ബ്രിട്ടീഷ് ബാങ്കിലെ ജോലി ഒഴിവാക്കി സിവിൽ സർവീസിന് ശ്രമിച്ചു, രണ്ടു തവണയും വിജയിക്കാനായില്ല; മൂന്നാം ശ്രമത്തിൽ ഐ.പി.എസ്
text_fieldsദീപിക അഗർവാൾ ഐ.പി.എസ്
ഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷയാണ് യു.പി.എസ്.സി സിവിൽ സർവീസ്(യു.പി.എസ്.സി-സി.എസ്.സി).ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾ പരീക്ഷ എഴുതാറുണ്ടെങ്കിലും ആയിരത്തിന് താഴെയുള്ളവർക്ക് മാത്രമാണ് സെലക്ഷൻ ലഭിക്കുന്നത്. വിദേശരാജ്യങ്ങളിലെ ബാങ്കുകളിലെയും ബഹുരാഷ്ട്ര കമ്പനികളിലെയും കോടികൾ ശമ്പളമുള്ള ജോലികൾ ഒഴിവാക്കി ഇന്ത്യയിൽ തിരിച്ചെത്തി സിവിൽ സർവീസിന് തയാറെടുക്കുന്നവരും ഒരുപാടുണ്ട്. ഈ കൂട്ടത്തിൽ പെട്ടയാളാണ് ദീപിക അഗർവാൾ. എം.ബി.എ ബിരുദം നേടിയ ഉടൻ ദീപികക്ക് ബ്രിട്ടനിലെ ബാർക്ലേസ് ബാങ്കിലെ വലിയ ശമ്പളമുള്ള ജോലി ഒഴിവാക്കിയാണ് ദീപിക സിവിൽ സർവീസ് എഴുതാനായി നാട്ടിൽ മടങ്ങിയെത്തിയത്. പരീക്ഷയെഴുതിയ ആദ്യ രണ്ടുതവണയും പരാജയപ്പെട്ടു. നിരാശ തോന്നിയെങ്കിലും മൂന്നാംശ്രമത്തിൽ അഖിലേന്ത്യ തലത്തിൽ 151 ാം റാങ്ക് നേടി ദീപിക ഐ.പി.എസുകാരിയായി. 2022-23 വർഷത്തിലായിരുന്നു അത്.
സിക്കിമിലാണ് ദീപിക അഗർവാൾ ജനിച്ചത്. ദീപികയുടെ വിദ്യാഭ്യാസ കാര്യത്തിലും കരിയറിലും അമ്മ മമത അഗർവാളിന്റെയും അച്ഛൻ ബ്രഹ്മാനന്ദയുടെയും സ്വാധീനം പ്രകടമാണ്. ഹൈസ്കൂൾ, പ്ലസ്ടു പഠന ശേഷം ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ ബി.കോമിന് ചേർന്നു. അതിനു ശേഷം ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കി. എം.ബി.എ കഴിഞ്ഞതിനു പിന്നാലെ ബാർക്ലേസ് ബാങ്കിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ലഭിച്ചു. രണ്ടുവർഷം അവിടെ തുടർന്നു. പിന്നീട് ഒമിദ്യാർ നെറ്റ്‌വർക് ഇന്ത്യയിൽ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റായി ചേർന്നു. അക്കാലത്താണ് സിവിൽ സർവീസിനെ കുറിച്ച് ആലോചിക്കുന്നത്.
സ്വന്തം നാടിനെ സേവിക്കുന്ന ജോലിയായിരുന്നു ദീപിക ആഗ്രഹിച്ചിരുന്നത്. കോർപറേറ്റ് സെക്ടറിലെ ജോലിക്കിടെ തന്നെ അതിനായുള്ള ശ്രമവും തുടങ്ങി. 2019ൽ ജോലിയും പരീക്ഷാ പഠനവും മുന്നോട്ട് കൊണ്ടുപോകാൻ ദീപിക നന്നായി കഷ്ടപ്പെട്ടു. സിവിൽ സർവീസ് നേടാനായി വലിയ ശമ്പളമുള്ള ജോലി കളയാൻ ദീപിക തയാറായി. പഠനത്തിനായി ഡൽഹി തട്ടകമാക്കി. രണ്ടാം ശ്രമത്തിൽ മോക് ടെസ്റ്റുകളുടെ സഹായത്തോടെ സിവിൽ സർവീസ് പ്രിലിംസും മെയിൻസും കടന്ന് ഇന്റർവ്യൂ വരെ എത്താൻ കഴിഞ്ഞു. എന്നാൽ മികച്ച റാങ്ക് നേടാൻ സാധിച്ചില്ല. വലിയ നിരാശ തോന്നിയ ദിവസങ്ങളിലൂടെയാണ് ദീപിക അന്ന് കടന്നുപോയത്. ഒരിക്കൽ കൂടി ശ്രമിച്ചുനോക്കാൻ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ മൂന്നാംശ്രമത്തിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ദീപികക്ക് സാധിച്ചു.
തയാറെടുപ്പ് ഇങ്ങനെ:
ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പരിസ്ഥിതി പഠനം, പൊളിറ്റിക്സ്, നൈതിക ശാസ്‍ത്രം, ഇക്കണോമിക്സ് എന്നിവയുൾക്കൊള്ളുന്നതായിരുന്നു ദീപികയുടെ ഐഛിക വിഷയം. അതിനൊപ്പം കൊമേഴ്സും അക്കൗണ്ടൻസിയും ഓപ്ഷനലായും തെരഞ്ഞെടുത്തു. സിവിൽ സർവീസ് തയാറെടുപ്പിനായി ഒന്നും മാറ്റിവെക്കാൻ ദീപിക തയാറായിരുന്നില്ല. തന്റെ പാഷനും ഹോബിയും പഠനത്തിനൊപ്പം കൊണ്ടുപോയി. പലരും സമൂഹ മാധ്യമങ്ങൾ ഒഴിവാക്കുമ്പോൾ, ദീപിക നോട്ടുകൾക്കായി ആശ്രയിച്ചത് ടെലഗ്രാം ആണ്. അതുപോലെ യൂട്യൂബ് കോച്ചിങ് കണ്ടന്റുകളും. പഠന കാലത്ത് ആരോഗ്യകരമായ ഡയറ്റ് പിന്തുടർന്ന ദീപിക സമയം കിട്ടുമ്പോൾ പാചകവും ആസ്വദിച്ചു ചെയ്തു. സമ്മർദം കുറക്കാൻ അതിരാവിലെ ദിവസവും 30-35 മിനിറ്റ് ഭരതനാട്യം പ്രാക്ടീസ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.