1 ദീനാർ= 233 ഇന്ത്യൻ രൂപ; റെക്കോഡ് കുതിപ്പുമായി ബഹ്റൈൻ ദീനാർ
text_fieldsമനാമ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയനിരക്കിൽ കുതിച്ചുകയറി ബഹ്റൈൻ ദീനാർ. ബുധനാഴ്ച രാവിലെ എക്സി റിപ്പോർട്ട് പ്രകാരം 231.15 ഇന്ത്യൻ രൂപയാണ് ഒരു ദീനാറിന് രേഖപ്പെടുത്തിയത്. എന്നാൽ ചെറിയ ഏറ്റക്കുറവുകൾ വന്ന് വൈകീട്ടോടെ 233ന് മുകളിലേക്ക് ഉയർന്നു.
കഴിഞ്ഞദിവസങ്ങളിലും ദീനാർ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻ രൂപയുടെ ദുർബലാവസ്ഥക്ക് കാരണമായത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപക്ക് ആഘാതമായി. ഇതോടെ ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു.
ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻരൂപയുടെ മൂല്യം ഇടിഞ്ഞ് 87.15ലെത്തി. 24 പൈസ താഴ്ന്ന് 87.15ലാണ് ബുധനാഴ്ച രൂപ വ്യാപാരം ആരംഭിച്ചത്. ഇതിന് പിറകെ രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികളും ഉയർച്ച കൈവരിച്ചു. കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ കറൻസികൾക്കും ഉയർന്ന വിനിമയ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയനിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. നാട്ടിലേക്ക് പണം അയക്കാന്‍ നിരവധി പേർ ഈ സമയം പ്രയോജനപ്പെടുത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.