ബിരിയാണി അരിക്ക് വില കുതിക്കുന്നു; കയ്മ അരിക്ക് വില180-200
text_fieldsകൊല്ലം: ബിരിയാണി അരിക്ക് വില കുതിക്കുന്നു. പ്രത്യേകിച്ച് ഏറെ ഡിമാന്റുള്ള കയ്മ അരിയുടെ വിലയാണ് ഇരട്ടിയായി ഉയർന്നത്. കഴിഞ്ഞ മൂന്ന് മാസമായി കയ്മ അരിയുടെ വില അടിക്കടി ഉയർന്നു വരികയാണ്. മികച്ച ഗുണമേന്മയുള്ള കയ്മ അരിക്ക് 180-200 രൂപ നിരക്കിലെത്തി.
പൊതു വിപണിയിൽ 100-120 രൂപയിൽ വിൽപന നടത്തിയിരുന്ന അരിയാണ് ഇത്ര അധികം ഉയർന്നത്. ഹോട്ടലുകളിൽ കയ്മ അരി സാധാരണയായി ഉപയോഗം കുറവാണങ്കിലും മലബാർ മേഖലയിലും തെക്കൻ ജില്ലകളിലും വിവാഹവിരുന്നിൽ കാറ്ററിംഗ് മേഖലയിലുള്ളവർ ഈ അരിയാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് മട്ടൻ ബിരിയാണിക്ക് ഉത്തമം കയ്മ ആണന്നാണ് പാചകമേഖലയിലുള്ളവർ ചൂണ്ടികാട്ടുന്നത്.
കയ്മക്ക് വിലകയറിയതിനാൽ പൊതുവെ വിലക്കുറവുള്ള കോല, ബസുമതി ഇനങ്ങൾക്കും ഡിമാൻഡും വിലയും കൂടിയതായി കൊല്ലത്തെ പ്രമുഖ ബിരിയാണി അരി മൊത്ത വ്യാപാരി അൻഷീർ പറഞ്ഞു. ഏറ്റവും വില കുറഞ്ഞ ഇനത്തിന് നിലവിൽ 80 രൂപ മുതലാണ് നിരക്ക്. നീളം കൂടിയ ബസ്മതി അരിക്ക് മൊത്തവില 115 രൂപയായി. കോല അരിക്ക് 90 മുതൽ 100 രൂപ വരെയായി.
150 -160 രൂപ നിരക്കിലും വിവിധ ഇനം കയ്മ അരികൾ വിപണിയിലുണ്ട്. ബംഗാളിലെ ബർധമാനിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കയ്മ അരി എത്തുന്നത്. പ്രകൃതി ക്ഷോഭം മൂലം അരി ഉൽപാദനം കുറയുകയും അതോടൊപ്പം കയറ്റുമതി വർധിച്ചതുമാണ് വില ഉയരാനുള്ള പ്രധാന കാരണം.
ഹരിയാന , പഞ്ചാബ്, ആന്ധ്ര,കശ്മീർ, എന്നിവിടങ്ങളിൽനിന്നാണ് ബസ്മതി, കോല ഇനം അരികൾ അധികവും എത്തുന്നത്. കയറ്റുമതി കൂടിയതും വൻകിടക്കാർ അരി ശേഖരിച്ചുവച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് കൊല്ലത്തെ വ്യാപാരികൾ പറയുന്നു. കയ്മ അരിയാക്കി മാറ്റി രണ്ട് വർഷം വരെ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാർഥ രുചി ലഭിക്കുന്നത്. ക്ഷാമവും വില കൂടുതലും കാരണം വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിൽ എത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുന്നതായും പാചക വിദഗ്ദർ പറയുന്നു.
വെളിച്ചെണ്ണ വില വർധനയ്ക്കൊപ്പം ബിരിയാണി അരിയുടെ വിലയും കൂടിയതോടെ ഹോട്ടലുകളും കേറ്ററിങ് മേഖലകളിലുള്ളവരും പ്രതിസന്ധിയിലാണ്. ആട്, പോത്ത് ഇറച്ചികൾക്കും വില കൂടി. ഓൺലൈനിൽ ഓഫറുകൾ നൽകിയുള്ള ബിരിയാണി വിൽപന പല ഹോട്ടലുകളും അവസാനിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.