Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകാലവർഷം റബർ മേഖലക്ക്...

കാലവർഷം റബർ മേഖലക്ക് ഉണർവാകും

text_fields
bookmark_border
Rubber sector
cancel

സംസ്ഥാനത്ത്‌ ജനുവരിക്കുശേഷം സ്‌തംഭിച്ച റബർ ടാപ്പിങ്‌ കാലവർഷം കടന്നുവന്ന സാഹചര്യത്തിൽ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദന മേഖല. ഒട്ടുമിക്ക ഭാഗങ്ങളിലും ചെറുകിട കർഷകർ മരങ്ങളിൽ മഴ മറ ഒരുക്കി പ്രതികൂല കാലാവസ്ഥയിലും റബർ വെട്ടുമായി മുന്നേറാനുള്ള തയാറെടുപ്പിലാണ്‌.

എന്നാൽ, വൻകിട തോട്ടങ്ങൾ പലതും നിശ്ചലാവസ്ഥയിലും. കനത്ത സാമ്പത്തിക ബാധ്യത വരുന്ന റെയിൻ ഗാർഡ്‌ ഘടിപ്പിക്കലിൽ നിന്ന് തോട്ടങ്ങൾ അകന്ന്‌ നിൽക്കുന്നു. നിലവിലെ ഉയർന്ന കൂലിച്ചെലവുകളും റബർ വില ഉയർത്തുന്ന കാര്യത്തിൽ ടയർ കമ്പനികൾ പുലർത്തുന്ന തണുപ്പൻ നിലപാടുമെല്ലാം രാജ്യത്ത്‌ റബർ ഉൽപാദനം ഉയരുന്നതിന്‌ തടസ്സമായി മാറുന്നു.

രാജ്യത്തെ മുൻനിര ടയർ കമ്പനികളെല്ലാം കോടികളുടെ ലാഭം ഓരോ വർഷവും വാരിക്കൂട്ടുമ്പോഴും റബർ ഉൽപാദകന്‌ ന്യായവില ഉറപ്പുവരുത്താനുള്ള അവസരം ടയർ ലോബി ബോധപൂർവം നിഷേധിക്കുകയാണ്‌. കൊച്ചിയിലും കോട്ടയത്തും മലബാർ മേഖലയിലെയും വിപണികളിൽ ഏതാനും മാസങ്ങളാണ്‌ കാര്യമായി ഷീറ്റും ലാറ്റക്‌സും വിൽപനക്ക്‌ ഇറങ്ങുന്നില്ല.

വ്യവസായികൾ സംഘടിതരായി നിരക്ക്‌ താഴ്‌ത്തി ക്വട്ടേഷൻ ഇറക്കുന്നത്‌ തന്നെയാണ്‌ വൻകിട തോട്ടങ്ങൾ പലതും റബറിനെ ഉപേക്ഷിച്ച്‌ മറ്റ്‌ വിളകളിലേക്ക്‌ തിരിയാൻ കാരണമായത്‌.

ഏതാനും ആഴ്‌ചകളായി നാലാം ഗ്രേഡ്‌ റബർ 195 രൂപക്ക്‌ മുകളിലാണ്‌ നീങ്ങുന്നതെങ്കിലും നിരക്ക്‌ കടുത്ത ഷീറ്റ്‌ ക്ഷാമത്തിനിടയിലും 200ലേക്ക്‌ കയറിയിട്ടില്ല. വാരാന്ത്യം നിരക്ക്‌ 199 രൂപയിലാണ്‌. കാലവർഷം പടിവാതിൽക്കൽ എത്തിയതോടെയാണ്‌ നിരക്ക്‌ ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിക്കുന്നത്‌.

കാർഷിക മേഖല ഈ അവസരത്തിൽ മരങ്ങളിൽ മഴ മറ ഒരുക്കിയില്ലെങ്കിൽ ആഭ്യന്തര ഉൽപാദനം ഗണ്യമായി കുറയുമെന്ന ഭീതിയും വ്യവസായികളിലുണ്ട്‌. പുതിയ സാഹചര്യത്തിൽ കർഷകരെ തോട്ടങ്ങളിലേക്ക്‌ അടുപ്പിക്കണമെങ്കിൽ 200-210ലേക്ക്‌ വില ഉയർത്തേണ്ടിവരുമെന്ന അവസ്ഥയാണ്‌.

അഞ്ചാം ഗ്രേഡ്‌ 195 രൂപയിലും ലാറ്റക്‌സ്‌ 137 രൂപയിലും വ്യാപാരം നടന്നു. മുഖ്യ റബർ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നിരക്ക്‌ 201 രൂപയിലാണ്‌.

*********

പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വില കിലോ 350 രൂപയും കടന്ന്‌ കത്തിക്കയറി. നാളികേര ഉൽപാദകർക്ക്‌ ഉയർന്ന വില അനിവാര്യമെങ്കിലും കൊപ്രയും വെളിച്ചെണ്ണയും പുതിയ തലങ്ങളിലേക്ക്‌ ചുവടുവെക്കുന്ന സാഹചര്യത്തിൽ സബ്‌സിഡി നിരക്കിൽ എണ്ണ പൊതു വിതരണ കേന്ദ്രങ്ങൾ വഴി ജനങ്ങളിലേക്ക്‌ എത്തികേണ്ട ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്‌.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോ 160 രൂപ മാത്രമായിരുന്ന വെളിച്ചെണ്ണ നിലവിൽ ഇരട്ടിയിലേറെ ഉയർന്നു. കൊച്ചിയിൽ പിന്നിട്ടവാരം ക്വിൻറലിന്‌ 1600 രൂപ ഉയർന്ന്‌ 29,000 രൂപയായി. കൊപ്രയും റെക്കോഡ്‌ പ്രകടനത്തിലൂടെ 19,300 ലേക്ക്‌ കയറി.

*********

ഇന്ത്യൻ കാപ്പിക്ക്‌ വിദേശത്ത്‌ പ്രിയമേറി. ഏപ്രിലിൽ കാപ്പി കയറ്റുമതി വരുമാനത്തിൽ 48 ശതമാനം വർധന രേഖപ്പെടുത്തി. 2029.5 ലക്ഷം ഡോളർ വിലമതിക്കുന്ന 35,259 ടൺ കാപ്പിയാണ്‌ ദക്ഷിണേന്ത്യയിൽ നിന്ന് കടൽ കടന്നത്. ഈ വർഷം ഇതിനകം 1.54 ലക്ഷം ടൺ കാപ്പി കയറ്റുമതി നടത്തി.

വയനാടൻ കാപ്പി പരിപ്പ്‌ ക്വിൻറലിന്‌ 43,000 രൂപയിലും ഉണ്ടക്കാപ്പി 54 കിലോ 12,800 രൂപയിലുമാണ്‌. പിന്നിട്ട പത്ത് വർഷത്തിനിടയിൽ കാപ്പി കയറ്റുമതി വരുമാനം ഇരട്ടിയായി ഉയർന്നു. പതിവിലും നേരത്തെ മഴ മേഘങ്ങളെത്തിയത്‌ കാർഷിക മേഖലക്ക്‌ നേട്ടമാവും.

മികച്ച വേനൽ മഴ പല ഭാഗങ്ങളിലും കുരുമുളക്‌ കൊടികളിൽ തിരികളിടാൻ അവസരം ഒരുക്കിയിരുന്നു. കാലവർഷം അനുകൂലമായാൽ മെച്ചപ്പെട്ട വിളവ്‌ അടുത്ത സീസണിൽ പ്രതീക്ഷിക്കാം. അതേസമയം വിപണിയിൽ കുരുമുളക്‌ അൽപം തളർച്ചയിലാണ്‌.

അന്തർ സംസ്ഥാന വാങ്ങലുകാർ ചരക്ക്‌ സംഭരണത്തിൽ വരുത്തിയ നിയന്ത്രണം വിലയെ ബാധിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 67,400 രൂപയിൽ വാരാന്ത്യ ക്ലോസിങ്‌ നടന്നു.

*********

ഏലത്തിന്‌ എല്ലാ മേഖലകളിൽ നിന്നും അന്വേഷണങ്ങൾ നിലവിലുണ്ട്‌. സീസൺ ആരംഭത്തിന്‌ മുന്നേ സ്‌റ്റോക്കുള്ള ഏലക്ക വിറ്റുമാറാനുള്ള നീക്കത്തിലാണ്‌ ഒരു വിഭാഗം. ബക്രീദ്‌ അടുത്തതിനാൽ ഉത്തരേന്ത്യക്കാർ പരമാവധി ചരക്ക്‌ വാങ്ങാൻ ഉത്സാഹിച്ചത്‌ ലേല കേന്ദ്രങ്ങളെ സജീവമാക്കി.

ഉൽപാദന മേഖലകളിലെ മികച്ച കാലാവസ്ഥ അടുത്ത വിളവ്‌ ഉയർത്താൻ ഇടയുണ്ട്‌. ഇതിനിടയിൽ ഹൈറേഞ്ചിലെ ചില ഭാഗങ്ങളിൽ വ്യാപകമായ തോതിൽ ഒച്ച്‌ ശല്യം അനുഭവപ്പെട്ടത്‌ കർഷകർക്ക്‌ തിരിച്ചടിയായി.

*********

സ്വർണ വിലയിലെ ചാഞ്ചാട്ടം വിട്ടുമാറിയില്ല. ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങൾ ഫണ്ടുകളെ മഞ്ഞലോഹത്തിലേക്ക്‌ അടുപ്പിച്ചു. സ്വർണ വില ട്രോയ്‌ ഔൺസിന്‌ 3215 ഡോളറിൽ നിന്നും 3357 ഡോളർ വരെ ഉയർത്തി. കേരളത്തിൽ പവൻ വില 69,760 രൂപയിൽ നിന്നും 71,920 രൂപയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonRubber sectorKerala News
News Summary - Monsoon season is help to rubber sector
Next Story