എട്ടാം ശമ്പള കമീഷൻ; ശരിക്കും ശമ്പളവും പെൻഷനും എത്രത്തോളം വർധിക്കും?
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എട്ടാം ശമ്പള കമീഷനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എട്ടാം ശമ്പള കമീഷൻ നിലവിൽ വരുന്നതോടെ ഏഴാം ശമ്പള കമീഷൻ പഴങ്കഥയായി മാറും. പുതിയ സ്കെയിൽ വരുന്നതോടെ ശമ്പളത്തിലും പെൻഷനിലും എത്രത്തോളം വർധനവുണ്ടാകുമെന്ന ആകാംക്ഷയിൽ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ വാങ്ങുന്നവരും കഴിയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
2026 ആദ്യത്തിൽ പുതിയ ശമ്പള കമീഷൻ നിലവിൽ വരുമെന്നാണ് കൂടുതൽ പേരും കരുതുന്നത്. വൈകാനും സാധ്യത കാണുന്നുണ്ട്. എട്ടാം ശമ്പള കമീഷനിൽ 2.86 ശതമാനമായിരിക്കും ഫിറ്റ്മെന്റ് ഫാക്ടർ എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെ വന്നാൽ ശമ്പളത്തിൽ വൻ വർധന പ്രതീക്ഷിക്കാം.
ശമ്പളവും പെൻഷനും നിർണയിക്കുന്നതിലെ പ്രധാന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. അതായത് നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ഗുണിക്കുന്ന ഗുണകമാണ് ഫിറ്റ്മെൻറ് ഘടകം. പണപ്പെരുപ്പം, ജീവനക്കാരുടെ ആവശ്യങ്ങൾ, സർക്കാറിന്റെ സാമ്പത്തിക ശേഷം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ഫിറ്റ്മെന്റ് ഘടകം നിർണയിക്കുക.ഏഴാം ശമ്പള കമീഷനിൽ 2.57 ശതമാനമായിരുന്നു ഫിറ്റ്മെന്റ് ഫാക്ടർ. അതുവഴി ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയിൽ നിന്ന് 18000 രൂപയായി വർധിച്ചു. അതോടൊപ്പം പെൻഷനിലും ഇരട്ടിയോളം വർധനവുണ്ടായി. 2016ലാണ് ഏഴാം ശമ്പള കമീഷൻ പ്രാബല്യത്തിൽ വന്നത്. 2026 വരെ അതിന് കാലാവധിയുണ്ട്.
ഫിറ്റ്നസ് ഘടകം 2.86 ആണെങ്കിൽ ഏഴാം ശമ്പള കമീഷനിലെ മിനിമം പെൻഷൻ 9000 രൂപയായിരുന്നത് എട്ടാം കമീഷനിൽ 25,740 രൂപയായി വർധിക്കും.
അടിസ്ഥാന ശമ്പളം, ക്ഷാമബത്ത(ഡിയർനസ് അലവൻസ്), വീട്ടുവാടക അലവൻസ്(ഹൗസ് റെന്റ് അലവൻസ്), ഗതാഗത അലവൻസ്(ട്രാവൽ അലവൻസ്)എന്നിവ ഉൾപ്പെടുന്നതാണ് ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.