കോളജ് അധ്യാപക നിയമനം; 328 അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: ജോലിഭാരം ഉയർത്തിയും പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് റദ്ദാക്കിയും സംസ്ഥാനത്തെ കോളജുകളിൽ സർക്കാർ വെട്ടിക്കുറച്ചത് 328 അധ്യാപക തസ്തികകൾ. 2020 ഏപ്രിൽ ഒന്നിനും മേയ് 25നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അനന്തരഫലമാണ് പി.എസ്.സി റാങ്ക് പട്ടികകൾ നോക്കുകുത്തിയാക്കി തസ്തികകൾ ഇല്ലാതാക്കുന്നത്.
ഉത്തരവ് വഴി അധിക തസ്തികകൾക്ക് ഉൾപ്പെടെ ആഴ്ചയിലെ ജോലി ഭാരം 16 മണിക്കൂറാക്കി ഉയർത്തി. നേരത്തെ ആദ്യ തസ്തികക്ക് 16ഉം അധിക തസ്തികക്ക് ഒമ്പതും മണിക്കൂറായിരുന്നു ജോലിഭാരം. 16 മണിക്കൂറില്ലാത്ത തസ്തികകളിൽ ഗെസ്റ്റ് അധ്യാപക നിയമനമാക്കി. ഒറ്റ അധ്യാപകരുള്ള വിഷയങ്ങൾക്ക് 12 മണിക്കൂർ മതിയെന്നത് 16 ആക്കി ഉയർത്തി.
ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിച്ചിരുന്ന യു.ജി.സി വ്യവസ്ഥയും റദ്ദാക്കി. പിന്നാലെ കോളജുകളിലെ ജോലി ഭാരം അവലോകനം ചെയ്ത് തസ്തികകളുടെ എണ്ണം പുനഃക്രമീകരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരമിച്ച 328 അധ്യാപക തസ്തികകൾ അധികമെന്ന് വിലയിരുത്തി വെട്ടിയത്. പി.ജിയും ഗവേഷണ ബിരുദവും നെറ്റ്/ ജെ.ആർ.എഫും ഉൾപ്പെടെയുള്ള ഉന്നത യോഗ്യത നേടിയവർ നിയമനം കാത്ത് പി.എസ്.സി റാങ്ക് പട്ടികയിൽ നിൽക്കുമ്പോഴാണ് സർക്കാറിന്റെ കടുംവെട്ട്.
ഏറ്റവും കൂടുതൽ അധ്യാപക തസ്തിക ഇല്ലാതാകുന്നത് കോമേഴ്സിലാണ്; 57 എണ്ണം. നിലവിലുള്ള അധ്യാപകരെ പ്രശ്നം ബാധിക്കില്ലെങ്കിലും തസ്തിക വെട്ടിക്കുറക്കാനുള്ള തീരുമാനത്തോടെ കോളജ് അധ്യാപക നിയമനത്തിനായുള്ള പി.എസ്.സി റാങ്ക് പട്ടികകളെല്ലാം നോക്കുകുത്തികളായി മാറി.
കഴിഞ്ഞ നാല് വർഷത്തിനിടെ 500ലധികം അധ്യാപകർ വിരമിച്ചെങ്കിലും നിയമനം നടന്നത് വിരലിലെണ്ണാവുന്നവയിൽ മാത്രം. രണ്ടര വർഷത്തോളം മുമ്പ് നിലവിൽവന്ന അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള 15 റാങ്ക് പട്ടികകളാണ് ഒന്നും രണ്ടും നിയമനങ്ങൾ മാത്രം നടത്തി കാലാവധി കഴിയാൻ പോകുന്നത്.
പ്രതിവർഷം 400ന് മുകളിൽ വരെ അസിസ്റ്റന്റ് പ്രഫസർ നിയമനം നടന്നിരുന്ന സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒരു വർഷത്തിനിടെ ആകെ നടന്നത് പത്തിൽ താഴെ നിയമനം മാത്രം. പത്ത് വർഷത്തിനിടെ 2500ന് മുകളിൽ അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ.
പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കാനും ഏകാധ്യാപക വിഷയങ്ങളിലെ ജോലിഭാരം 16 മണിക്കൂറിന് പകരം 12 മണിക്കൂർ എന്നാക്കാനും ഭരണാനുകൂല കോളജ് അധ്യാപക സംഘടനകൾ ഉൾപ്പെടെ സമ്മർദം ചെലുത്തിയെങ്കിലും ധനവകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ ലക്ഷ്യം കണ്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് കോളജ് വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ച് പഠനം നടത്തിയെങ്കിലും ശിപാർ ശകൾ തള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.