സ്വർണത്തിൽ നിന്ന് 205 ശതമാനം നേട്ടം; വലിയ പ്രഖ്യാപനവുമായി ആർ.ബി.ഐ
text_fieldsമുംബൈ: കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സോവറീൻ ഗോൾഡ് ബോണ്ടുകൾ തിരികെ നൽകുമ്പോൾ ലഭിക്കുന്ന തുക പ്രഖ്യാപിച്ച് ആർ.ബി.ഐ. 2018-19 സീരിസിലെ ബോണ്ടുകളുടെ തുകയാണ് ആർ.ബി.ഐ പ്രഖ്യാപിച്ചത്. എട്ട് വർഷം കഴിയുമ്പോഴാണ് സാധാരണയായി ഗോൾഡ് ബോണ്ടുകളുടെ കാലാവധി പൂർത്തിയാകാറ്.
എന്നാൽ, അഞ്ച് വർഷം പൂർത്തിയായാൽ ഗോൾഡ് ബോണ്ട് പണമാക്കി മാറ്റാം. ഇങ്ങനെ പണമാക്കുമ്പോൾ ലഭിക്കുന്ന തുകയെ സംബന്ധിച്ചാണ് ആർ.ബി.ഐ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
സ്വർണത്തിന്റെ മൂന്ന് ദിവസത്തെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ആർ.ബി.ഐ ഗോൾഡ് ബോണ്ടുകൾ തിരികെ വാങ്ങുമ്പോഴുള്ള തുക കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം 2025 ജൂലൈ 22ന് ഗോൾഡ് ബോണ്ടുകൾ പണമാക്കി മാറ്റിയാൽ 9280 രൂപ ലഭിക്കും.
2018-19ൽ 3214 രൂപക്കാണ് ആർ.ബി.ഐ സ്വർണബോണ്ടുകൾ വിറ്റത്. ഇന്ന് പണമാക്കി മാറ്റുമ്പോൾ 6,606 രൂപയാണ് ലാഭമായി കിട്ടുക. 205.56 ആണ് ലാഭശതമാനം. ഗോൾഡ് ബോണ്ടുകൾക്ക് ലാഭത്തിന് പുറമേ 2.50 ശതമാനം പലിശയും ആർ.ബി.ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് മാസത്തിലൊരിക്കലാവും ആർ.ബി.ഐ ബോണ്ടുകളുടെ പലിശ നൽകുക.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രായ് ഔൺസിന് 3400 ഡോളർ കടന്നതിനുപിന്നാലെ സംസ്ഥാനത്തും വില കുതിച്ചുയർന്നിരുന്നു. പവന് ഇന്ന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.
74280 രൂപയാണ് വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 9285 രൂപയായി. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 920 രൂപയാണ് ഉയർന്നത്.
റെക്കോർഡിന് തൊട്ടരികിലാണ് ഇന്നത്തെ വില. കഴിഞ്ഞ മാസം 14നായിരുന്നു എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്. 9,320 രൂപയായിരുന്നു അന്ന് ഗ്രാമിന്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7615 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 123 രൂപയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.