Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12 മണിക്കൂർ പഠനം, എഐയുടെ സഹായം, നാല് തവണ റിവിഷൻ; സിഎ ഇന്ററിൽ ഒന്നാം റാങ്ക് നേടി സാക്ഷി

text_fields
bookmark_border
12 മണിക്കൂർ പഠനം, എഐയുടെ സഹായം, നാല് തവണ റിവിഷൻ; സിഎ ഇന്ററിൽ ഒന്നാം റാങ്ക് നേടി സാക്ഷി
cancel

ന്യൂഡൽഹി: സിഎ പോലുള്ള കടുപ്പമേറിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാൻ എഐ ടൂളുകൾ സഹായിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിനി സാക്ഷി ചന്ദക്. 2026 സെപ്റ്റംബറിൽ നടന്ന സിഎ ഇന്റർമീഡിയറ്റ് പരീക്ഷയിലാണ് നാസിക് സ്വദേശിനിയായ സാക്ഷി അഖിലേന്ത്യാ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

600ൽ 502 മാർക്ക് ലഭിച്ച സാക്ഷി 2025 ജൂലൈയിലാണ് തയ്യാറെടുപ്പ് തുടങ്ങിയത്. സ്ഥിരതയുള്ള പരിശ്രമമാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അവർ പറയുന്നു. ദിവസവും പുലർച്ചെ അഞ്ച് മണിക്ക് ഉണർന്ന് രാത്രി 10.30 വരെ നീളുന്നതായിരുന്നു പഠനക്രമം. പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവക്ക് മാത്രം ചെറിയ ഇടവേള നൽകി 12 മണിക്കൂറോളം പഠിച്ചു. പരീക്ഷ അടുത്തപ്പോൾ ഇത് 14 മണിക്കൂർ വരെയാക്കി ഉയർത്തി. മണിക്കൂറുകൾ എണ്ണി പഠിക്കുന്നതിലല്ല, പഠിക്കുന്ന സമയം എത്ര ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നാണ് സാക്ഷിയുടെ പക്ഷം.

സാക്ഷിയെ വ്യത്യസ്തയാക്കുന്നത് പഠനത്തിൽ എഐയെ ഉപയോഗിച്ച രീതിയാണ്. പലർക്കും തലവേദനയാകുന്ന ബുദ്ധിമുട്ടുള്ള ആശയങ്ങളും സങ്കീർണ്ണമായ കേസ് നിയമങ്ങളും ലളിതമായി മനസ്സിലാക്കാൻ സാക്ഷി എഐ ടൂളുകളെ ആശ്രയിച്ചു. പുസ്തകത്തിലെ കടിച്ചാൽ പൊട്ടാത്ത നിയമങ്ങൾ എഐ നൽകുന്ന ലളിതമായ വിശദീകരണങ്ങളിലൂടെയും പ്രായോഗിക ഉദാഹരണങ്ങളിലൂടെയും പഠിച്ചെടുത്തതാണ് ഗുണം ചെയ്തത്.

എല്ലാ വിഷയത്തിനും ഒരേ പഠനരീതിയല്ല സാക്ഷി പിന്തുടർന്നത്. നികുതി നിയമങ്ങൾക്ക് തുടക്കം മുതൽ തന്നെ പ്രാക്ടിക്കൽ ചോദ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ട്രാറ്റജിക് മാനേജ്മെന്റ് പോലെ ഓർമ്മിച്ചു വെക്കേണ്ട വിഷയങ്ങൾക്ക് ആവർത്തിച്ചുള്ള റിവിഷനാണ് നടത്തിയത്. തിയറി കൂടുതലുള്ള ഓഡിറ്റ് വിഷയത്തിന് നാല് തവണ റിവിഷൻ നടത്തുന്ന തന്ത്രമാണ് ഫലം കണ്ടത്. മറ്റ് സിഎ വിദ്യാർത്ഥികളെ പോലെ തയ്യാറെടുപ്പിനിടെ സമ്മർദ്ദവും ആത്മവിശ്വാസക്കുറവും തോന്നിയപ്പോൾ മാതാപിതാക്കളുടെ പിന്തുണയും അധ്യാപകരുടെ മാർഗനിർദേശവുമാണ് മുന്നോട്ട് നയിച്ചത്. ബികോം ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സാക്ഷി ഈ നേട്ടം കൈവരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CA Inter AI Topper
Next Story