മാരിടൈം സർവകലാശാലയിൽ ബി.ടെക്, എം.ടെക്, ബി.എസ്‍സി, എം.ബി.എ
text_fieldsകപ്പൽ നിർമാണശാലകളിലും കപ്പലുകളിലും തുറമുഖങ്ങളിലുമൊക്കെ മികച്ച തൊഴിലിന് വഴിയൊരുക്കുന്ന മാരിടൈം കോഴ്സുകൾ പഠിക്കാൻ മികച്ച അവസരം. ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് (ഐ.എം.യു-സി.ഇ.ടി 2025) ഇപ്പോൾ അപേക്ഷിക്കാം. ഇതുവഴി ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടുകാർക്ക് ഉപരിപഠനം നടത്താവുന്ന ബിരുദ കോഴ്സുകളടക്കം ഏറെ തൊഴിൽ സാധ്യതകളുള്ള ബിരുദ-ബിരുദാനന്തര പ്രഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടാം.
കപ്പലുകളിലും മറ്റും മറൈൻ എൻജിനീയർ, കപ്പിത്താൻ മുതലായ ജോലികൾ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കോഴ്സുകൾ സർവകലാശാലയുടെ വിവിധ കാമ്പസുകളിലായി നടത്തുന്നുണ്ട്. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഐ.എം.യുവിന്റെ ചെന്നൈ, കൊച്ചി, വിശാഖപട്ടണം, നവിമുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത എന്നിവിടങ്ങളിലെ കാമ്പസുകളിലും 17 അഫിലിയേറ്റഡ് കോളജുകളിലുമാണ് കോഴ്സുകളുള്ളത്.
വിജ്ഞാപനവും പ്രോസ്പെക്ടസും www.imu.edu.inൽ നിന്ന് ഡൗണലോഡ് ചെയ്യാം. പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിന് മേയ് 2 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
ഐ.എം.യു കാമ്പസുകളും കോഴ്സുകളും: ബി.ടെക്-മറൈൻ എൻജിനീയറിങ്, നാലുവർഷം (ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കാമ്പസുകളിലാണ് കോഴ്സുകളുള്ളത്).
ബി.ടെക്-നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്, നാലുവർഷം (വിശാഖപട്ടണം കാമ്പസ്)
ബി.ടെക്-നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, നാലുവർഷം (വിശാഖപട്ടണം)
ബി.എസ്‍സി-നോട്ടിക്കൽ സയൻസ്, മൂന്നു വർഷം (കൊച്ചി, ചെന്നൈ, നവി മുംബൈ)
ഇവയെല്ലാം റസിഡൻഷ്യൽ പ്രോഗ്രാമുകളായതിനാൽ കാമ്പസിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, വിഷയങ്ങൾക്ക് ശരാശരി 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 10/12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം. പട്ടികവിഭാഗം വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്, ഒരുവർഷം (ചെന്നൈ, നവിമുംബൈ), (ബി.എസ്‍സി) അപ്ലൈഡ് നോട്ടിക്കൽ സയൻസ് കോഴ്സിൽ തുടർ പഠനമാവാം)
മേൽപറഞ്ഞ യോഗ്യത അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി ഒരു വിഷയമായി ബി.എസ്‍സി (55 ശതമാനം മാർക്ക് വേണം) അല്ലെങ്കിൽ ബി.ഇ/ബി.ടെക് (50 ശതമാനം മാർക്കുണ്ടാകണം) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം.
ബി.ബി.എം ലോജിസ്റ്റിക്സ് റീട്ടെയിലിങ് ആൻഡ് ഇ-കോമേഴ്സ്, മൂന്നുവർഷം (ചെന്നൈ, കൊച്ചി)
ബി.ബി.എ-മാരിടൈം ലോജിസ്റ്റിക്സ്, മൂന്നുവർഷം (വിശാഖപട്ടണം)
യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്. 10/12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം.
ബി.ബി.എ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ മെരിറ്റടിസ്ഥാനത്തിലാണ് പ്രവേശനം.
എം.ടെക് (നോൺ റസിഡൻഷ്യൽ) -നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഓഷഷൻ എൻജിനീയറിങ് (വിശാഖപട്ടണം), ഡ്രഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ് (വിശാഖപട്ടണം). യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/സിവിൽ/മറൈൻ/നേവൽ ആർക്കിടെക്ച്ചർ/ഫിഷറീസ് എൻജിനീയറിങ്)
എം.ടെക് (മറൈൻ ടെക്നോളജി) (കൊൽക്കത്ത) യോഗ്യത-ബി.ഇ/ബി.ടെക് (മറൈൻ എൻജിനീയറിങ്/മെക്കാനിക്കൽ/നേവൽ ആർക്കിടെക്ച്ചർ) അല്ലെങ്കിൽ എ.എം.ഐ.ഇ പാർട്ട് എ & ബി (മെക്കാനിക്കൽ/നേവൽ ആർക്കിടെക്ച്ചർ) അല്ലെങ്കിൽ എം.ഇ.ഒ ക്ലാസ് വൺ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി നേടിയിരിക്കണം. ഗേറ്റ് സ്കോർ ഉള്ളവർക്ക് പ്രവേശന പരീക്ഷയില്ല.
എം.ടെക് (എൻവയൺമെന്റൽ എൻജിനീയറിങ്) യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക്.
എം.ടെക് പ്രോഗ്രാമുകളിലേക്ക് പ്രാബല്യത്തിലുള്ള ഐ.എം.യു-സി.ഇ.ടി റാങ്ക്/ഗേറ്റ്/സി.യു.ഇ.ടി (പി.ജി) സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
എം.ബി.എ -ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം, കൊച്ചി).
എം.ബി.എ -പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് (ചെന്നൈ കൊച്ചി).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. 10/12 ബിരുദതല പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയരുത്.
അപേക്ഷ ഫീസ്: ബി.ബി.എ കോഴ്സിന് -200 രൂപ, പട്ടികവിഭാഗം വിദ്യാർഥികൾക്ക് 140 രൂപ. മറ്റെല്ലാ യു.ജി, പി.ജി കോഴ്സുകൾക്കും 1000 രൂപ. പട്ടിക വിഭാഗം വിദ്യാർഥികൾക്ക് 700 രൂപ.
പ്രവേശന പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത ഐ.എം.യു.സി.ഇ.ടി -2025. മേയ് 24ന് രാവിലെ 11 മുതൽ രണ്ടു മണിവരെ നടത്തും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. പരീക്ഷാ ഘടനയും സിലബസും പ്രവേശന നടപടികളും പ്രോസ്പെക്ടസിലുണ്ട്.
ബി.ബി.എ ഒഴികെ മറ്റെല്ലാ യു.ജി കോഴ്സുകളിലും ഐ.എം.യു-സി.ഇ.ടി റാങ്കടിസ്ഥാനത്തിൽ പ്രവേശന കൗൺസലിങ് വഴിയാണ് സീറ്റ് അലോട്ട്മെന്റ്. കോഴ്സുകൾ ആഗസ്റ്റിലാരംഭിക്കും.
ഫീസ് ഘടന: ഐ.എം.യു കാമ്പസുകളിലെ വാർഷിക ഫീസ് (മൊത്തം) -ബി.ടെക് ബി.എസ്‍സി, ഡിപ്ലോമ നോട്ടിക്കൽ സയൻസ്) 2,75,000 രൂപ, എം.ടെക് 2,05,000 രൂപ, ബി.ബി.എ 1,05,000 രൂപ, എം.ബി.എ 2,05000 രൂപ. രജിസ്ട്രേഷൻ ഫീസ് -10,000 രൂപ. നോൺ റസിഡൻഷ്യൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് കാമ്പസ് ഹോസ്റ്റലിൽ താമസിക്കുന്നതിന് ഒരു വർഷത്തേക്ക് 7,0000 രൂപ നൽകണം. പ്രോഗ്രാം ഫീസ്, കോഷൻ ഡിപ്പോസിറ്റ്-30,000 രൂപ വീതം.
സമർഥരായ വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭ്യമാകും.
തൊഴിൽ സാധ്യത
പഠിച്ചിറങ്ങുന്ന കോഴ്സുകളുടെ അടിസ്ഥാനത്തിൽ ഷിപ്പിങ് കമ്പനികൾ, കപ്പൽ നിർമാണശാലകൾ, ഷിപ്പ് റിപ്പയർ യാർഡുകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് മർച്ചന്റ് നേവി അടക്കമുള്ള മാരിടൈം വ്യവസായ മേഖലയിൽ മറൈൻ സർവേയർ, പ്രോജക്ട് മാനേജർ, ഓപറേഷൻസ് മാനേജർ, നാവിഗേഷൻ ഓഫിസർ, ഡെക്ക് ഓഫിസർ, മറൈൻ പൈലറ്റ്, മറൈൻ ടെക്നീഷ്യൻ, മറൈൻ ടെർമിനൽ മാനേജർ, ഷിപ്പിങ് ഏജന്റ്, കൺസൾട്ടന്റ്, മറൈൻ ഇൻഷുറൻസ്, സ്പെഷലിസ്റ്റ്, ഫാക്കൽറ്റി മുതലായ തസ്തികകളിലാണ് തൊഴിലവസരം. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.