എൻജിനീയറിങ് പഠിക്കാൻ ഐ.ഐ.ടികളല്ല ഏറ്റവും മികച്ചത്; ലോകത്ത് വേറെയും സർവകലാശാലകളുണ്ട് -ജെ.ഇ.ഇ അധ്യാപകൻ പറയുന്നു
text_fieldsപ്രതീകാത്മക ചിത്രം
ഇന്ത്യയിലെ ഏറ്റവും പ്രയാസമുള്ള മത്സര പരീക്ഷകളിലൊന്നാണ് ജെ.ഇ.ഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ). ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ജെ.ഇ.ഇക്കായി തയാറെടുക്കുന്നത്. അടുത്തിടെ ഈ പരീക്ഷക്കായുള്ള തയാറെടുപ്പുകൾക്കിടെ വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കവെ ജെ.ഇ.ഇ ഫിസിക്സ് അധ്യാപകനും മെന്ററുമായ നിതിൻ വിജയ് ഒരു അഭിപ്രായം പറഞ്ഞു. ഐ.ഐ.ടികൾ ഒരിക്കലും മികച്ച എൻജിനീയറിങ് പഠനകേന്ദ്രമല്ല എന്നായിരുന്നു അത്. നിലവിൽ ഇന്ത്യയിൽ 23 ഐ.ഐ.ടികളുണ്ട്. എൻജിനീയറിങ്, ടെക്നോളജി മേഖലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായാണ് ഐ.ഐ.ടികളെ കണക്കാക്കുന്നത്. എന്നാൽ നിതിൻ പറയുന്നത് അൽപം വ്യത്യസ്തമായ കാര്യമാണ്.
എൻജിനീയറിങ് പഠിക്കാൻ ഐ.ഐ.ടികളേക്കാൾ മികച്ച യൂനിവേഴ്സിറ്റികൾ ലോകരാജ്യങ്ങളിലുണ്ടെന്നുമാണ് പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിനിടെ നിതിൻ വിലയിരുത്തിയത്. എൻജിനീയറിങ് ബിരുദ പഠനത്തിന് പ്രിൻസ്റ്റൻ യൂനിവേഴ്സിറ്റിയാണ് ഏറ്റവും മികച്ചത്. മികച്ച എൻജിനീയറിങ് ബ്രാഞ്ചുകളുണ്ട് അവിടെ. ബിരുദം നേടിക്കഴിഞ്ഞാൽ ഓക്സ്ഫഡിലേക്കോ സ്റ്റാൻഫോഡിലേക്കോ പോകാം. മികച്ച എൻജിനീയറിങ് ബ്രാഞ്ചുകളുള്ള നിരവധി സർവകലാശാലകൾ യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടെന്നും നിതിൻ തുടർന്നു.
എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുമ്പോൾ ഒരു സ്ഥാപനവും 100 ശതമാനം മികച്ചതല്ല എന്ന് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സ്ഥാപനങ്ങളും വ്യത്യസ്ത ബ്രാഞ്ചുകളിലാണ് ഗുണമേൻമ പുലർത്തുന്നത്. ഇന്ത്യയിലെ കാര്യം പരിശോധിക്കുകയാണെങ്കിൽ സിവിൽ എൻജിനീയറിങിൽ റൂർക്കീ ഐ.ഐ.ടി ആണ് ഏറ്റവും മികച്ചത്. ഇന്ത്യയെ വെച്ചുനോക്കുമ്പോൾ മെക്കാനിക്കൽ ബ്രാഞ്ചിൽ ചില യൂറോപ്യൻ കോളജുകളാണ് ലോകത്ത് ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശരാശരി പഠന നിലവാരത്തിലുള്ള വിദ്യാർഥികൾക്ക് ടോപ്പർമാരാകാനുള്ള ചില ടിപ്സുകൾ സംഭാഷണത്തിനിടെ നിതിൻ പങ്കുവെച്ചു. ദിവസേനയുള്ള പഠന വിലയിരുത്തലാണ് ഏറ്റവും മുഖ്യം. പഠനകാര്യത്തിൽ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന അബദ്ധങ്ങളെ കുറിച്ച് മനസിലാക്കുക. ലക്ഷ്യം നേടാൻ തടസ്സങ്ങളായി നിൽക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ ഭൂരിഭാഗം വിദ്യാർഥികൾക്കും കഴിയണമെന്നില്ലെന്നും ഈ കാര്യങ്ങൾ ഓർത്തുവെച്ചാൽ പഠനം കൂടുതൽ മെച്ചപ്പെടുത്താമെന്നും അദ്ദേഹം ഉറപ്പുപറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.