ഹാർവാഡിലേക്കൊരു സ്വപ്ന ടിക്കറ്റ്! അപൂർവ്വ നേട്ടവുമായി മലപ്പുറത്തുകാരി…
text_fieldsമർജാൻ സലാം
ഒരു പ്രൊഫഷനൽ ഡിഗ്രി സ്വായത്തമാക്കുക എന്നതിലുപരി മഹത്തായ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ അപേക്ഷകൻ പ്രാപ്തനാണ് എന്ന് തെളിയിച്ചാൽ മാത്രം ലഭിക്കുന്ന ഒരു അവസരമാണ് ഇത്തരം സർവകലാശാലകളിലേക്കുള്ള പ്രവേശനങ്ങൾ
മർജാൻ സലാം എന്ന പ്രവാസി വിദ്യാർഥിനിക്ക് ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഇപ്പോഴും ചിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല! ഉന്നത വിദ്യാഭ്യാസത്തിനായി മികച്ച സംവിധാനങ്ങളുള്ള സർവ്വകലാശാലകൾ തേടുന്ന പഠിതാക്കൾ ഒക്കെ സ്വപ്നം കാണുന്ന ലോകോത്തര സർവ്വകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ ഹാർവാഡ്. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് അടുത്ത അധ്യായന വർഷത്തിലേക്കാണ് മാർജാനെ തേടി ഹാർവാഡിൽ നിന്നും വിളിയെത്തിയത്. അതിന്റെ ആശ്ചര്യം വിട്ടുമാറാത്ത കണ്ണുകളുമായാണ് മർജാൻ തന്റെ പ്രവേശനത്തിലേക്ക് വഴി തെളിയിച്ച വിശേഷങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെച്ചത്.
ഹാർവാഡിനെക്കുറിച്ച് പറയുകയാണെങ്കിൽ ജോൺ ആഡംസ് മുതൽ ബറാക് ഒബാമ വരെയുള്ള യു.എസ് പ്രസിഡന്റുമാരെ സംഭാവന ചെയ്ത 1636ൽ സ്ഥാപിതമായ അമേരിക്കയിലെ ആദ്യ യൂനിവേഴ്സിറ്റികളിൽ ഒന്ന്. ശാസ്ത്ര സാഹിത്യ സാങ്കേതിക മേഖലകളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ സമ്മാനിച്ച അറിവിന്റെ വിശ്വഗേഹം. 160 ഓളം നൊബേൽ ജേതാക്കളും അൻപതോളം പുലിറ്റ്സർ പുരസ്കാര ജേതാക്കളും ഈ മുറ്റത്ത് വിജ്ഞാനം നേടി കഴിവ് തെളിയിച്ചവരാണ്. ഇന്ത്യക്കാരായ അമർത്യാസെൻ, രഘുറാം രാജൻ, രത്തൻ ടാറ്റാ, കബിൽ സിബൽ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, പി. ചിദംബരം തുടങ്ങി സാമൂഹിക രാഷ്ട്രീയ വാണിജ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ഗവേഷകരായും അധ്യാപകരായും ഹാർവാഡുമായി ബന്ധപ്പെട്ടു കിടക്കുന്നതിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം.
2021ൽ പെർഫ്യൂഷൻ ടെക്നോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ബിരുദം നേടിയ മർജാൻ നൊച്ചിക്കാടൻ, വിവാഹശേഷം ഭർത്താവ് സലാമിനൊപ്പം ദുബൈയിലേക്ക് താമസം മാറുകയായിരുന്നു. ആദ്യത്തെ കണ്മണിയായി മകൻ ദെനിസിന്റെ വരവും മറ്റു കുടുംബകാര്യങ്ങളും ഒക്കെയായി ദുബൈയിലെ ജീവിതം തള്ളിനീക്കുന്നതിനിടയിലും ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യ അടക്കം ലോകത്തിലെ പ്രശസ്ത സർവ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യതകൾ തേടുകയായിരുന്നു ഈ വീട്ടമ്മ.
സോഫാസ് എന്ന ഏകജാലക സംവിധാനത്തിലൂടെയാണ് അമേരിക്കയിൽ പൊതു ആരോഗ്യ വിഭാഗത്തിലേക്കുള്ള ഉന്നത കോഴ്സുകളിലേക്ക് അപേക്ഷകർ അപേക്ഷ സമർപ്പിക്കേണ്ടത്. കേവലം രേഖകളും മറ്റും അപ്ലോഡ് ചെയ്യുന്നതിനപ്പുറം ഒരുപാട് കടമ്പകൾ ഈ സംവിധാനത്തിലൂടെ അപേക്ഷകർ കടന്നുകയറേണ്ടതുണ്ട്. ഈ പ്രോഗ്രാം ചെയ്യുന്നതിലൂടെ അപേക്ഷകന്റെ ലക്ഷ്യബോധങ്ങളും ഭാവി പദ്ധതികളും താല്പര്യങ്ങളും ഒക്കെ വസ്തുനിഷ്ഠമായി അധികാരികളെ ബോധ്യപ്പെടുത്തിയിരിക്കണം.
ഒരു പ്രൊഫഷണൽ ഡിഗ്രി സ്വായത്തമാക്കുക എന്നതിലുപരി മഹത്തായ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ അപേക്ഷകൻ പ്രാപ്തനാണ് എന്ന് തെളിയിച്ചാൽ മാത്രം ലഭിക്കുന്ന ഒരു അവസരമാണ് ഇത്തരം സർവകലാശാലകളിലേക്കുള്ള പ്രവേശനങ്ങൾ. ഈ കടമ്പകൾ എല്ലാം മറികടന്ന് പ്രവേശനം ഉറപ്പാക്കിയ മർജാന് അമേരിക്കയിലെ ചില പുതിയ നിയമങ്ങൾ മൂലമുള്ള ആശങ്കകളും അലട്ടുന്നുണ്ട്. ഹാർവാഡ് അടക്കം പല യൂനിവേഴ്സിറ്റികൾക്കുമുള്ള സാമ്പത്തിക സഹായം സർക്കാർ വെട്ടിച്ചുരുക്കിയത് തന്റെ പഠനത്തിനുള്ള ചെലവ് ഭീമമായി വർധിക്കാൻ ഇടയുണ്ടെന്ന് മാർജാൻ പറയുന്നു. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ അത് പ്രാപ്യമായി എന്ന് വരില്ല.
എന്നാൽ ലഭിച്ച സുവർണാവസരം പാഴാക്കാനും മനസ്സ് സമ്മതിക്കുന്നില്ല. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സഹായം നൽകാൻ തയ്യാറായി മുമ്പോട്ടു വന്നാൽ അത് സ്വീകരിച്ചും തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ തന്നെയാണ് മർജാനും സലാമും ശ്രമങ്ങൾ നടത്തുന്നത്. പഠനം കഴിഞ്ഞ് ഏതാനും വർഷങ്ങൾ മികവ് പുലർത്തുന്ന ഏതെങ്കിലും യു.എസ് സ്ഥാപനങ്ങളിൽ ജോലിചെയ്ത് ഇന്ത്യയിലേക്ക് മടങ്ങി മാതൃരാജ്യത്തിന് തന്നെ തന്റെ സേവനം ഉപകാരപ്പെടുത്തണമെന്നാണ് മർജ്ജാന്റെ സ്വപ്നം. ദുബൈയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ഫിനാൻസ് മാനേജർ ആണ് ഭർത്താവ് സലാം. രണ്ടുപേരും മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളാണ്. മകൻ ദെനിസുമൊത്ത് ദുബൈയിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.