'ചെറിയ കാര്യം പോലും വില കുറച്ച് കാണരുത്, ഒരുപക്ഷേ ഏറ്റവും വില മതിക്കുന്ന സ്വത്തുക്കളാവാം അത്'; ഐ.ഐ.ടി ജീവിതത്തെ കുറിച്ച് എൻജിനീയറിങ് വിദ്യാർഥി
text_fieldsസ്പർശ് സൊമാനി
അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് കണ്ടാണ് സ്പർശ് സൊമാനി വളർന്നത്. അച്ഛൻ ബിസിനസുകാരനാണ്. അമ്മ വീട്ടമ്മയും. സ്പർശ് സൊമാനി നന്നായി പഠിക്കുമായിരുന്നു. പഠനം പോലെ സംഗീതം, ഫുട്ബോൾ എന്നിവയും സൊമാനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
വലിയ കാര്യങ്ങൾ സ്വപ്നം കാണാനാണ് സ്പർശ് സൊമാനി എന്നും ഇഷ്ടപ്പെട്ടത്. അതിനായി പ്രയത്നിക്കുകയും ചെയ്യും. ഐ.ഐ.ടിയിൽ പഠിക്കുക എന്നതായിരുന്നു സൊമാനിയുടെ സ്വപ്നം.
രാജസ്ഥാനിലെ കിഷൻഗഡ് ആണ് സൊമാനിയുടെ സ്വദേശം. ആഗ്രഹം പോലെ ഐ.ഐ.ടിയിൽ പഠിക്കാൻ സൊമാനിക്ക് കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായി സൊമാനി വീടുവിട്ടിട്ട് ഇപ്പോൾ വർഷങ്ങളായി. കൂട്ടുകാർക്കൊപ്പമുള്ള രാത്രികാല യാത്രയാണ് സൊമാനിക്ക് ഇപ്പോൾ ഏറ്റവും വലിയ നഷ്ടമായി തോന്നുന്ന ഒന്ന്. അത്പോലെ വീട് തന്നിരുന്ന സംരക്ഷണവും വീട്ടിലുണ്ടാക്കിയ ഭക്ഷണവും.
അജ്മീറിലെ മയൂർ സ്കൂളിലായിരുന്നു സൊമാനി പഠിച്ചിരുന്നത്. സ്കൂൾ കാലത്ത് ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു. ഇഷ്ടമുള്ള വിഷയങ്ങൾക്ക് മാത്രം നല്ല മാർക്ക് വാങ്ങി. മാത്സും സയൻസും ഹിസ്റ്ററിയും സൊമാനിക്ക് ഇഷ്ടമായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും 2022ൽ 10ാം ക്ലാസിൽ 91 ശതമാനം മാർക്കുവാങ്ങാൻ സൊമാനിക്ക് കഴിഞ്ഞു. 12ാം ക്ലാസ് പരീക്ഷയിൽ 90.6 ശതമാനവും.
കുട്ടിക്കാലത്ത് താൻ ചോദിക്കുന്നതെല്ലാം വാങ്ങിത്തരാൻ മാതാപിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് അൽപം മുതിർന്നപ്പോൾ സൊമാനി മനസിലാക്കി. നന്നായി പാടുമായിരുന്നു സൊമാനി. പിയാനോയും വായിക്കും. മകൻ പറയുന്നതിനൊന്നും ആ മാതാപിതാക്കൾ പറ്റില്ല എന്ന് പറഞ്ഞിരുന്നില്ല. പിന്നീട് വലിയ സ്വപ്നങ്ങൾ കാണാൻ സൊമാനിക്ക് വലിയ പ്രചോദനമായി.
2024ൽ ബോർഡ് പരീക്ഷക്കൊപ്പമാണ് സൊമാനി ജെ.ഇ.ഇ മെയിനും അഡ്വാൻസ്ഡും എഴുതിയത്. അക്കുറി ജനുവരിയിൽ ജെ.ഇ.ഇ ശമയിൻ എഴുതി. മേയ് 26ന് ജെ.ഇ.ഇ അഡ്വാൻസ്ഡും. ആദ്യ ശ്രമത്തിൽ തന്നെ ജെ.ഇ.ഇ മെയിനിൽ 99.81 ശതമാനം സ്കോർ ചെയ്യാനായി. ജെ.ഇ.ഇ അഡ്വാൻസ്ഡിലും നല്ല സ്കോർ ലഭിച്ചു.
കോട്ടയിലായിരുന്നു പരിശീലനം. 10ാം ക്ലാസിൽ ഒപ്പം പഠിച്ച ഭൂരിഭാഗം കുട്ടികളും പ്ലസ്‍വണ്ണിന് കൊമേഴ്സ് എടുത്ത് ജീവിതം ആസ്വദിച്ച് നടന്നപ്പോൾ, കോട്ടയിലെ പരിശീലനകേന്ദ്രത്തിൽ സൊമാനി കഷ്ടപ്പെട്ടു പഠിച്ചു. നഷ്ടബോധം വല്ലാതെ പിടിമുറുക്കി. ആദ്യമായാണ് വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത്. അതിന്റെ പ്രശ്നം വേറെയും. പ്ലസ്ടുവിന് സയൻസെടുത്ത് പഠിക്കാൻ അധ്യാപകരാണ് സൊമാനിയിൽ സമ്മർദം ചെലുത്തിയത്.
കോട്ടയിലെ പഠനകാലത്ത് ശരീരഭാരം നന്നേ കുറഞ്ഞു. 63കിലോ ശരീരഭാരമുണ്ടായിരുന്നത 51 ആയി കുറഞ്ഞു. ആദ്യ ആറുമാസക്കാലം പിടിച്ചുനിൽക്കാൻ നന്നായി കഷ്ടപ്പെട്ടു. വീട്ടിൽ നിന്ന് അഞ്ചുമണിക്കൂർ ദൂരമേ കോട്ടയിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എട്ടുമാസത്തോളം വീട്ടിൽ പോകാനേ കഴിഞ്ഞില്ല. ജെ.ഇ.ഇ ഫലം വന്നപ്പോൾ എല്ലാ കഷ്ടപ്പാടിനും ഫലമുണ്ടായി. ബോംബെ ഐ.ഐ.ടിയിൽ പ്രവേശനവും ലഭിച്ചു. ഇപ്പോൾ ബോംബെ ഐ.ഐ.ടിയിൽ ബി.ടെക് സിവിൽ എൻജിനീയറിങ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്.
കോഡിങ് പഠിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് സൊമാനി സിവിൽ എൻജിനീയറിങ് തെരഞ്ഞെടുത്തത്. വെറുമൊരു ജോലി മുന്നിൽ കണ്ട് പഠിക്കാനും ഇഷ്ടമല്ലായിരുന്നു. സിവിൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടതായിരുന്നു അച്ഛന്റെ ബിസിനസും. ഐ.ഐ.ടിയിൽ പഠിക്കാനായി ബോംബെയിലെത്തിയപ്പോൾ ജീവിതം കുറെ കൂടി എളുപ്പമായി തോന്നി. കാരണം രണ്ടുവർഷക്കാലം കോട്ടയിൽ കഷ്ടപ്പെട്ട് പഠിച്ചതാണല്ലോ. അവിടത്തെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ചു. കാന്റീനിൽ ഓരോ ദിവസവും വിഭവങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. സഹപാഠികളും സഹൃദയരായിരുന്നു.
പഠനവും കലാജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ആർട്സ് ഫെസ്റ്റ് കാലങ്ങളിൽ രാത്രി മൂന്നോ നാലോ മണിക്കൂറുകൾ മാത്രമാണ് ഉറങ്ങാൻ കഴിഞ്ഞത്. എങ്കിലും അതെല്ലാം ആസ്വദിച്ചു. പുതുതായി പരിചയപ്പെടുന്നവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.
രാവിലെ മുതൽ വൈകീട്ട് വരെ ക്ലാസ്, ക്ലാസ് കഴിഞ്ഞാൽ ക്രിക്കറ്റ്, ഫുട്ബോൾ, സുഹൃത്തുക്കൾക്കൊപ്പമുള്ള കറക്കം എല്ലാം സൊമാനി ആസ്വദിച്ചു. രാത്രി കലാജീവിതവും. ഒന്നാംക്ലാസ് മുതൽ അഞ്ച് വരെ സംഗീതം പഠിച്ചിട്ടുണ്ട് സൊമാനി. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാടും.
പഠനത്തിന് ശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യാനാണ് സൊമാനി താൽപര്യപ്പെടുന്നത്. ബി.ടെക് ഒന്നാംവർഷം സുഹൃത്തുക്കളുടെ സ്റ്റാർട്ടപ്പിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും അധിക കാലം തുടർന്നില്ല.
എല്ലാവരോടും സംസാരിക്കുക. ചെറിയ നിമിഷങ്ങൾ പോലും വില കുറച്ച് കാണരുത്, ഭാവിയിൽ നിങ്ങളേറ്റവും വില മതിക്കുന്ന സമ്പത്ത് തന്നെയായേക്കാം അത്...ഇതാണ് ഐ.ഐ.ടി ജീവിതത്തെ കുറിച്ച് സൊമാനിക്ക് പറയാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.