എൻജിനീയറിങ് പ്രവേശനം; മുൻനിര റാങ്കുകാരിൽ പകുതി പേർക്കും കേരളത്തിൽ സീറ്റ് വേണ്ട
text_fieldsതിരുവനന്തപുരം: പ്രോസ്പെക്ടസ് ഭേദഗതി കോടതി റദ്ദാക്കിയതിനെ തുടർന്ന് പുതുക്കിയ സംസ്ഥാന എൻജിനീയറിങ് റാങ്ക് പട്ടികയിലെ മുൻനിര റാങ്കുകാരിൽ പകുതി പേർക്കും കേരളത്തിൽ എൻജിനീയറിങ് സീറ്റ് വേണ്ട. ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ പതിനായിരം റാങ്കുകാരിൽ 5480 പേരാണ് ഓപ്ഷൻ സമർപ്പിച്ച് അലോട്ട്മെന്റ് നേടിയത്. കഴിഞ്ഞ വർഷം ഇത് 5683 പേരായിരുന്നു. ആദ്യ നൂറ് റാങ്കുകാരിൽ 22 പേർ അലോട്ട്മെന്റ് നേടിയപ്പോൾ കഴിഞ്ഞ വർഷം ഇത് 13 പേർ മാത്രമായിരുന്നു. ഇത്തവണ ഒന്നാം റാങ്കുകാരൻ ഉൾപ്പെടെ ആദ്യ പത്തിലെ മൂന്നുപേർ ഓപ്ഷൻ സമർപ്പിക്കുകയും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിൽ (സി.ഇ.ടി) അലോട്ട്മെന്റ് നേടുകയും ചെയ്തു.
മുൻനിര റാങ്കുകാരിൽ നല്ലൊരു ശതമാനവും ജെ.ഇ.ഇ പരീക്ഷയിൽ മികച്ച റാങ്ക് നേടുകയും ഐ.ഐ.ടി, എൻ.ഐ.ടി പോലുള്ള ദേശീയ പ്രാധാന്യമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കുകയുമാണ്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി മെഡിക്കൽ പ്രവേശനം തിരഞ്ഞെടുക്കുന്നവരും എൻജിനീയറിങിൽ മികച്ച റാങ്ക് നേടിയവരാണെങ്കിൽ പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാറില്ല. ഇതിന് പുറമെ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള സി.യു.ഇ.ടി പരീക്ഷയിൽ മെച്ചപ്പെട്ട സ്കോർ നേടിയവരും എൻജിനീയറിങ് പ്രവേശനം ഉപേക്ഷിക്കാറുണ്ട്. ഒട്ടേറെ വിദ്യാർഥികൾ ഫലം മെച്ചപ്പെടുത്താൻ അടുത്ത വർഷം വീണ്ടും എഴുതാനും കാത്തിരിക്കും.
ഇതെല്ലാമാണ് കേരള എൻജിനീയറിങ് റാങ്ക് പട്ടികയിലെ മുൻനിര റാങ്കുകാരിൽ പകുതിയോളം പേരെങ്കിലും പ്രവേശനം വേണ്ടെന്നുവെക്കാനുള്ള പ്രധാന കാരണങ്ങൾ. ഇത്തവണ ആദ്യ 500 റാങ്കിലെ 162 പേർ മാത്രമാണ് ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടത്. ആയിരം റാങ്കിൽ 409 പേരും രണ്ടായിരം റാങ്കിൽ 990 പേരും 5000 റാങ്കിൽ 2802 പേരുമാണ് അലോട്ട്മെന്റ് നേടിയത്. ആദ്യ 20000 റാങ്കിൽ 10553 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ പേർ എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും ഓപ്ഷൻ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം 30860 പേരാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്തതെങ്കിൽ ഇത്തവണ 34568 പേരാണ് പ്രവേശനത്തിനായി ഓപ്ഷൻ സമർപ്പിച്ചത്. കഴിഞ്ഞ വർഷം ആദ്യ അലോട്ട്മെന്റിലൂടെ 23751 പേർക്ക് പ്രവേശനം ഉറപ്പായപ്പോൾ ഇത്തവണ 27021 ആയി വർധിച്ചു. ഇത് മൊത്തം പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ നേരിയ വർധനക്കുള്ള സാധ്യതയാണ്. മൂന്ന് റൗണ്ട് കേന്ദ്രീകൃത അലോട്ട്മെന്റാണ് പ്രവേശന പരീക്ഷ കമീഷണർ നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.