സമ്പാദ്യ ശീലവും റിട്ടയർമെന്‍റ് പ്ലാനുമില്ല; മിഡിൽ ക്ലാസിന്‍റെ ഭാവി ജീവിതം ആശങ്കയിലോ?
text_fieldsരാജ്യത്തെ 80 ശതമാനത്തിലേറെ പേരും റിട്ടയർമെന്‍റ് കാലത്തേക്കുള്ള സമ്പാദ്യം നിക്കിവെക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. ഇത് ഏറ്റവുമധികം ബാധിക്കുക മിഡിൽ ക്ലാസിൽ ക്ലാസിനെയാകും. നിലവിൽ ജോലിക്കാരായ മിക്കവരും ഇ.എം.ഐ അടച്ചാണ് ജീവിക്കുന്നതെന്നും ജീവിതച്ചെലവിന് പരിധിവെക്കുന്നില്ലെന്നും സർവേയിൽ പറയുന്നു. ജോലി നിർത്തിയാൽ അഞ്ചിൽ നാലുപേർക്കും മറ്റ് വരുമാന മാർഗമില്ല എന്നതാണ് യാഥാർഥ്യം. ഇത് ഭാവിയിൽ, റിട്ടയർമെന്‍റിന് ശേഷവും വലിയ പ്രശ്നമായിത്തീരും.
ഭാവിയിലെ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ ഏറെ ചർച്ച ചെയ്യാറുണ്ടെങ്കിലും ഇക്കാര്യം ആലോചിക്കാറില്ലെന്ന് സാമ്പത്തിക ഉപദേശകനായ മോഹിത് ബെരിവാല പറയുന്നു. എത്ര സമ്പാദിക്കുന്നു എന്നതല്ല, സമ്പാദിക്കുന്നത് നിർത്തിയാൽ എത്രനാൾ പണം നിലനിൽക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. പതിറ്റാണ്ടുകൾ ജോലി ചെയ്യുന്ന പലരും ലോണുകളടച്ചും സ്കൂൾ ഫീസടച്ചും വീട്ടു ചെലവുകൾ നടത്തിയും പണം വിനിയോഗിക്കുന്നു.
മിക്കവരും പെൻഷനോ മറ്റെന്തെങ്കിലും സേവിങ്സോ ഇല്ലാതെ ജോലിയിൽനിന്ന് വിരമിക്കുന്നു. വീട്ടുവാടക, ഇന്‍റർനെറ്റ്, ഇൻഷുറൻസ് എന്നിവയെല്ലാം മധ്യവർഗത്തിന്‍റെ ചെലവുകളാണ്. ഇതെല്ലാം കഴിഞ്ഞുള്ള തുച്ഛമായ തുക സേവിങ്സ് അക്കൗണ്ടിലേക്ക് പോകുന്നു. എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ യാത്ര പോകാനോ അതല്ലെങ്കിൽ ആരോഗ്യപരിപാലത്തിനായോ വേണ്ടിവരുന്നു.
60 വയസ്സിൽ റിട്ടയർ ചെയ്യുന്നതോടെ പ്രതിസന്ധിയാകുന്നു. സ്ഥിരവരുമാനം നിലയ്ക്കുമ്പോഴും ചെലവ് കുറയുന്നില്ല. ആറിനും ഏഴിനും ഇടയ്ക്കാണ് ഇന്ത്യയിലെ ശരാശരി പണപ്പെരുപ്പ നിരക്ക്. ഇന്ന് ഒരുലക്ഷം രൂപക്ക് തീരുന്ന ചെലവ് പത്ത് വർഷത്തിനപ്പുറം ഇരട്ടിയാകും. ആരോഗ്യരംഗത്തെ ചെലവ് പ്രതിവർഷം 12 ശതമാനത്തിലേറെ ആയതിനാൽ ഇതിനായി കൂടുതൽ പണം കണ്ടെത്തേണ്ടിവരും.
പ്രതിസന്ധി ഒഴിവാക്കാൻ പ്രതിമാസം ശമ്പളത്തിന്‍റെ 15 ശതമാനമെങ്കിലും റിട്ടയർമെന്‍റ് സേവിങ്സിനായി നീക്കിവെക്കണമെന്ന് ബെരിവാല പറയുന്നു. ഈ തുക മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കരുത്. റിട്ടയർമെന്‍റ് പ്ലാനിന് വേണ്ടി മാത്രമാകണം. ദീർഘകാല നിക്ഷേപത്തിനായി ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളെ ആശ്രയിക്കാം. പ്രൊവിഡന്‍റ് ഫണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാം. കോർപറേറ്റ് എൻ.പി.എസിലൂടെ പെൻഷനും നേടാം. പ്ലാൻ ചെയ്താലും ഇല്ലെങ്കിലും റിട്ടയർമെന്‍റ് വരും. എന്നാൽ പ്ലാനില്ലെങ്കിൽ അത്ര സുഖകരമാകില്ല ജീവിതമെന്നും ബെരിവാല മുന്നറിയിപ്പ് നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.