യു.എസ് തീരുവ റബറിന് തിരിച്ചടി; വെളിച്ചെണ്ണ വില ഉയർന്നുതന്നെ
text_fieldsഏഷ്യൻ വിപണികളിൽ റബറിന് തിരിച്ചടി നേരിട്ടു. അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവ കയറ്റുമതികൾക്ക് തിരിച്ചടിയായി മാറുമെന്ന ഭീതിയിലാണ് ചൈനീസ് ഓട്ടോമൊബൈൽ മേഖല. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതിയും ടയർ കയറ്റുമതിയും നടത്തുന്നത് ബീജിങിലെ വ്യവസായികളാണ്.
യു.എസ് പ്രതിസന്ധി മുന്നിൽ കണ്ട് അവർ തായ്‌ലാൻഡിൽ നിന്നുള്ള റബർ സംഭരണത്തിൽ പെടുന്നനെ വരുത്തിയ കുറവ് ഇതര ഉൽപാദന രാജ്യങ്ങളിലും ഷീറ്റ് വില കുറയാൻ ഇടയാക്കി. തായ് മാർക്കറ്റിൽ റബർ വില ക്വിന്റലിന് 20,674 രൂപയിൽനിന്നും 19,476ലേക്ക് വാരാന്ത്യത്തിൽ ഇടിഞ്ഞു.
സംസ്ഥാനത്തെ വിപണികളിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ വില 20,600 രൂപയിൽനിന്നും 20,100ലേക്ക് താഴ്‌ന്നു. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ നാലാം ഗ്രേഡ് കിലോ 198.50 രൂപയിൽ വ്യാപാരം നടന്നു. ഓഫ് സീസണായതിനാൽ ടാപ്പിങ് രംഗം സ്‌തംഭിച്ചതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു ഉൽപാദകർ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേരോൽപ്പന്നങ്ങൾക്ക് നേരിട്ട ക്ഷാമം വിട്ടുമാറിയില്ല. കൊപ്ര വിൽപനക്കാർ കുറഞ്ഞതോടെ വില അടിക്കടി ഉയർന്നു. മാസാരംഭമായതിനാൽ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപന ചൂടുപിടിച്ചത് മില്ലുകാരെ കൊപ്ര വില ഉയർത്തി വാങ്ങാൻ പ്രേരിപ്പിച്ചു. തമിഴ്‌നാട്ടിൽ കൊപ്ര റെക്കോഡ് വിലയായ 18,200 രൂപയിലും കൊച്ചിയിൽ 17,600ലുമാണ്. വെളിച്ചെണ്ണ വില ഇവിടെ 26,500 രൂപയായി കയറി.
ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് ചുരുങ്ങി. വിളവെടുപ്പ് അവസാനിച്ചതിനാൽ ഉയർന്ന വില ഉറപ്പ് വരുത്താനാവുമെന്നാണ് സ്‌റ്റോക്കിസ്‌റ്റുകളുടെ നിഗമനം. ഉത്സവ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇടപാടുകാർ ഏലക്ക ശേഖരിക്കുന്നുണ്ടങ്കിലും വൻ കുതിച്ചുചാട്ടം കഴിഞ്ഞവാരം സംഭവിച്ചില്ല. ഈസ്‌റ്റർ മുന്നിൽ കണ്ട് കയറ്റുമതിക്കാർ ചരക്ക് ശേഖരിക്കുന്നുണ്ട്. വാരാന്ത്യം ശരാശരി ഇനങ്ങൾ 2646 രൂപയിലും മികച്ചയിനങ്ങൾ 3356 രൂപയിലുമാണ്.
ആഭരണ വിപണികളിൽ റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ച സ്വർണം വാരാന്ത്യം തകർന്നു. പവന്റെ വില 66,800 രൂപയിൽനിന്ന് ഏക്കാലത്തെയും ഉയർന്ന നിരക്കായ 68,480 വരെ കയറിയ ശേഷം വാരാവസാനം 66,480 ലേക്ക് ഇടിഞ്ഞു.
പ്രതികൂല കാലാവസ്ഥയിൽ ലഭ്യത ചുരുങ്ങിയത് കുരുമുളക് വിലക്കയറ്റത്തിന് കാരണമായി. ഒരു വ്യാഴവട്ടത്തിനിടയിൽ കേരളത്തിൽ മാത്രം ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിച്ചതായുള്ള റിപ്പോർട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്‌റ്റോക്കിസ്‌റ്റുകളെ ഞെട്ടിച്ചു.
ആറ് മാസത്തിലെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരിക്കുന്നവർ തിരക്ക് കൂട്ടി. ഹൈറേഞ്ചിൽനിന്നും വയനാട്, പത്തനംതിട്ട, കൊല്ലം ഭാഗങ്ങളിൽനിന്നും വിൽപനക്കാർ കുറഞ്ഞു. കർണാടകയിൽ നിന്നും മികച്ചയിനം കുരുമുളക് കിലോ 800 രൂപക്ക് വരെ വാങ്ങി ശേഖരിക്കാൻ ഉത്തരേന്ത്യൻ ഇടപാടുകാർ തയാറായി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 2600 രൂപ വർധിച്ച് 71,600 രൂപയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.