ഡോ.വിദ്യ ലാലന് 2.68 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല ഫിസിക്സ് വകുപ്പ് പൂർവ വിദ്യാർഥിനിയായ ഡോ.വിദ്യ ലാലന് ഗവേഷണരംഗത്തെ പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. മികച്ച ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഗവേഷണ സഹകരണവും ഗവേഷക കൈമാറ്റവും ശക്തിപ്പെടുത്തുന്നതിനുമായി യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രമുഖ ഫെലോഷിപ്പുകളിലൊന്നാണിത്.
രണ്ട് വർഷത്തേക്കുള്ള ഫെലോഷിപ്പിന് ഏകദേശം 2.68 കോടി രൂപയുടെ സാമ്പത്തിക പിന്തുണയാണ് ലഭിക്കുക. ഈ ഫെലോഷിപ്പ് ഡോ. വിദ്യയ്ക്ക് തന്റെ ഗവേഷണമേഖലയിൽ കൂടുതൽ നൂതനമായ ഗവേഷണം നടത്താനും അന്താരാഷ്ട്ര ഗവേഷണ പരിചയവും സഹകരണങ്ങളും കൂടുതൽ ശക്തിപ്പെടുത്താനും അവസരമൊരുക്കും.
കേരള സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ എം.എസ്.സിയും പി.എച്ച്.ഡിയും നേടിയ ഡോ.വിദ്യ, അസിസ്റ്റൻറ് പ്രഫസർ ഡോ. സുബോധിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മെച്ചപ്പെട്ട മൈക്രോവേവ് അറ്റൻവേഷനുവേണ്ടി വൈദ്യുതകാന്തിക പാരാമീറ്ററുകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഡോക്ടറൽ ഗവേഷണം. നിലവിൽ ഐ.ഐ.ടി. ഖരഗ്പൂരിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിക്കുന്ന ഡോ.വിദ്യ, ഇതിന് മുമ്പ് ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മെറ്റീരിയൽ പ്രോസസ്സിംഗ്, മൈക്രോവേവ് മെഷർമെന്റുകൾ, ഹൈ-ഫ്രീക്വൻസി സിമുലേഷൻ തുടങ്ങിയ മേഖലകളിൽ സാങ്കേതിക പരിജ്ഞാനമുണ്ട്. കിളിമാനൂർ സ്വദേശി ലാലന്റെയും റീനയുടെയും മകളാണ്. ഭർത്താവ്: ഡോ. നിത്യാനന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

