പൊന്നിനേക്കാൾ തിളങ്ങി വെള്ളി; വില രണ്ട് ലക്ഷം കടന്നു
text_fieldsമുംബൈ: വിപണിയിൽ പൊന്നിനേക്കാൾ തിളങ്ങി പാവപ്പെട്ടവന്റെ സ്വർണം എന്നറിയപ്പെടുന്ന വെള്ളി. ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില പുതിയ റെക്കോഡ് കുറിച്ചു. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനേക്കാൾ ഭൗതിക രൂപത്തിലുള്ള വെള്ളിയുടെ ക്ഷാമമാണ് വില കുതിച്ചുയരാൻ കാരണം.
രാജ്യത്തെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സിൽവർ ഫ്യൂച്ച്വർസ് വില കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ കടന്നു. സിൽവർ ഫ്യൂച്ചേർസ് വില ഔൺസിന് 64.20 ഡോളറാണ് രേഖപ്പെടുത്തിയത്. മാർച്ചിലാണ് സിൽവർ ഫ്യൂച്ചേർസ് വ്യാപാരത്തിന്റെ കാലാവധി അവസാനിക്കുന്നത്.
ഭാവിയിലെ ഒരു തീയതിയിൽ നിശ്ചിത വിലക്ക് വെള്ളി വാങ്ങാനോ വിൽക്കാനോ ഉള്ള കരാറുകളാണ് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ സിൽവർ ഫ്യൂച്ച്വർസ്. അതേസമയം, ആഭ്യന്തര വിപണിയിൽ വെള്ളിയുടെ സ്പോട്ട് വില കിലോ ഗ്രാമിന് 1,95,180 രൂപയാണ്.
വില സർവകാല റെക്കോഡ് തിരുത്തിയതോടെ ഈ വർഷം നിക്ഷേപകർക്ക് വെള്ളി 120 ശതമാനം ലാഭം നൽകി. 1979ന് ശേഷം ആദ്യമായാണ് വെള്ളി 100 ശതമാനത്തിലേറെ റിട്ടേൺ നൽകുന്നത്.
കഴിഞ്ഞ വർഷം 20 ശതമാനത്തിലേറെ റിട്ടേൺ നൽകിയിരുന്നു. സ്വർണം ഈ വർഷം നിക്ഷേപകർക്ക് നൽകിയത് 64 ശതമാനം മാത്രം ലാഭമാണ്. ആഭ്യന്തര വിപണിയിൽ 25 ശതമാനം വളർച്ചയാണ് ഒരു മാസത്തിനിടെ വെള്ളി വിലയിലുണ്ടായത്.
നിരവധി വർഷത്തെ ഇടവേളക്ക് ശേഷം വെള്ളി പുതിയ റാലിക്ക് തുടക്കം കുറിച്ചതായി ആക്സിസ് ബാങ്കിന്റെ നിക്ഷേപ പ്ലാറ്റ്ഫോമായ ആക്സിസ് ഡയറക്ട് അറിയിച്ചു. 50 ഡോളർ എന്ന പ്രതിരോധം തകർത്താണ് ഒരു ഔൺസ് വെള്ളിയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64 ഡോളറിലേക്ക് കടന്നതെന്നും ആക്സിസ് ഡയറക്ട് വ്യക്തമാക്കി.
സ്വർണത്തിന്റെ വില വർധന പ്രധാനമായും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണെങ്കിൽ വെള്ളിയുടെ ഡിമാൻഡിന് കാരണം വ്യാവസായിക പ്രാധാന്യമാണ്. സോളാർ മേഖലയിലും വൈദ്യുതി വാഹനങ്ങളുടെ നിർമാണത്തിലും എ.ഐയുടെയും മൊബൈൽ ഫോണുകളുടെയുമൊക്കെ രംഗത്ത് വെള്ളി അത്യാവശ്യ ഘടകമാണ്. ഡിമാൻഡ് കൂടുമ്പോഴും ഉൽപാദനം പരിമിതമായി തുടരുന്നതാണ് വെള്ളിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.
ഭൗതിക രൂപത്തിലുള്ള വെള്ളിയുടെ ക്ഷാമം തുടരുമെന്നാണ് ഫ്യൂച്ചേർസ് വ്യാപാരത്തിലെ വിലക്കയറ്റം നൽകുന്ന സൂചന. ഇതു തുടർച്ചയായ അഞ്ചാം വർഷമാണ് അന്താരാഷ്ട്ര വിപണിയിൽ ഫിസിക്കൽ വെള്ളിക്ക് ക്ഷാമം നേരിടുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം നിലവിൽ 125 ദശലക്ഷം ഔൺസ് അതായത് 3,515 മെട്രിക് ടൺ വെള്ളിയുടെ കുറവാണുള്ളത്. വെള്ളി കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ക്ഷാമം കൂടുതൽ രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

