വായ്പയെടുത്തവർക്ക് ആശ്വാസം: കാലാവധിക്ക് മുമ്പ് അടച്ച് തീർത്താൽ അധിക നിരക്ക് നൽകണ്ട; വിശദാംശങ്ങൾ അറിയാം
text_fieldsകൊച്ചി: വീട് നിർമാണം ഉൾപ്പെടെ ഏത് തരം ആവശ്യത്തിനും ബാങ്ക് വായ്പ എടുത്തവർക്ക് വലിയ ആശ്വാസമായി റിസർവ് ബാങ്കിന്‍റെ ഉത്തരവ്. ബാങ്ക് വായ്പ നിശ്ചിത കാലാവധിക്ക് മുമ്പ് അടച്ച് തീർക്കുന്നതിന് (പ്രീ-പെയ്മെന്‍റ്) അധിക നിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചു. 2026 ജനുവരി ഒന്നിന് ഇത് പ്രാബല്യത്തിൽ വരും. പെയ്മെന്‍റ് ബാങ്കുകൾ ഒഴികെയുള്ള വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് നിർദേശം ബാധകമാണ്. വായ്പ മുൻകൂട്ടി അടച്ച് തീർക്കുമ്പോൾ ‘മുൻകൂർ തീർപ്പാക്കുന്നതിന്മേലുള്ള നിരക്ക്’ എന്ന പേരിൽ ബാങ്കുകൾ വ്യത്യസ്ത നിരക്കിൽ വൻതുക ഈടാക്കുന്നതിന് ഇതോടെ അറുതിയാവും.
ബാങ്കിങ് നിയന്ത്രണ ആക്ട്, നാഷണൽ ഹൗസിങ് ബാങ്ക് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ ലക്ഷക്കണക്കിന് വായ്പക്കാർക്ക് സഹായകരമാകുന്ന തീരുമാനം കൈക്കൊണ്ടത്. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (പ്രീ-പെയ്മെന്‍റ് ചാർജസ് ഓഫ് ലോൺസ്) ഡയറക്ഷൻസ്, 2025’ എന്നാണ് ഇത് അറിയപ്പെടുക. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ എടുക്കുന്നതോ പുതുക്കുന്നതോ ആയ എല്ലാ വായ്പകൾക്കും ഇത് ബാധകമായിരിക്കും. ഫ്ലോട്ടിങ് (വേരിയബിൾ -കാലാകാലങ്ങളിൽ മാറ്റം വരുന്നത്) നിരക്കിലുള്ള വായ്പകൾക്ക് അടുത്ത ജനുവരി ഒന്ന് മുതൽ ഈ നിർദേശം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ആർ.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്
ഒരാളോ ഒന്നിലധികം പേർ ചേർന്നോ എടുത്ത വായ്പകൾക്കും നിർദേശം ബാധകമാണ്. സ്മോൾ ഫിനാൻസ് ബാങ്ക്, റീജനൽ റൂറൽ ബാങ്ക് (ഉദാ: കേരള ഗ്രാമീൺ ബാങ്ക്), പ്രാഥമിക അർബൻ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവ 50 ലക്ഷം രൂപ വരെയുള്ള വായ്പ മുൻകൂർ തീർപ്പാക്കുന്നതിന് അധിക നിരക്ക് ഈടാക്കാൻ പാടില്ല.
മുൻകൂർ തീർപ്പാക്കലിന് പ്രത്യേക നിരക്ക് ഈടാക്കുന്ന ഇനത്തിൽ വരുന്ന വായ്പകൾ അനുവദിക്കുമ്പോൾ വായ്പാകരാറിൽതന്നെ അതിന്‍റെ വിവരങ്ങൾ കാണിക്കണം. ഇങ്ങനെ രേഖപ്പെടുത്താതെ നിരക്ക് ഈടാക്കരുത്. പ്രീ-പെയ്മെന്‍റ് സംബന്ധിച്ച് മുമ്പ് പുറപ്പെടുവിച്ച എല്ലാ സർക്കുലറും പുതിയ നിർദേശം നിലവിൽ വരുന്ന 2026 ജനുവരി ഒന്ന് മുതൽ ഇല്ലാതാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.