യു.എസ് തീരുവ: 40 രാജ്യങ്ങളിലേക്ക് വസ്ത്രകയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: അമേരിക്കൻ തീരുവയുടെ ആഘാതത്തിൽനിന്ന് കരകയറാൻ യു.കെ, ജർമനി, ഫ്രാൻസ്, ഇറ്റലി ഉൾപ്പെടെ 40 രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യൻ എംബസികളുടെ സഹകരണത്തോടെ ഈ രാജ്യങ്ങളിലെ കയറ്റുമതി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. വ്യാപാര മേളകളിലും പ്രദർശനങ്ങളിലും പങ്കെടുത്ത് ഇന്ത്യൻ ഉൽപന്നങ്ങളുടെ മേന്മ ഇറക്കുമതിക്കാരെ ബോധ്യപ്പെടുത്തും.
സ്പെയിൻ, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സികോ, റഷ്യ, ബെൽജിയം, തുർക്കിയ, യു.എ.ഇ, ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവയാണ് ഇന്ത്യ ലക്ഷ്യമിടുന്ന മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിച്ചാൽ അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 220ൽ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യ വസ്ത്ര കയറ്റുമതി നടത്തുന്നുണ്ടെങ്കിലും ഈ 40 രാജ്യങ്ങളാണ് ഏറ്റവും പ്രധാനം.
52 ലക്ഷം കോടിയുടെ വസ്ത്ര ഇറക്കുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്ന 40 രാജ്യങ്ങൾ നടത്തുന്നത്. ഇതിൽ ഇന്ത്യയുടെ വിഹിതം അഞ്ച്-ആറ് ശതമാനം മാത്രമാണ്. ഇതു വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള തലത്തിൽ വസ്ത്ര വിപണി 70 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം 4.1 ശതമാനമാണ്. വസ്ത്ര കയറ്റുമതിയിൽ ഇന്ത്യക്ക് ആറാം സ്ഥാനമാണ്. 16 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയുടെ വസ്ത്രവിപണി. ഇതിൽ 12.5 ലക്ഷം കോടി രൂപയുടേതും ആഭ്യന്തര വിപണിയാണ്. 3.25 ലക്ഷം കോടിയുടേതാണ് കയറ്റുമതി.
കയറ്റുമതി പ്രോത്സാഹന കൗൺസിലുകളായിരിക്കും ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവത്കരണ പദ്ധതിയുടെ നെടുംതൂൺ. സൂറത്ത്, പാനിപത്, തിരുപ്പൂർ, ഭദോഹി തുടങ്ങിയ പ്രധാന വസ്ത്രനിർമാണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യതകൾ കൗൺസിലുകൾ കണ്ടെത്തും.
യു.എസ് തീരുവയിൽ മോദിക്കെതിരെ ഖാർഗെ
ന്യൂഡൽഹി: ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് യു.എസ് അധിക തീരുവ ഏർപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്രയെ മോദിയെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സര്‍ക്കാറിന്റെ ‘ഉപരിപ്ലവമായ’ വിദേശനയത്തിന്റെ ഫലമാണെന്നും ഇതു രാജ്യത്ത് വന്‍തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയുടെ പ്രിയ സുഹൃത്ത് ‘അബ്കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം അധികനികുതി ചുമത്തിയിരിക്കുന്നു. ഇതോടെ 10 മേഖലകളില്‍ മാത്രം ഏകദേശം 2.17 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാകും. കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തിന് വലിയ തിരിച്ചടിയാകുമിത്. നഷ്ടം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. കർഷകരെ സംരക്ഷിക്കാന്‍ എന്തു വ്യക്തിപരമായ വിലയും നല്കാന് തയാറാണെന്ന് മോദി പറഞ്ഞിരുന്നു, പക്ഷേ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.
ചെറുകിട വ്യവസായങ്ങൾ, വസ്ത്രമേഖല, രത്നം, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന കയറ്റുമതി മേഖലകളില്‍ വലിയ തോതിലുള്ള തൊഴില്നഷ്ടങ്ങള് നേരിടേണ്ടി വരും വസ്ത്രമേഖലയില്‍ മാത്രം അഞ്ചു ലക്ഷം വരെ നേരിട്ടും അല്ലാതെയും ഉള്ള തൊഴിലവസരങ്ങള്‍ അപകടത്തിലാകും. രത്ന-ആഭരണ മേഖലയില്‍ ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ തൊഴിലുകള്‍ക്ക് ഭീഷണിയാകും.
മുമ്പ് യു.എസ് ഏര്‍പ്പെടുത്തിയ 10 ശതമാനം നികുതിയെ തുടർന്ന് ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഏപ്രില്‍ മുതല്‍ ഏകദേശം ഒരു ലക്ഷം ഡയമണ്ട് കട്ടിങ്, പോളിഷിങ് തൊഴിലാളികള്‍ക്ക് ഇതിനോടകം ജോലി നഷ്ടമായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.