പത്താംക്ലാസ് പാസായിട്ട് 27 വർഷം; മകൾക്കൊപ്പം പന്ത്രണ്ടാം ക്ലാസിലും വിജയം കൈവരിച്ച് അങ്കണവാടി ജീവനക്കാരി
text_fieldsരവികലയും മകൾ തൃഷയും
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ നരികൊമ്പു ഗ്രാമത്തിൽ അമ്മയും മകളും രണ്ടാം പി.യു.സി പരീക്ഷയിൽ ഒരുമിച്ച് ജയിച്ചു. മണിമജലുവിൽ രവികലയും മകൾ തൃഷയുമാണ് ശ്രദ്ധ നേടിയത്. രവികല ആർട്സ് സ്ട്രീമിൽ സ്വകാര്യ വിഭാഗത്തിൽ പാസായപ്പോൾ മകൾ പുത്തൂരിലെ സ്വകാര്യ കോളജിൽ കൊമേഴ്‌സ് സ്ട്രീമിൽ 586 മാർക്ക് നേടി മികച്ച വിജയം നേടി.
1998-ൽ രവികല എസ്.എസ്.എൽ.സി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. വർഷങ്ങളായി നരികൊമ്പുവിലെ തരിപ്പാടി അങ്കണവാടിയിൽ ജീവനക്കാരിയാണ്. അങ്കണവാടികളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതോടെ തൊഴിലാളികൾ പി.യു.സി പാസായിരിക്കണമെന്ന് വകുപ്പ് നിർബന്ധിച്ചു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ രവികല തീരുമാനിക്കുകയായിരുന്നു.
എസ്.എസ്.എൽ.സി കഴിഞ്ഞ് 27 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യ ശ്രമത്തിൽ തന്നെ രവികല പി.യു.സി പാസായി. ജീവിതത്തിൽ കൂടുതൽ മുന്നേറാനാണ് താൻ ഈ പരീക്ഷ എഴുതിയതെന്ന് അവർ പറഞ്ഞു. ഭർത്താവിന്റെയും കുട്ടികളുടെയും സഹോദരിയുടെയും വകുപ്പിന്റെയും പിന്തുണ കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ജോലി ഉണ്ടായിരുന്നിട്ടും അഭ്യുദയകാംക്ഷികളിൽനിന്ന് പുസ്തകങ്ങൾ കടംവാങ്ങി പഠിച്ചു. പരിശ്രമം ഫലംകണ്ടു. വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച അമ്മയാണ് തന്‍റെ റോൾ മോഡലെന്ന് തൃഷ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.