കുറഞ്ഞ ഇ.പി.എസ് പെൻഷൻ 1,000 രൂപയിൽ നിന്ന് 3,000 രൂപയായി ഉയരുമോ? നവംബർ 19ലെ ഇ.പി.എഫ് യോഗം നിർണായകം
text_fieldsഎംപ്ലോയീസ് പ്രൊഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ 240ാമത് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം നവംബർ 19ന് ന്യൂഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിലുള്ള കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തുന്നത് സർക്കാർ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉള്ളതിനാൽ ഈ യോഗം പെൻഷൻകാരുടെയും ജീവനക്കാരുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിറിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം പിന്നീട് ന്യൂഡൽഹിയിലെ ഇ.പി.എ.ഫ്.ഒ ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ സുബ്രത ഭൗമിക് സി.ബി.ടി അംഗങ്ങൾക്ക് അയച്ച 2026 നവംബർ 4 ലെ കത്തനുസരിച്ച്, നവംബർ 19 ന് രാവിലെ 10:15 നാണ് യോഗം ആരംഭിക്കുന്നത്.
കുറഞ്ഞ ഇ.പി.എസ് പെൻഷൻ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായേക്കും. ധനമന്ത്രാലയവുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം കുറഞ്ഞ പെൻഷൻ 3,000 രൂപയായി ഉയർത്തുന്നതിൽ തൊഴിൽ മന്ത്രാലയം ഒരു തീരുമാനത്തിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, തൊഴിൽ മന്ത്രാലയമോ ധനമന്ത്രാലയമോ ഈ പെൻഷൻ വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ പെൻഷൻകാർ 3,000 രൂപ പെൻഷൻ അംഗീകൃത ആനുകൂല്യമായി കണക്കാക്കരുത്. 2014 സെപ്റ്റംബർ മുതൽ ഇ.പി.എസ് പ്രകാരമുള്ള കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപയായി തുടരുകയാണ്. ഇത് വർധിപ്പിക്കാനുള്ള നിർദ്ദേശം 2014 ഫെബ്രുവരിയിൽ സി.ബി.ടി അംഗീകരിച്ചിരുന്നു തുടർന്ന് 2014-15 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. 2014 ആഗസ്റ്റിലാണ് പരിഷ്കരിച്ച കുറഞ്ഞ പെൻഷൻ സർക്കാർ വിജ്ഞാപനം ചെയ്തത്.
കുറഞ്ഞ പ്രതിമാസ പെൻഷൻ 7,500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും പെൻഷൻകാരും നിരന്തരം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണ ചെലവുകളും കണക്കിലെടുക്കുമ്പോൾ, നിലവിലുള്ള 1,000 രൂപ പെൻഷൻ വിരമിച്ച ജീവനക്കാരുടെ അടിസ്ഥാന ജീവിതച്ചെലവുകൾക്ക് തികയുന്നില്ലെന്നാണ് അവർ വാദിക്കുന്നത്.

