നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ഇ.പി.എഫ്.ഒ ആനുകൂല്യങ്ങൾ
text_fieldsവിരമിക്കൽ നിക്ഷേപം
ഇ.പി.എഫ്.ഒ നിയമങ്ങൾ അനുസരിച്ച്, ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്‍റെ 12% വീതം ഇ.പി.എഫിലേക്കും ഇ.പി.എസിലേക്കും സംഭാവന ചെയ്യുന്നു. ഉദാഹരണത്തിന്,30,000 രൂപ പ്രതിമാസ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക് പ്രതിമാസം ആകെ 7,200 ഇ.പി.എഫിലേക്ക് എത്തും. ശമ്പളത്തിൽ മാറ്റമില്ലെന്ന് കരുതിയാൽ പോലും 30 വർഷം കൊണ്ട് ആകെ സംഭാവന 25.92 ലക്ഷം രൂപയാകും. പെൻഷൻ ആനുകൂല്യങ്ങൾക്ക് പുറമെ ഒരു വലിയ പ്രൊവിഡന്‍റ് ഫണ്ട് നിധി രൂപീകരിക്കാൻ ഇത് സഹായിക്കുന്നു.
നികുതി രഹിത വളർച്ച
ഇ.പി.എഫിൽ നിക്ഷേപിക്കുന്ന തുകക്ക് നികുതിരഹിത ആദായം ലഭിക്കുന്നു. ദീർഘകാല വിരമിക്കൽ സമ്പാദ്യം കെട്ടിപ്പടുക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഇ.പി.എഫ് അക്കൗണ്ടിലേക്ക് എത്തുന്ന പലിശക്ക് ആദായനികുതി ഇളവുണ്ട്. കൂടാതെ പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവർക്ക് സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവും ലഭിക്കും.
പെൻഷനായുള്ള തൊഴിലുടമയുടെ സംഭാവന
തൊഴിലുടമ നൽകുന്ന 12% വിഹിതം വിഭജിച്ചാണ് നിക്ഷേപിക്കുന്നത്. ഇതിൽ 8.33% എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും, ബാക്കി ഭാഗം ജീവനക്കാരന്‍റെ ഇ.പി.എഫ് അക്കൗണ്ടിലേക്കും പോകുന്നു. പേ സ്ലിപ്പിൽ നേരിട്ട് കാണാത്തതും എന്നാൽ നിശബ്ദമായി ശേഖരിക്കപ്പെടുന്നതുമായ തുകയാണിത്. തൊഴിലുടമയുടെ ഈ വിഹിതം ജീവനക്കാരന്‍റെ ശമ്പളത്തിൽ നിന്ന് പിടിച്ച് കുറയ്ക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബത്തിനുള്ള സാമ്പത്തിക സുരക്ഷ
ഇ.പി.എഫ്.ഒ നോമിനേഷൻ സൗകര്യം അക്കൗണ്ട് ഉടമയുടെ മരണശേഷം തുക വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇ.ഡി.എൽ.ഐ വഴി ലൈഫ് ഇൻഷുറൻസും ഇ.പി.എസ് വഴി കുടുംബ പെൻഷനും ലഭിക്കുന്നു.
1952ലെ ഇ.പി.എഫ് നിയമത്തിലെ സെക്ഷൻ 10 പ്രകാരം, ഇ.പി.എഫ് സമ്പാദ്യങ്ങൾ കോടതി ജപ്തി നടപടികളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വ്യക്തിഗത കടങ്ങളിൽ നിന്നോ നിയമപരമായ ബാധ്യതകളിൽ നിന്നോ ഉള്ള ഈ സംരക്ഷണം മറ്റ് സാമ്പത്തിക നിക്ഷേപങ്ങളിൽ അപൂർവമാണ്.
ഭാഗിക മുൻകൂർ പിൻവലിക്കലുകൾ
വീട് നിർമാണം, ചികിത്സാ ആവശ്യങ്ങൾ, വിദ്യാഭ്യാസം, വിവാഹം അല്ലെങ്കിൽ മറ്റ് അടിയന്തിര സാഹചര്യങ്ങൾ എന്നിവയ്ക്കായി ഇ.പി.എഫിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കാൻ അനുവാദമുണ്ട്. വിരമിക്കൽ, ശാരീരിക വൈകല്യം, അല്ലെങ്കിൽ 2 മാസം ജോലിയില്ലാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ മുഴുവൻ തുകയും പിൻവലിക്കാം.
യു.എ.എൻ വഴി ജോലി മാറുമ്പോഴും അക്കൗണ്ട് ഘടന മാറ്റമില്ലാതെ നിലനിർത്താം. അതിനാൽ ജോലിയില്ലാത്ത ഘട്ടങ്ങളിലോ ലേ-ഓഫ് സമയത്തോ പോലും അക്കൗണ്ടിലെ തുകയും പലിശയും സുരക്ഷിതമായി തുടരുകയും വളരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

