരവ്‌ പ്രതീക്ഷിച്ച ഇടനിലക്കാർ സമ്മർദത്തിലാണ്‌. വിപണിയിലെ മാന്ദ്യം കണ്ട്‌ വൻകിടക്കാൻ ഓണം അടുത്തതോടെ സ്‌റ്റോക്ക്‌ വിറ്റുമാറുന്നുണ്ട്‌. കേരളത്തിൽനിന്ന് വൻ ഓർഡറുകൾ തമിഴ്‌നാട്ടിലെ മില്ലുകാർ പ്രതീക്ഷിച്ചെങ്കിലും വെളിച്ചെണ്ണയുടെ ഉയർന്ന വില വിൽപനയെ ബാധിച്ചതായാണ്‌ ചെറുകിട വിപണികളിൽനിന്നുള്ള വിവരം. കൊച്ചി ടെർമിനൽ മാർക്കറ്റിൽ വെളിച്ചെണ്ണ വില ക്വിന്റലിന്‌ 36,800 രൂപയിലും കൊപ്ര 21,900 രൂപയിലുമാണ്. കാങ്കയത്ത്‌ 21,300ൽ കൊപ്രയുടെ ഇടപാടുകൾ നടന്നു. സംസ്ഥാന സർക്കാർ താഴ്‌ന്ന വിലക്ക് എണ്ണ വിൽപനക്ക് ഇറക്കുമെന്ന പ്രഖ്യാപനം ഒരുവിഭാഗം ഊഹക്കച്ചവടക്കാരെ രംഗത്തുനിന്ന് പിന്നാക്കം വലിച്ചു. ശബരി വെളിച്ചെണ്ണ 339 രൂപക്കാണ് വിൽക്കുന്നത്.

● ● ● ● ● ● ●

കുരുമുളക്‌ വരവ് ടെർമിനൽ മാർക്കറ്റിൽ ചുരുങ്ങിയതിനാൽ വാങ്ങലുകാർ വില നിത്യേനെ 200 രൂപ വീതം ഉയർത്തി. പിന്നിട്ടവാരം ക്വിന്റലിന്‌ 1200 രൂപ വർധിച്ച്‌ അൺ ഗാർബിൾഡ്‌ 68,800 രൂപയായി. ഉത്തരേന്ത്യൻ വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും അവരുടെ പ്രതീക്ഷക്കൊത്ത്‌ ചരക്ക്‌ വരവില്ല. ദീപാവലിവരെയുള്ള കാലയളവിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ്‌ അവർ മുളക്‌ ശേഖരിക്കുന്നത്‌. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 8300 ഡോളറായി. ഇതര ഉൽപാദന രാജ്യങ്ങളും നിരക്ക്‌ ഉയർത്തുന്നുണ്ട്‌.

● ● ● ● ● ● ●

ഉത്സവകാല വിൽപന മുന്നിൽ കണ്ട്‌ വ്യവസായികളും കയറ്റുമതിക്കാരും മികച്ചയിനം ജാതിക്കയിൽ താൽപര്യം കാണിച്ചു. ഉണക്ക്‌ കൂടിയ ഇനങ്ങൾക്ക്‌ ആകർഷകമായ വില ഉറപ്പുവരുത്താൻ സ്‌റ്റോക്കിസ്‌റ്റുകൾക്കായി. ഹൈറേഞ്ച്‌ ജാതിക്ക പരിപ്പ്‌ കിലോ 620 രൂപവരെയും ജാതിക്ക തൊണ്ടൻ 350 രൂപയിലുമാണ്‌ ഇടപാടുകൾ പുരോഗമിക്കുന്നത്‌. ഇന്തോനേഷ്യയിൽനിന്നുള്ള ഇറക്കുമതി ചുരുങ്ങിയതും മികച്ച ജാതിക്കയുടെ ലഭ്യതക്കുറവും വ്യവസായികളെ അസ്വസ്ഥരാക്കുന്നു. കാലടി വിപണിയിൽ ജാതിക്ക തൊണ്ടൻ കിലോ 300 രൂപയിലും ജാതിപരിപ്പ്‌ 600 രൂപയിലുമാണ്‌.

● ● ● ● ● ● ●

ആഭരണ വിപണികളിൽ സ്വർണത്തിന്‌ തങ്കത്തിളക്കം. പവൻ 74,520 രൂപയിൽനിന്ന് 75,760 ലെ മുൻ റെക്കോഡ്‌ തകർത്ത്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 76,960 രൂപയിൽ ശനിയാഴ്‌ച വിപണനം നടന്നു. ഇതോടെ ഒരു ഗ്രാം സ്വർണവില 9620 രൂപയിലെത്തി. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസിന്‌ 3446 ഡോളർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricerubber priceMarket news
News Summary - Market price analysis of different items including rubber
Next Story