ഓഹരി വിപണിയിൽ വൻ കുതിപ്പ്; നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസ മുന്നേറ്റം
text_fieldsമുംബൈ: എല്ലാം ഒത്തുവന്നപ്പോൾ ഇന്ത്യൻ ഓഹരി വിപണിക്ക് തിങ്കളാഴ്ച സ്വപ്നതുല്യ മുന്നേറ്റം. ഇന്ത്യ -പാക് വെടിനിർത്തൽ, യു.എസ്- ചൈന വാണിജ്യ ധാരണ എന്നീ ശുഭവാർത്തകളുടെ കരുത്തിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസ മുന്നേറ്റത്തിനാണ് ഇന്ത്യൻ വിപണി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്.
സെൻസെക്സ് 2975.43 പോയന്റ് (3.74ശതമാനം) മുന്നേറി 82,429.90ത്തിലും നിഫ്റ്റി 916.70 പോയന്റ് (3.82 ശതമാനം) കുതിച്ച് 24,924.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഴുമാസത്തിലെ ഉയർന്ന നിലയാണിത്. ഒറ്റ ദിവസം നിക്ഷേപ മൂല്യത്തിൽ 16.15 ലക്ഷം കോടി രൂപയുടെ ഉയർച്ചയാണുണ്ടായത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 3545 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 576 കമ്പനികൾക്ക് മാത്രമാണ് നഷ്ടം നേരിട്ടത്.
അവയിൽ ഭൂരിഭാഗത്തിനും ചെറിയ നഷ്ടമേയുള്ളൂ. 133 കമ്പനികളുടെ ഓഹരി വിലയിൽ മാറ്റമുണ്ടായില്ല. ഇന്ത്യയുമായുള്ള സംഘർഷം അവസാനിച്ചത് പാകിസ്താൻ ഓഹരി വിപണിക്കും കരുത്തായി. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക തിങ്കളാഴ്ച ഒമ്പത് ശതമാനമാണ് ഉയർന്നത്. മരുന്നുവിലയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം കാരണം ഇടിവോടെ തുടങ്ങിയ ഫാർമ സെക്ടർ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ മുന്നേറിയ പ്രതിരോധ കമ്പനി ഓഹരികളിലും ലാഭമെടുപ്പ് കാണാനായി. ഐ.ടി, ലോഹം, റിയാലിറ്റി, ടെക്, ബാങ്കിങ്, എഫ്.എം.സി.ജി, ഊർജം, വ്യവസായം തുടങ്ങി ബാക്കി എല്ലാ സെക്ടറുകളിലും വൻ മുന്നേറ്റമാണുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.