എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ ഇന്ധന - യാത്ര ചെലവുകൾക്ക് അധിക ചാർജ്; ഡിസംബർ ഒന്ന് മുതലുള്ള മാറ്റങ്ങൾ അറിയാം
text_fieldsക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നതിനും യാത്രാ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിനും അധിക നിരക്ക് ഈടാക്കാൻ എസ്.ബി.ഐ. ചില ഉയർന്ന മൂല്യമുള്ള ഗതാഗത, ഇന്ധന ഇടപാടുകൾക്കാണ് അധിക നിരക്കുകൾ ഈടാക്കുന്നത്. 2026 ഡിസംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക.
യാത്ര ചെലവിന് ഒരു ശതമാനം ഫീസ്
30,000 രൂപക്ക് മുകളിലുള്ള ഓരോ യാത്ര ചെലവിന് ഡിസംബർ ഒന്ന് മുതൽ ഒരു ശതമാനം അധിക ഫീസ് ഈടാക്കും. ഒരു ബില്ലിങ് സൈക്കിളിലെ ആകെ യാത്രാച്ചെലവല്ല, മറിച്ച് ഓരോ ഇടപാടിന്റെയും തുക അനുസരിച്ചാണ് ഫീസ് ചുമത്തുന്നത്. ഉദാഹരണത്തിന് ഒരു യാത്ര ആവശ്യത്തിന് 35000 രൂപ ചെലവഴിച്ചാൽ ഉപഭോക്താവിന് 350 രൂപ അധികം നൽകേണ്ടി വരും. യാത്ര ചെലവിൽ മര്‍ച്ചന്റ് കാറ്റഗറി കോഡ് (എം.സി.സി) 4111, 4784, 4131 എന്നീ വിഭാഗങ്ങളിൽ പെടുന്നവക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
ഇന്ധന ചെലവിനും ഒരു ശതമാനം ഫീസ്
യാത്ര ചെലവുകൾക്ക് സമാനമായി ഇന്ധന ചെലവുകൾക്കും ഒരു ശതമാനം തന്നെയാണ് ഫീസ്. എന്നാലിത്, ഓരോ ഇടപാടുകൾക്കുമല്ല, മറിച്ച് ഒരു ബില്ലിങ് സൈക്കിളിലെ ആകെ ചെലവിനാണ്. ഈ വിഭാഗത്തിൽ 50000 രൂപക്ക് മുകളിലുള്ള ചെലവുകളാണ് പരിഗണിക്കുന്നത്. ഉദാഹരണത്തിന് ഒരു ബില്ലിങ് സൈക്കിളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 55,000 രൂപക്ക് ഇന്ധനം വാങ്ങിയാൽ 550 രൂപ അധിക ഫീസായി നൽകേണ്ടി വരും. ഇന്ധനച്ചെലവ് 50,000 രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ ഈ പരിധി അടിസ്ഥാനമാക്കിയുള്ള അധിക ഫീസ് ബാധകമാകില്ല. ഇന്ധനവുമായി ബന്ധപ്പെട്ട നിരക്കുകൾ ബാധകമാകുന്നത് എം.സി.സി 5172, 5541, 5542, 5983 എന്നീ വിഭാഗങ്ങളിൽ പെടുന്ന ഇടപാടുകൾക്കാണ്.
കാര്‍ഡ് ഉടമകള്‍ എന്താണ് ചെയ്യേണ്ടത്?
എസ്.ബി.ഐ ക്രെഡിറ്റ് കാർഡിന്റെ പുതിയ നിയമങ്ങൾ എല്ലാവരെയും ബാധിക്കില്ല. വലിയ തുകയുടെ ഇന്ധനം വാങ്ങുന്ന ബിസിനസുകളും വാഹനങ്ങളുടെ പ്രവര്‍ത്തനത്തിനായി കാര്‍ഡ് ഉപയോഗിക്കുന്നവരുമാണ് ഈ നിരക്കുകൾ ശ്രദ്ധിക്കേണ്ടത്. ഇത് എല്ലാ ഇടപാടുകൾക്കുമുള്ള പൊതുവായ ഫീസ് വർധനയല്ലെന്നും നിശ്ചിത വിഭാഗങ്ങളിൽ പരിധി കടക്കുന്നവക്ക് മാത്രമാണെന്നും നാം മനസിലാക്കണം. അതിനാൽ തന്നെ ഡിസംബര്‍ ഒന്നിന് മുമ്പ് എസ്.ബി.ഐ കാര്‍ഡില്‍നിന്ന് ലഭിക്കുന്ന അറിയിപ്പുകളും സ്വന്തം കാര്‍ഡിന് ബാധകമായ നിബന്ധനകളും പരിശോധിക്കുക. കണക്കാക്കുമ്പോള്‍ ബില്ലിങ് സൈക്കിള്‍ ഏതാണെന്ന് മനസ്സിലാക്കി ഇന്ധനച്ചെലവ് അതിനനുസരിച്ച് പ്ലാൻ ചെയ്യുക. യാത്രാ ആവശ്യങ്ങള്‍ക്കായി വലിയ ഇടപാടുകൾ നടത്തുമ്പോൾ പുതിയ ഫീസ് ബാധകമാണോ എന്നും ഉറപ്പാക്കണം. ചെലവുകൾ നിയന്ത്രിക്കാൻ സ്വന്തം കാർഡിന്റെ നിബന്ധനകൾ ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും.

