കർഷകർക്ക് തിരിച്ചടി; കുരുമുളക് വിലക്ക് വിപണിയുടെ മൂക്കുകയർ
text_fieldsകൃത്രിമ പൂട്ടിൽ നിന്നും ഇന്ത്യൻ കുരുമുളക് വിപണി രക്ഷനേടാൻ വാരാന്ത്യം ശ്രമം നടത്തി. ഉത്തരേന്ത്യൻ ലോബി കഴിഞ്ഞ മാസം മധ്യത്തിലാണ് കുരുമുളക് വിലക്കയറ്റത്തിന് തുരങ്കംവെച്ച് ഉൽപാദകന് ഉയർന്ന വിലയ്ക്കുള്ള അവസരം നിഷേധിച്ചത്. ജൂലൈ മധ്യത്തിനു ശേഷം ഉൽപന്ന വില ഉയരാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും വിപണിയിലെ വൻശക്തികൾ തന്ത്രപരമായി തടയുകയായിരുന്നു.
നടപ്പുവർഷം ഉൽപാദനം കുറവായതിനാൽ വില ഉയരുമെന്ന നിലപാടിൽ ഹൈറേഞ്ചിലെയും വയനാട്ടിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് പിടിക്കുന്നുണ്ട്. ഇതുമൂലം കൊച്ചി ടെർമിനൽ മാർക്കറ്റിൽ ചരക്കുവരവ് വാരമധ്യം കേവലം 11 ടണ്ണായി ചുരുങ്ങി. എന്നിട്ടും വില ഉയർത്താതെ മുളക് ചരക്ക് സംഭരിക്കുന്ന തന്ത്രമാണ് വാങ്ങലുകാർ പ്രയോഗിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8000 ഡോളറാണ്. മലബാർ മുളകിന് വിദേശ ഓർഡറുകൾ നിലവിൽ കുറവാണ്. ഇതര ഉൽപാദന രാജ്യങ്ങൾ നമ്മുടെ നിരക്കിലും വളരെ താഴ്ന്ന വിലയ്ക്ക് മുളക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയിലെ ഒരു വിഭാഗം വ്യവസായികൾ വിദേശ ചരക്ക് ഇറക്കുമതി ശ്രമം നടത്തുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 66,500 രൂപയിൽ നിന്ന് ശനിയാഴ്ച 66,600 രൂപയായി കയറി.
*** ******
റബറിന് കനത്ത തിരിച്ചടി നേരിട്ടു. കേരളത്തിൽ റബർ ടാപ്പിങ് സീസണിന് തുടക്കം കുറിച്ച് രണ്ടു മാസം പിന്നിടുമ്പോഴും മഴ ഷീറ്റ് ഉൽപാദനത്തിന് തടസ്സമായി. മുൻവാരത്തിൽ കിലോ 213 രൂപ വരെ ഉയർന്ന നാലാം ഗ്രേഡ് വാരാന്ത്യം 202 ലേക്ക് ഇടിഞ്ഞു. കാലാവസ്ഥ അൽപം തെളിഞ്ഞാൽ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട് ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് ഉൽപാദന മേഖല. അന്താരാഷ്ട്ര മാർക്കറ്റിൽ മൂന്ന് മാസങ്ങളിലെ ഉയർന്ന നിലവാരത്തിലാണ് റബറിന്റെ ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. പക്ഷേ, പെടുന്നനെ റബറിന് വിലത്തകർച്ച സംഭവിച്ചു.
മുൻനിര ഉൽപാദന രാജ്യങ്ങളിൽ നിലനിന്ന മഴക്ക് ശമനം കണ്ട സാഹചര്യത്തിൽ റബർ ടാപ്പിങ്ങിലേക്ക് കർഷകരുടെ ശ്രദ്ധ തിരിയുമെന്നാണ് തായ്ലാൻഡിൽ നിന്നുള്ള വിവരം. ജപ്പാൻ എക്സ്ചേഞ്ചിൽ കിലോ 334 യെന്നിൽ നിന്നും റബർ കൂടുതൽ കരുത്ത് നേടുമെന്ന സൂചനകൾക്കിടയിലാണ് കാറ്റ് മാറി വീശിയത്.
ചൈനീസ് ടയർ വ്യവസായികൾ റബർ സംഭരണം കുറച്ചതും അമേരിക്ക വിവിധ രാജ്യങ്ങൾക്ക് ഉയർന്ന നികുതി അടിച്ചേൽപ്പിച്ചതും റബർ വിപണിയെ പിടിച്ചുലച്ചു. വാരാന്ത്യം ജപ്പാനിൽ റബർ വില കിലോ 312 യെന്നിലേക്ക് ഇടിഞ്ഞു. ബാങ്കോക്കിൽ റബർ വില കിലോ 16 രൂപ ഇടിഞ്ഞ് വാരാന്ത്യം 180 രൂപയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.