Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസാൽവേജ് ക്രൂ;...

സാൽവേജ് ക്രൂ; കടൽദുരന്തങ്ങളിലെ രക്ഷകർ

text_fields
bookmark_border
സാൽവേജ് ക്രൂ; കടൽദുരന്തങ്ങളിലെ രക്ഷകർ
cancel

ഈയടുത്ത് ഏറെ ​വാർത്താ പ്രധാന്യം നേടിയ സംഭവങ്ങളാണല്ലോ അറബിക്കടലിൽ നടന്ന കപ്പലപകടങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കപ്പലപകടങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും കടലിലെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും സംരക്ഷണം നൽകുന്ന ധീരരായ രക്ഷാപ്രവർത്തകരാണ് സാൽവേജ് ക്രൂ. സാഹസികതയും കഠിനാധ്വാനവും ഉയർന്ന മാനസിക ധൈര്യവും ആവശ്യമുള്ള ജോലിയാണിത്.

‘മറൈൻ സാൽവേജ്’ എന്നത് കടലിൽ അപകടത്തിൽപ്പെട്ട കപ്പലിനെയും അതിലെ ചരക്കുകളെയും സുരക്ഷിതമായി വീണ്ടെടുക്കുന്ന പ്രക്രിയയാണ്. അതിസങ്കീർണമായ ഈ ജോലികൾ ചെയ്യുന്ന ടീമിനെയാണ് സാൽവേജ് ക്രൂ അല്ലെങ്കിൽ ‘സാൾവേഴ്സ്’ എന്ന് പറയുന്നത്.

പ്രധാന ജോലികൾ

മുങ്ങിയ കപ്പലുകൾ ഉയർത്തുക, തീപിടിച്ച കപ്പലുകളിലെ തീ അണയ്ക്കുക, കരയ്ക്കടിഞ്ഞ കപ്പലുകളെ കടലിലിറക്കുക എന്നിവയെല്ലാം ഇതിൽപെടും. എണ്ണ ചോർച്ച, മറ്റ് രാസവസ്തുക്കളുടെ ചോർച്ച എന്നിവ തടയുകയും അതുവഴിയുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുക.

കപ്പലിനെ സുരക്ഷിതമാക്കാൻ ആവശ്യമായ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുക. മുങ്ങിയ കപ്പലുകൾ കണ്ടെത്തുക, കേടുപാടുകൾ വിലയിരുത്തുക, മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തുക.

അപകടസ്ഥലം വിശദമായി പരിശോധിക്കുകയും തകരാറുകളുടെ വ്യാപ്തി വിലയിരുത്തുകയും അതിനനുസരിച്ച് രക്ഷാപ്രവർത്തനത്തിനുള്ള പദ്ധതികൾ തയാറാക്കുകയും ചെയ്യുക. ക്രെയിനുകൾ, പമ്പുകൾ, ടഗ്ബോട്ടുകൾ, മുങ്ങൽ ഉപകരണങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.

സാൽവേജ് ക്രൂ

ആകാനുള്ള യോഗ്യതകൾ

സാൽവേജ് ക്രൂ ആകാൻ ഒരു പ്രത്യേക കോഴ്സ് എന്നതിലുപരി, മറൈൻ മേഖലയിലെ വിവിധ ജോലികളിലെ അനുഭവസമ്പത്തും പ്രത്യേക പരിശീലനങ്ങളുമാണ് പ്രധാനം. ഈ രംഗത്തേക്ക് വരാൻ താഴെ പറയുന്ന യോഗ്യതകളും കഴിവുകളും ആവശ്യമാണ്:

1. വിദ്യാഭ്യാസം

അടിസ്ഥാന യോഗ്യത: മർച്ചന്റ് നേവിയിലെ ഒരു റേറ്റിങ്സ് കോഴ്സ് പൂർത്തിയാക്കുന്നത് സാൽവേജ് രംഗത്തേക്ക് പ്രവേശിക്കാൻ നല്ല അടിത്തറ നൽകും. പത്താം ക്ലാസ് പാസായവർക്ക് ഇതിന് ചേരാവുന്നതാണ്.

ഓഫിസർ ലെവലിൽ: ബി.എസ്‍സി നോട്ടിക്കൽ സയൻസ് അല്ലെങ്കിൽ ബി.ടെക് മറൈൻ എൻജിനീയറിങ് പോലുള്ള കോഴ്സുകൾ പൂർത്തിയാക്കിയ മർച്ചന്റ് നേവി ഓഫിസർമാർക്ക് സാൽവേജ് രംഗത്തേക്ക് തിരിയാൻ സാധിക്കും.

സാങ്കേതിക യോഗ്യത: നേവൽ ആർക്കിടെക്ചർ, മറൈൻ എൻജിനീയറിങ്, ഓഷ്യൻ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് സാൽവേജ് എൻജിനീയർപോലുള്ള ഉയർന്ന തസ്തികകളിലേക്ക് എത്താൻ സാധിക്കും.

മുങ്ങൽ വിദഗ്ദ്ധർക്ക്: വാണിജ്യപരമായ മുങ്ങൽ ലൈസൻസുകൾ നിർബന്ധമാണ്.

കരിയർ സാധ്യതകളും വളർച്ചയും

സാൽവേജ് മേഖലയിലെ കരിയർ വളർച്ച പല ഘട്ടങ്ങളിലൂടെയാണ്. ഒരു സാൽവേജ് കമ്പനിയിൽ "ഡോഗ്സ്ബോഡി" (സാധാരണ ജോലികൾ ചെയ്യുന്നയാൾ), ഡൈവർ, അല്ലെങ്കിൽ സീമാൻ എന്ന നിലയിൽ കരിയർ ആരംഭിക്കാം.

ഓരോ സാൽവേജ് ഓപറേഷനും വ്യത്യസ്തമായതിനാൽ, വൈവിധ്യമാർന്ന സാഹചര്യങ്ങളിൽ പ്രവർത്തിച്ച് അറിവ് നേടേണ്ടത് അത്യാവശ്യമാണ്. വിവിധതരം സാൽവേജ് കോഴ്സുകൾ, സുരക്ഷാ പരിശീലനങ്ങൾ, മുങ്ങൽ പരിശീലനങ്ങൾ എന്നിവ കരിയർ വളർച്ചക്ക് സഹായിക്കും.

സാൽവേജ് ഡൈവർ, സാൽവേജ് എൻജിനീയർ, പ്രോജക്ട് മാനേജർ, സാൽവേജ് മാസ്റ്റർ തുടങ്ങിയവയാണ് ഈ കമ്പനികളിലെ പ്രധാന തസ്തികകൾ. ഒരു സാൽവേജ് ഓപ്പറേഷന്റെ പരമോന്നത ചുമതല വഹിക്കുന്ന വ്യക്തിയാണ് സാൽവേജ് മാസ്റ്റർ. സാധാരണ മർച്ചന്റ് നേവി ക്യാപ്റ്റനോ അല്ലെങ്കിൽ ഉയർന്ന മറൈൻ എൻജിനീയറിങ് ബിരുദമുള്ളവരോ ആണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്.

മുങ്ങൽ പരിശീലനം

മുങ്ങൽ ജോലികളിൽ താൽപര്യമുള്ളവർക്ക് വാണിജ്യ മുങ്ങൽ പരിശീലനം നേടാം. ഇന്ത്യയിൽ ചില സ്ഥാപനങ്ങളിൽ ഈ കോഴ്സുകളുണ്ട്.

● നോർത്തേൺ മാരിടൈം ട്രെയിനിങ് സെന്റർ, ആഗ്ര: അണ്ടർവാട്ടർ വെൽഡിങ് ഉൾപ്പെടെയുള്ള വാണിജ്യ മുങ്ങൽ കോഴ്സുകൾ ഇവിടെ ലഭ്യമാണ്.

● ഡൈവ് ഇന്ത്യ, അന്തമാൻ -നികോബാർ: വിനോദപരമായ ഡൈവിങ് കോഴ്സുകൾക്കൊപ്പം ചില പ്രഫഷണൽ കോഴ്സുകളും ഇവർ നടത്തുന്നുണ്ട്.

മറ്റു കോഴ്സുകൾ

● ലോയ്ഡ്സ് മാരിടൈം അക്കാദമി: മറൈൻ സാൽവേജ്, ഷിപ്പിങ് എൻവയോൺമെന്റ് ആൻഡ് സസ്റ്റൈനബിലിറ്റി, ആക്സിഡന്റ് പ്രിവൻഷൻ ആൻഡ് എമർജൻസി റെസ്പോൺസ് തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ നൽകുന്നുണ്ട്. ഇത് സാൽവേജ് നിയമം, സാൽവേജ് പ്രവർത്തനങ്ങൾ, അപകടസാധ്യതകൾ കൈകാര്യം ചെയ്യൽ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകും. ചില അന്താരാഷ്ട്ര സ്ഥാപനങ്ങളും സാൽവേജ് സംബന്ധമായ ഹ്രസ്വകാല കോഴ്സുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.

അനുബന്ധ കോഴ്സുകൾ

റിഗ്ഗിങ് ആൻഡ് സ്ലിംഗിങ് കപ്പലുകളിലെ ഭാരം ഉയർത്തുന്നതിനും താഴ്ത്തുന്നതിനും ആവശ്യമായ കഴിവുകൾ. വാട്ടർ സർവൈവൽ ആൻഡ് റെസ്ക്യൂ ട്രെയിനിങ് കടലിലെ അതിജീവനത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യമായ പരിശീലനം. ഓയിൽ സ്പിൽ റെസ്പോൺസ് കോഴ്സുകൾ: പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള പരിശീലനം.

ഇന്ത്യയിലെ കമ്പനികൾ

ഇന്ത്യയിൽ സാൽവേജ് ഓപറേഷനുകൾ നടത്തുന്ന ചില കമ്പനികളുണ്ട്. ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഇന്ത്യൻ ബ്രാഞ്ചുകളോ അല്ലെങ്കിൽ അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരോ ആണ്.

● റിസോൾവ് മറൈൻ: പ്രമുഖ ആഗോള സാൽവേജ് കമ്പനിയാണിത്. അവർക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ട്.

● എസ്.എം.ഐ.ടി സാൽവേജ്: ലോകത്തിലെ ഏറ്റവും വലിയ സാൽവേജ് കമ്പനികളിലൊന്ന്. ആഗോളതലത്തിൽ സാൽവേജ് പ്രവർത്തനങ്ങളുണ്ട്.

● ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ: സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനി നേരിട്ട് സാൽവേജ് പ്രവർത്തനങ്ങൾ നടത്താറില്ലെങ്കിലും ഇത്തരം സേവനങ്ങൾ പുറത്തുനിന്ന് എടുക്കാറുണ്ട്.

കരിയർ സാധ്യതകൾ അറിയാൻ ഈ കമ്പനികളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerCareer NewsCareer And Education NewsEducation News
News Summary - career in a salvage crew
Next Story