പരാജയപ്പെട്ടുവെന്നു കരുതി ഒന്നും സംഭവിക്കുന്നില്ല; തോറ്റുതോറ്റു പഠിച്ച് ഐ.എ.എസുകാരനായ ഈ ബിഹാർ സ്വദേശി പറയുന്നു
text_fieldsകുമാർ അനുരാഗ് ഐ.എ.എസ്
ബിഹാറിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കുമാർ അനുരാഗ്. ഇപ്പോൾ ഗയാജി ജില്ലയിൽ മുനിസിപ്പൽ കോർപറേഷൻ കമീഷണറായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. അക്കാദമിക രംഗത്ത് അടിക്കടി പരാജയങ്ങളുണ്ടായിട്ടും അതെല്ലാം മറികടന്ന് വിജയത്തിന്റെ പാത വെട്ടിത്തെളിഞ്ഞ വ്യക്തിയാണ് അനുരാഗ്. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 48ാം റാങ്ക് നേടിയാണ് അനുരാഗ് ഐ.എ.എസുകാരനായത്.
ബിഹാറിലെ കൈഥാർ ജില്ലയിലാണ് അനുരാഗ് ജനിച്ചത്. എട്ടാംക്ലാസ് വരെ ഹിന്ദി മീഡിയം സ്കൂളിലായിരുന്നു പഠനം. എട്ടാംക്ലാസിനു ശേഷം ഇംഗ്ലീഷ് മീഡിയത്തിലായി പഠനം. ഭാഷാമാറ്റം വലിയ വെല്ലുവിളിയായിരുന്നു. കഠിന പ്രയത്നത്തിലൂടെ അക്കാദമിക പ്രകടനം മെച്ചപ്പെടുത്താൻ അനുരാഗിന് കഴിഞ്ഞു.
10ാം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്കു നേടിയാണ് വിജയിച്ചത്. പ്ലസ്ടുവിന് ചേർന്നപ്പോൾ ആ മികച്ച പ്രകടനം പുറത്തെടുക്കാൻ തുടക്കത്തിൽ അനുരാഗിന് സാധിച്ചില്ല. 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സിൽ പരാജയപ്പെട്ടത് തിരിച്ചടിയായി. എന്നാൽ കൂടുതൽ നന്നായി പഠിച്ച് ഫൈനൽ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സിൽ 94 ശതമാനം മാർക്ക് നേടിയാണ് ഈ മിടുക്കൻ ആ പരാജയം മധുരിക്കുന്നതാക്കി മാറ്റിയത്.
ഐ.ഐ.ടിയിൽ പഠിക്കാനായിരുന്നു അനുരാഗ് ആഗ്രഹിച്ചത്. പ്രവേശനം ലഭിക്കാതെ വന്നപ്പോൾ ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ ബിരുദ പഠനത്തിന് ചേർന്നു. രണ്ടാംവർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടതോടെ പഠനത്തെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് അനുരാഗ് മനസിലാക്കി. മോശമല്ലാത്ത മാർക്കോടെ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് സിവിൽ സർവീസിന് ശ്രമിക്കുന്നത്. 2017ലായിരുന്നു ആദ്യശ്രമം. അത്തവണ 667 ആയിരുന്നു റാങ്ക്. ഐ.എ.എസ് എന്ന തന്റെ സ്വപ്നം എത്തിപ്പിടിക്കാൻ സാധിച്ചില്ലെങ്കിലും അനുരാഗിനെ സംബന്ധിച്ചിടത്തോളം അത് വലിയ നേട്ടമായിരുന്നു. ഐ.എ.എസ് കിട്ടുംവരെ ശ്രമിക്കാൻ അനുരാഗ് തീരുമാനിച്ചു.
2018ൽ 28ാം റാങ്കോടെ അനുരാഗ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. 2019 മാർച്ച് മുതൽ ആഗസ്റ്റ് വരെ ഇന്ത്യൻ ഇക്കണോമിക്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും സേവനമനുഷ്ടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.