70 ലക്ഷം വാർഷിക വരുമാനം ഉണ്ടായിട്ടും മാസാവസാനം കൈയിലൊന്നുമില്ല; ചർച്ചകൾക്ക് വഴിവെച്ച് ഇൻവെസ്റ്റ് മെന്‍റ് ബാങ്കറുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്
text_fieldsഗുർഗാവോൺ: 70 ലക്ഷം വാർഷിക വരുമാനം ഉണ്ടായിട്ടും ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ സാമ്പത്തിക ഭദ്രത ഇല്ലെന്ന ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇൻവെസ്റ്റ് മെന്‍റ് ബാങ്കറായ സാർഥക് അഹുജയുടെ പോസ്റ്റാണ് ഗൗരവമേറിയ ചർച്ചകളിലേക്ക് വഴി വെച്ചത്. വർധിച്ച ജീവിതച്ചെലവ്, ജീവിത ശൈലിയുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾ, ഉയർന്ന റിയൽ എസ്റ്റേറ്റ് ഇവയൊക്കെ എങ്ങനെ അർബൻ പ്രൊഫഷണലുകളെ സംഘർഷതത്തിലാക്കുന്നു എന്നാണ് പോസ്റ്റിലുള്ളത്.
അഹുജ പറയുന്നതനനുസരിച്ച് 70 ലക്ഷം വാർഷിക വരുമാനം ഉള്ളൊരാൾ 20 ലക്ഷം നികുതി അടയ്ക്കേണ്ടി വരും. പ്രതിമാസം 4.1 ലക്ഷം ആണ് അയാൾക്ക് വരുമാനം ഉണ്ടാവുക. അതിൽ തന്നെ 1.7 ലക്ഷം എല്ലാ മാസവും ഹോം ലോണിന് പിടിക്കും( 3 കോടിയുടെ ഫ്ലാറ്റ്). 65000 കാറിന് 50000 ഇന്‍റർ നാഷണൽ സ്കൂളിലെ ഫീസിന്, 15000 വീട്ടു ജോലിക്ക്. ആശുപത്രി ചെലവുകൾ ഷോപ്പിങ്, വൈദ്യതി എന്നിങ്ങനെയുള്ള മറ്റെല്ലാ ചെലവുകൾക്കും കൂടി 1 ലക്ഷം മാത്രമാണ് പിന്നെ ബാക്കിയുള്ളത്.
മുംബൈ, ഗുർഗാവോൺ, ബംഗളൂരു പോലുള്ള നഗരങ്ങളിൽ കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന പണപ്പെരുപ്പത്തിന്‍റെ വർധനവാണ് ഉയർന്ന വരുമാനം ഉള്ളവരെപ്പോലും സാമ്പത്തികമായി തളർത്തുന്നതെന്ന് അഹുജ ചൂണ്ടികാട്ടുന്നു. വരുമാനത്തിന് ആനുപാതികമല്ലാതെ വീടിനും വാഹനത്തിനും വേണ്ടി ചെലവിടുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നതുപോലെയുള്ള ജീവിത ശൈലി അനുകരിക്കാനുള്ള ശ്രമവും ഇതിനു കാരണമാണ്.
എല്ലാ ചെലവും കഴിഞ്ഞാൽ മാസാവസാനം ഒന്നും ബാക്കി ഉണ്ടാവില്ല. ഈ സ്ഥിതി വിശേഷം 'ഉപ മധ്യ വർഗം' എന്ന പുതിയൊരു വിഭാഗം കൂടി രൂപംകൊള്ളാൻ കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യമാണെന്നുണ്ടെങ്കിൽ മാത്രമേ ഹൗസിങ് ലോൺ എടുക്കുന്നതിനെപ്പറ്റി ചിന്തിക്കാവൂ എന്നും അദ്ദേഹം പോസ്റ്റിന്‍റെ അവസാനം പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.