റബർ വിലയിടിവ് തടയാൻ ടാപ്പിങ് നിർത്തി തായ്‍ലൻഡ്
text_fieldsഏഷ്യൻ റബർ കർഷകർക്ക് താങ്ങ് പകരുകയെന്ന ലക്ഷ്യത്തോടെ തായ്‌ലൻഡ് ഭരണകൂടം റബർ ടാപ്പിങ് താൽക്കാലികമായി നിർത്താൻ ഉൽപാദകരോട് അഭ്യർഥിച്ചു. അമേരിക്ക ഉയർത്തിയ താരിഫ് ഭീഷണികൾ മൂലം ഇറക്കുമതി രാജ്യങ്ങൾ വിപണിയിൽ നിന്ന് പിൻവലിഞ്ഞ സാഹചര്യത്തിൽ ടാപ്പിങ് നിർത്തുന്നത് തന്നെയാണ് ഏറ്റവും മികച്ച ചുവടുവെപ്പ്. തായ് ഭരണകൂടത്തിന്റെ നിർദേശം ലക്ഷക്കണക്കിനു വരുന്ന അവിടത്തെ കർഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചതായാണ് വിവരം. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്നതും ഏറ്റവും കൂടുതൽ റബർ കയറ്റുമതി നടത്തുന്നതും തായ്‌ലൻഡാണ്.
ഒരു മാസം അവിടെ റബർ വെട്ട് നിർത്തിയാൽ ഏകദേശം അഞ്ച് ലക്ഷം ടൺ റബർ വിപണിയിലേക്ക് പ്രവഹിക്കുന്നത് ഒറ്റയടിക്ക് പിടിച്ചു നിർത്താനാവും. വർഷങ്ങൾക്ക് മുമ്പേ റബർ വില ഇടിവിൽ നിന്നും കർഷകരെ രക്ഷിക്കാൻ സ്‌റ്റോക്ക് കത്തിച്ച ചരിത്രവും ബാങ്കോക്കിനുണ്ട്. പുതിയ നീക്കത്തെ തുടർന്ന് റബർ വില കിലോ 199 രൂപയിൽ നിന്നും 209 വരെ ഉയർന്ന് ഇടപാടുകൾ നടന്നു.
ആഗോള ഉൽപാദകർക്ക് താങ്ങുപകരുന്ന ഈ നീക്കത്തിന് പക്ഷേ പിന്തുണ നൽകാൻ ഇതര റബർ ഉൽപാദക രാജ്യങ്ങൾ തയാറായില്ല. ഇന്തോനേഷ്യയും മലേഷ്യയും ഇക്കാര്യത്തിൽ നിശ്ശബ്‌ദത പാലിച്ചത് അവസരമാക്കി ടയർ ലോബി തന്ത്രപരമായി രംഗത്തുനിന്നും അകന്നു. കേരളത്തിലെ പ്രമുഖ വിപണികളിൽ ഷീറ്റ് വില ഉയരുമെന്ന് കർഷകർ കണക്കുകൂട്ടിയെങ്കിലും ടയർ ലോബി കൊച്ചിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് കിലോ 197ൽ നിന്നും 195ലേക്ക് താഴ്‌ത്തി. കാലവർഷത്തിന് തുടക്കം കുറിക്കുന്നതോടെ പുതിയ ഷീറ്റ് വരവിന് തുടക്കം കുറിക്കുമെന്ന നിലപാടിലാണ് അവർ വില ഉയർത്തി ഷീറ്റ് സംഭരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നത്.
*********
രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിലെ വെളിച്ചെണ്ണ ക്ഷാമം ആഭ്യന്തര വില വീണ്ടും ഉയർത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര വിളവെടുപ്പ് പുരോഗമിക്കുമ്പോഴും പച്ചത്തേങ്ങ, കൊപ്ര ലഭ്യത തമിഴ്‌നാട്, ആന്ധ്ര, കർണാടക വിപണികളിൽ ശക്തമല്ല. പ്രതികൂല കാലാവസ്ഥ മൂലം വിവിധ സംസ്ഥാനങ്ങളിൽ വിളവ് ചുരുങ്ങിയെന്നാണ് കർഷകരിൽ നിന്നും ലഭ്യമാവുന്ന വിവരം. കാങ്കയം, പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി തുടങ്ങിയ മേഖലകളിൽ പച്ചത്തേങ്ങ കിലോ 52 രൂപയിലും കൊപ്ര 176 രൂപയിലുമാണ്. കാങ്കയത്ത് വെളിച്ചെണ്ണ 253 രൂപ. ഇതിനിടയിൽ കൊച്ചിയിൽ വെളിച്ചെണ്ണ ക്വിൻറലിന് 300 രൂപ വർധിച്ച് 26,700 രൂപയായി. കൊപ്ര 17,900 രൂപയിലും കൈമാറ്റം നടന്നു.
*********
കുരുമുളകിനെ ബാധിച്ച വിലയിടിവ് തുടരുന്നു. റെക്കോഡ് പ്രകടനങ്ങൾക്ക് ശേഷമുള്ള സാങ്കേതിക തിരുത്തലിലാണ് ഉൽപന്നമെങ്കിലും പുതിയ വാങ്ങലുകാരുടെ അഭാവം മൂലം തകർച്ച തടയാനായില്ല. കാർഷിക മേഖലകളിൽ നിന്നുള്ള നാടൻ ചരക്കുവരവ് കൊച്ചിയിൽ കുറവാണെങ്കിലും വിദേശ ചരക്കുമായി കലർത്തി മധ്യവർത്തികൾ വിൽപനയ്‌ക്ക് എത്തിക്കുന്നു. വൻ ലാഭം തന്നെയാണ് അവരെ ഇറക്കുമതി ചരക്കുമായി കലർത്തി വിൽപനക്ക് ഇറക്കുന്നതിലൂടെ കൈക്കലാക്കുന്നത്. ശ്രീലങ്ക വഴി എത്തിച്ച വിയറ്റ്‌നാം ചരക്കാണ് നമ്മുടെ മുളകിൽ കലർത്തി നാടൻ എന്ന വ്യാജേന വിറ്റഴിക്കുന്നത്.
അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8600 ഡോളറും ശ്രീലങ്കൻ നിരക്ക് 7300 ഡോളറുമാണ്. ഇതിലും ഏറെ താഴ്‌ന്ന വിലക്ക് ലഭിക്കുന്ന വിയറ്റ്‌നാം ചരക്കാണ് വ്യവസായികൾ ഇറക്കുമതി നടത്തിയിട്ടുള്ളത്. ഇതിനിടയിൽ വെയർഹൗസിൽ കെട്ടിക്കിടക്കുന്ന കാലപ്പഴക്കം വന്ന കുരുമുളകും ചില കേന്ദ്രങ്ങൾ വിൽപനക്ക് ഇറക്കിയെന്ന് വിപണി വൃത്തങ്ങൾ. ഇത് വിപണിയെ കൂടുതൽ സമ്മർദത്തിലാക്കി.
കാലവർഷത്തിനുമുമ്പേ ആവശ്യമായ നാടൻ കുരുമുളക് കേരളത്തിൽ നിന്നും ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തരേന്ത്യയിലെ ഒരു വിഭാഗം വ്യവസായികൾ. ജലാംശം കുറഞ്ഞ മുളക് മഴക്കു മുമ്പേ അവരുടെ ഗോഡൗണുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് വൻകിട കറിമസാല വ്യവസായികൾ. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 68,100 രൂപയായി താഴ്‌ന്നു.
*********
ഏലത്തിന് വിലത്തകർച്ച, വർഷാരംഭത്തിൽ കിലോ 3000 രൂപക്ക് മുകളിൽ ഇടപാടുകൾ നടന്ന ശരാശരി ഇനങ്ങൾക്ക് വാരാന്ത്യം 2000 രൂപയുടെ നിർണായക താങ്ങ് നഷ്‌ടപ്പെട്ട് 1972 രൂപയായി. മികച്ചയിനങ്ങൾ 2549 രൂപയിൽ കൈമാറി. ആഭ്യന്തര ഇടപാടുകാർക്ക് ഒപ്പം വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവരും ലേലത്തിൽ സജീവമായിരുന്നു.
*********
ആഭരണ വിപണികളിൽ സ്വർണ വില പല അവസരത്തിലും അസ്ഥിരമായിരുന്നു. വാരത്തിന്റെ തുടക്കത്തിൽ 70,040 രൂപയിൽ വിൽപന നടന്ന പവൻ പിന്നീട് 73,040 രൂപ വരെ കയറിയെങ്കിലും ഉയർന്ന റേഞ്ചിൽ അധിക നേരം പിടിച്ചു നിൽക്കാനാവാതെ 71,880ലേക്ക് ഇടിഞ്ഞു. എന്നാൽ, ശനിയാഴ്‌ച നിരക്ക് വീണ്ടും കയറി 72,360 രൂപയായി. അന്താരാഷ്‌ട്ര മാർക്കറ്റിൽ ട്രോയ് ഔൺസിന് 3326 ഡോളറിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.