Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഇന്ത്യൻ...

ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്ന ബ്ലൂ പ്രിന്റ്; എന്താണ് ഗീത ഗോപിനാഥിന്റെ വിദ്യാഭ്യാസ യോഗ്യതകൾ?

text_fields
bookmark_border
Gita Gopinath
cancel
camera_alt

ഗീത ഗോപിനാഥ്

ഇന്ത്യയുടെ സാമ്പത്തിക ശാസ്​ത്ര ചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് ഗീത ഗോപിനാഥ് എന്നത്. ​ലോകത്തെ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധരിൽ ഒരാളാകാൻ അവരെ സഹായിച്ചത് ഇന്ത്യയിലെ അടക്കമുള്ള ഉന്നതസർവകലാശാലകളിലെ പഠനകാലത്ത് ലഭിച്ച അടിത്തറയാണ്. അടുത്തിടെ ഐ.എം.എഫിൽ നിന്ന് ഗീത രാജിവെച്ചിരുന്നു. ആഗസ്റ്റിൽ ഹാർവഡിലേക്ക് സാമ്പത്തിക ശാസ്ത്ര പ്രഫസറായി തിരിച്ചെത്താനാണ് ഈ 53കാരിയുടെ പദ്ധതി. ചരിത്രപരമായ പ്രതിസന്ധികളിൽ ആഗോള സാമ്പത്തിക നയങ്ങളിൽ ഭാഗവാക്കായതിന്റെ അനുഭവ സമ്പത്തോടു കൂടിയാണ് ഗീത ഹാർവഡിലേക്ക് മടങ്ങിയെത്തുന്നത് എന്നതും ശ്ര​ദ്ധേയം. അന്താരാഷ്ട്ര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്ന പദവിയിൽ നിന്നാണ് അവർ രാജിവെച്ചത്.

ആഗോളതലത്തിലെ പ്രശസ്തിയിലേക്കുള്ള ഗീത ഗോപിനാഥിന്റെ വളർച്ച യാദൃശ്ചികമായിരുന്നില്ല. അവരുടെ അക്കാദമിക പാരമ്പര്യം ഇന്ത്യക്ക് പുറത്തുള്ള വിദ്യാർഥികളെ പോലും ആശ്ചര്യപ്പെടുത്തുന്നതാണ്. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്ന ഒരു ബ്ലൂ പ്രിന്റാണ് ഗീത ഗോപിനാഥിന്റെ ജീവിതം.

1971 ഡിസംബർ എട്ടിന് കൊൽക്കത്തയിലെ മലയാളി കുടുംബത്തിലാണ് ഗീത ജനിച്ചത്. വളർന്ന് മൈസൂരിലും. നിർമല കോൺവെന്റ് സ്കൂളിലായിരുന്നു ആദ്യകാല പഠനം. ബിരുദ പഠനത്തിനായാണ് ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ എത്തിയത്. അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഇന്ത്യയില ആദ്യകാല വനിത സ്ഥാപനങ്ങളിൽ ഒന്നാണീ കോളജ്. അന്ന് പഠിപ്പിച്ച അധ്യാപകർ ഗീതയെ ഇപ്പോഴും ഓർത്തിരിക്കുന്നതിന് കാരണം അവർ അതിസമർഥയായ വിദ്യാർഥിയായിരുന്നു എന്നതിനാലാണ്. അതുകഴിഞ്ഞ് 1994ൽ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ വെച്ചായിരുന്നു സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രായോഗിക തലങ്ങളെ കുറിച്ച് മനസിലാക്കിയത്. അതിനു ശേഷം ഗീത ഗോപിനാഥ് അമേരിക്കയിലേക്ക് പോയി. ആദ്യം വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് എം.എയും പിന്നീട് പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡിയും ​കരസ്ഥമാക്കി. പ്രിൻസ്റ്റണിൽ ബെൻ ബെർണാൻകെ, കെന്നത്ത് റോഗോഫ്, പിയറി-ഒലിവിയർ ഗൗറിഞ്ചാസ് എന്നിവരുൾപ്പെടെ അക്കാലത്തെ ഏറ്റവും സ്വാധീനമുള്ള ചില സാമ്പത്തിക വിദഗ്ധരുടെ കീഴിലായിരുന്നു ഗീതയുടെ പഠനം. ഗവേഷണത്തിനിടെ വുഡ്രോ വിൽസൺ ഫെലോഷിപ്പ് ഗവേഷണ അവാർഡും ഗീതയെ തേടിയെത്തി.

പഠനം കഴിഞ്ഞ് ഷിക്കാഗോ യൂനിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ആയിരുന്നു അക്കാദമിക ജീവിതം തുടങ്ങിയത്. 2001ലാണ് അവിടെ പ്രഫസറായി ചേർന്നത്. അതിനു ശേഷം ജോൺ സ്വാൻസ്ട്രാ പ്രഫസർ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഇക്കണോമിക്സ് സ്റ്റഡീസിൽ ചേർന്നു. നാലുവർഷത്തിനു ശേഷം ഹാർവഡ് യൂനിവേഴ്സിറ്റിയിലത്തി. കറൻസി നയങ്ങൾ, അതിർത്തി നികുതികൾ, ആഗോളവ്യാപാരം, എന്നിവയായിരുന്നു ഹാർവഡിലെ ഗവേഷണ വിഷയങ്ങൾ.

നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിലെ ഇന്റർനാഷനൽ ഫിനാൻസ് ആൻഡ് മാക്രോ ഇക്കണോമിക്സ് പ്രോഗ്രാമിന്റെ സഹ-ഡയറക്ടർ, അമേരിക്കൻ ഇക്കണോമിക് റിവ്യൂവിൽ സഹ-എഡിറ്റർ, ബോസ്റ്റണിലെ ഫെഡറൽ റിസർവ് ബാങ്കിൽ വിസിറ്റിങ് സ്കോളർ എന്നീ നിലകളിലും സാമ്പത്തിക ഗവേഷണ മേഖലകളിൽ നേതൃപാടവം വഹിച്ചു. അക്കാദമിക് രംഗം മാത്രമായിരുന്നില്ല അവരുടെ മേഖല. ഇന്ത്യക്കാരിയാണെങ്കിലും ചുരുങ്ങിയ കാലം മാത്രമേ നമ്മുടെ രാജ്യത്തിന് അവരുടെ സേവനം ലഭിച്ചുള്ളൂ. കുറച്ചുകാലം മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായും ചുമതലയേറ്റു. 2018 ഒക്ടോബറിൽ ഐ.എം.എഫ് അവരെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ആ പദവിയിലെത്തുന്ന ആദ്യ വനിതയും രണ്ടാമത്തെ ഇന്ത്യക്കാരിയുമായിരുന്നു ഗീത ഗോപിനാഥ്. രഘുറാം രാജൻ ആണ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ. അപ്പോഴും സാമ്പത്തിക ശാസ്ത്ര അക്കാദമിക കരിയറിലേക്ക് മടങ്ങാനായിരുന്നു ഗീതയുടെ ആഗ്രഹം. എന്നാൽ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. അപ്പോഴേക്കും കോവിഡ് വന്നു. കോവിഡ് കാലത്ത് ഐ.എം.എഫിന്റെ സാമ്പത്തിക നയം രൂപപ്പെടുത്താൻ ഗീത ഗോപിനാഥ് വലിയ പങ്കുവഹിച്ചു.

2021 ഡിസംബറിൽ അവർക്ക് ഐ.എം.എഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഐ.എം.എഫിലെ രണ്ടാമത്തെ ഉയർന്ന പദവിയാണ് ഇത്. ഫണ്ടിന്റെ ആഗോള നിരീക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, സർക്കാറുകളുമായി ഉന്നതതല ഇടപെടലുകൾ നടത്തുക, മുൻനിര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ മേൽനോട്ടം വഹിക്കുക എന്നീ ചുമതലകളായിരുന്നു വഹിച്ചത്.

ഇനി ഹാർവഡിലെ ഇന്റർനാഷനൽ ഇക്കണോമിക്സിലെ പുതിയ ഗ്രിഗറി ആൻഡ് അനിയ കോഫി പ്രഫസർ സ്ഥാനത്തേക്കാണ് ഗീതയുടെ മടക്കം. ഗീതക്കു പകരക്കാരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ഐ.എം.എഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Success Storiesgita gopinathEducation NewsLatest News
News Summary - Gita Gopinath education qualifications
Next Story