മൊബൈൽ ഫോൺ ഉപയോഗം നിർത്തി, ഒമ്പതു മണിക്കൂർ പഠനം ദിനചര്യയാക്കി; ഈ വർഷത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഒന്നാമനായ ടോപ്പർ ഓം പ്രകാശ് പറയുന്നു
text_fieldsഓം പ്രകാശ്
ഭുവനേശ്വറിൽ നിന്നുള്ള ഓം പ്രകാശ് ബെഹറയാണ് 2025ലെ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയത്. ഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളിലൊന്നായാണ് ജെ.ഇ.ഇയെ കണക്കാക്കുന്നത്. 300ൽ 300 മാർക്കും നേടിയാണ് ഈ മിടുക്കൻ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ നിൽക്കുന്നത്.ഏപ്രിൽ സെഷനിൽ നടന്ന പരീക്ഷയിലാണ് ഓം പ്രകാശിന്റെ നേട്ടം.
2008 ജനുവരി 12നാണ് ഓം പ്രകാശ് ജനിച്ചത്. വിദ്യാസമ്പന്നരായിരുന്നു മാതാപിതാക്കൾ. പിതാവ് കമൽകാന്ത് ബെഹറ ഒഡിഷ അഡ്മിനിസ്ട്രേറ്റിവ് സർവീസിലാണ്. അമ്മ സ്മിത റാണി ബെഹറ കോളജ് അധ്യാപികയും. രാജസ്ഥാനിലെ കോട്ടയിലായിരുന്നു ഓം പ്രകാശിന്റെ ജെ.ഇ.ഇ പരിശീലനം. മകന്റെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് അധ്യാപക ജീവിതത്തിൽ നിന്ന് മൂന്നു വർഷത്തെ അവധിയെടുത്ത് സ്മിതയും രാജസ്ഥാനിലേക്ക് കൂടുമാറി.
10ാം ക്ലാസ് പരീക്ഷയിൽ 92 ശതമാനം മാർക്കായിരുന്നു ഓം പ്രകാശിന്. പ്ലസ്ടുവിന് കോട്ടയിലെ സ്ഥാപനത്തിൽ ചേർന്നു. ദിവസവും എട്ടു മുതൽ ഒമ്പതു മണിക്കൂറാണ് ഓം പ്രകാശ് പഠനത്തിനായി മാറ്റിവെച്ചത്. അതിനിടയിൽ റിവിഷനും തെറ്റുകൾ തിരുത്താനും സംശയ നിവാരണത്തിനും സമയം കണ്ടെത്തി. മൊബൈൽ ഫോൺ മാറ്റിവെച്ചാണ് പഠിച്ചത്. അത് പഠനത്തിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാൻ സഹായിച്ചു. മാനസിക സമ്മർദം കുറയ്ക്കാൻ ഇടക്ക് നോവലുകൾ വായിച്ചു.
ഇപ്പോൾ ജെ.ഇ.ഇ അഡ്വാൻസ്ഡിനായി തയാറെടുക്കുകയാണ് ഓം പ്രകാശ്. ഐ.ഐ.ടി ബോംബെയിൽ ബി.ടെക് പഠനമാണ് ഓം പ്രകാശിന്റെ ലക്ഷ്യം. ഇത്തവണ ജനുവരി, ഏപ്രിൽ മാസങ്ങളിലായി രണ്ട് സെഷനുകളിലായാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടന്നത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾ ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.