എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അരച്ചു കലക്കി പഠിച്ചു, പഴയ ചോദ്യപേപ്പറുകൾ നിരന്തരം വിശകലനം ചെയ്തു; ശുഭം അഗർവാൾ എസ്.എസ്.സി കമ്പയിന്റ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയതിങ്ങനെ...
text_fieldsഎസ്.എസ്.സി കമ്പയിന്റ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ കടുപ്പത്തെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. തയാറെടുപ്പില്ലാതെ പോയവർ ചോദ്യ പേപ്പർ മടക്കിവെച്ച് ഉത്തര സൂചിക കറുപ്പിച്ച കഥകളും കേട്ടിട്ടുണ്ട്. അത്രയേറെ കഠിനമായ പരീക്ഷകളിലൊന്നാണിത്. എന്നാൽ കൃത്യമായ തയാറെടുപ്പുകളുണ്ടെങ്കിൽ എസ്.എസ്.സി കമ്പയിന്റ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ (എസ്.എസ്.സി-സി.ജി.എൽ) മികച്ച റാങ്ക് നേടി കേന്ദ്രസർക്കാർ ജോലി ഉറപ്പിക്കാമെന്നാണ് 2024ൽ ഈ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ശുഭം അഗർവാൾ പറയുന്നത്.
ഛത്തീസ്ഗഢാണ് അഗർവാളിന്റെ സ്വദേശം. ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ച ശുഭം അഗർവാൾ റായ്പൂർ എൻ.ഐ.ടിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ഹിന്ദി മീഡിയത്തിൽ പഠിച്ച ഒരാൾ കടുത്ത മത്സരം നിലനിൽക്കുന്ന മേഖലകളിൽ എത്തുമ്പോൾ നേരിടേണ്ട പ്രയാസങ്ങൾ ശുഭം അഗർവാളും അനുഭവിച്ചു. എസ്.എസ്.സിയിലേക്ക് കടക്കും മുമ്പ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയും സംസ്ഥാന പി.എസ്.എസി പരീക്ഷകളും ശുഭം എഴുതിയിരുന്നു. എന്നാൽ കനത്ത പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. ഒരുപാട് തവണ പരാജയം നേരിടുമ്പോൾ നിരാശരാവുക സ്വാഭാവികമാണ്. ഒരിക്കൽ അടുത്ത സുഹൃത്താണ് എസ്.എസ്.സി സി.ജി.എലിന് തയാറെടുക്കാൻ ഉപദേശിച്ചത്.
തുടർന്ന് മേയ് മധ്യത്തോടെ ശുഭം പരീക്ഷക്ക് പഠിക്കാൻ തുടങ്ങി. മത്സര പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടിയെടുക്കാൻ ദിവസവും 12 മണിക്കൂറുകൾ പഠിക്കണമെന്നാണ് പലരുടെയും ധാരണ. എന്നാൽ തീർത്തും റിയലിസ്റ്റിക്കായ പഠന രീതി പിന്തുടരാനായിരുന്നു ശുഭം അഗർവാളിന്റെ തീരുമാനം. ദിവസവും മൂന്ന്, നാല് മണിക്കൂറുകൾ പഠിക്കാനായി മാറ്റിവെക്കാൻ ശുഭം തീർച്ചപ്പെടുത്തി. പൊതു വിഷയങ്ങൾ പഠിക്കാൻ ഈ സമയം നന്നായി ഉപയോഗപ്പെടുത്തി. അവശേഷിക്കുന്ന സമയം മാത്സും റീസനിങ്ങും പഠിക്കാനായി മാറ്റിവെച്ചു. മോക്ടെസ്റ്റുകൾ വഴി ഇംഗ്ലീഷിനെ വരുതിയിലാക്കാനും ശ്രമിച്ചു.
ഏഴുവർഷം ഗണിത അധ്യാപകനായി ജോലിനോക്കിയിട്ടുണ്ട് ശുഭം. കണക്കിലെ കളികൾ വരുതിയിലാക്കാൻ അത് വളരെ സഹായിച്ചു. മുൻ വർഷത്തെ ചോദ്യപേപ്പറുകളും മനസിരുത്തി പഠിച്ചു. ഒപ്പം എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും. നിരന്തരം മോക് ടെസ്റ്റുകൾ പരിശീലിക്കുന്നതും നന്നായി ഗുണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.