‘ഗേറ്റ്’ തുറക്കാൻ സമയമായി
text_fields‘ഗേറ്റ്’ അഥവാ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് പേരും പെരുമയുമുള്ള ദേശീയതല പരീക്ഷയാണ്. കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എൻജിനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ചർ/ സയൻസ്/ കോമേഴ്സ്/ ആർട്സ്/ ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബിരുദത്തിലുള്ള പരിജ്ഞാനവും പ്രാവീണ്യവും ഈ പരീക്ഷയിലൂടെ വിലയിരുത്തപ്പെടുന്നു.
‘ ഗേറ്റ്’ സ്കോർ നേടുന്നവർക്ക് ഐ.ഐ.ടികൾ/ എൻ.ഐ.ടികൾ അടക്കം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ എം.ടെക് ഉൾപ്പെടെയുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലും ഫെലോഷിപ്പോടെ ഡോക്ടറൽ/ പിഎച്ച്.ഡി പ്രോഗ്രാമുകളിലും പഠനം നടത്താം. ഉയർന്ന ഗേറ്റ് സ്കോർ കരസ്ഥമാക്കുന്നപക്ഷം ചില കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും മറ്റും എൻജിനീയർ/ എക്സിക്യൂട്ടിവ്/ സൂപ്പർവൈസറി തസ്തികകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി നേടാം.
‘ഗേറ്റ്’ സ്കോർ അടിസ്ഥാനത്തിൽ എം.ടെക് പ്രവേശനം ലഭിക്കുന്നവർക്ക് 22 മാസക്കാലം പ്രതിമാസം 12,400 രൂപ സ്കോളർഷിപ്പിന് അർഹതയുണ്ട്. പിഎച്ച്.ഡി.ക്ക് ആദ്യത്തെ രണ്ടു വർഷക്കാലം പ്രതിമാസം 37,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 42,000 രൂപ വീതവും ധനസഹായം ലഭിക്കും. ഗേറ്റ് സ്കോർ ഉപയോഗിച്ച് റിക്രൂട്ട്മെന്റ് നടത്തുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ടെൽ), ബി.പി.എസ്.എൻ.എൽ കോൾ ഇന്ത്യ, ഇലക്ട്രോണിക്സ് കോർപറേഷൻ, എൻജിനീയേഴ്സ് ഇന്ത്യ, ഗ്യാസ് അതോറിറ്റി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഇന്ത്യൻ ഓയിൽ, മസഗോൺഡോക്, നാഷനൽ ഹൈവേസ് അതോറിറ്റി, എൻ.പി.സി.എൽ, എൻ.ടി.പി.സി, ഒ.എൻ.ജി.സി, പവർഗ്രിഡ് മുതലായവ ഉൾപ്പെടും.
● ‘ഗേറ്റ് 2026’: പരീക്ഷ ഫെബ്രുവരി 7,8,14,15 തീയതികളിൽ ദേശീയതലത്തിൽ നടക്കും. പരീക്ഷ ഇക്കുറി സംഘടിപ്പിക്കുന്നത് ഐ.ഐ.ടി ഗുവാഹതിയാണ്. ‘ഗേറ്റ്’ ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റം ആഗസ്റ്റ് 25ന് തുറക്കും. അപേക്ഷ സമർപ്പണത്തിന് സെപ്റ്റംബർ 25 വരെയും പിഴയോടുകൂടി ഒക്ടോബർ ആറുവരെയും സൗകര്യം ലഭിക്കും.
ഗേറ്റ് 2026ൽ 30 ടെസ്റ്റ് പേപ്പറുകളുണ്ട്. ഒരാൾക്ക് ഒന്നോ രണ്ടോ പേപ്പറുകൾ അഭിമുഖീകരിക്കാം. ഓരോ പേപ്പറിനും 100 മാർക്ക്. ജനറൽ ആപ്റ്റിറ്റ്യൂഡ് (15 മാർക്കിന്) എല്ലാ പേപ്പറുകൾക്കും പൊതുവായിട്ടുള്ളതാണ്. ഗേറ്റ് ടെസ്റ്റ് പേപ്പറുകളും പരീക്ഷാ ഘടനയും സിലബസും ഉൾപ്പെടെ സമഗ്ര വിവരങ്ങൾ https://gate2026.iitg.ac.inൽ ലഭിക്കും. പരീക്ഷാഫലം മാർച്ച് 19ന് പ്രസിദ്ധീകരിക്കും. ഗേറ്റ് സ്കോറിങ് മൂന്നു വർഷത്തെ പ്രാബല്യമുണ്ടായിരിക്കും. ഗേറ്റ് സ്കോറുള്ളവർക്ക് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലേക്ക് അതത് സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷ നൽകി പ്രവേശനം നേടാം.
അപേക്ഷ ഫീസ്: സെപ്റ്റംബർ 25 വരെ അപേക്ഷിക്കുന്നവർ ഒറ്റ പേപ്പറിന് 2000 രൂപ നൽകണം. വനിതകൾക്കും പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്കും 1000 രൂപ മതി. 26 മുതൽ ഒക്ടോബർ ആറുവരെ പിഴയടക്കം യഥാക്രമം 2500 രൂപ, 1500 രൂപ എന്നിങ്ങനെ ഫീസ് നൽകണം. രണ്ട് പേപ്പറുകൾക്ക് ഇരട്ടി ഫീസ് നൽകേണ്ടതുണ്ട്.
● യോഗ്യത: എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കോമേഴ്സ്/ആർട്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അംഗീകൃത ബിരുദമെടുത്തവർക്കും 3/4/5 വർഷ ബിരുദ വിദ്യാർഥികൾക്കും ‘ഗേറ്റ്-2026’ൽ പങ്കെടുക്കാം.
● ടെസ്റ്റ് പേപ്പറുകൾ: ഗേറ്റ്-2026ൽ ഉൾപ്പെടുത്തിയ ടെസ്റ്റ് പേപ്പറുകൾ ഇവയാണ്.എയ്റോസ്പേസ് എൻജിനീയറിങ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോളജിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, കെമിസ്ട്രി, ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കോളജി ആൻഡ് എവലൂഷൻ, ജ്യോമാറ്റിക്സ് എൻജിനീയറിങ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, സ്റ്റാറ്റിസ്റ്റിക്സ്, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.