തസ്തികമാറ്റ നിയമനം; 50 തികഞ്ഞവർക്കും യോഗ്യത പരീക്ഷ നിർബന്ധമെന്ന്
text_fieldsകൊച്ചി: താഴ്ന്ന വിഭാഗം ജീവനക്കാർക്ക് വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്കായി തസ്തികമാറ്റം വഴി നിയമനം ലഭിക്കുന്നതിന് നിശ്ചയിച്ച യോഗ്യതാപരീക്ഷയിൽനിന്ന് 50 വയസ്സ് തികഞ്ഞവരെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി സർക്കാർ. അതേസമയം, യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന രണ്ടുവർഷ സമയപരിധി ഒരുവർഷം കൂടി നീട്ടി.
ഈ സമയ പരിധിക്കുള്ളിൽ പരീക്ഷയെഴുതുന്നവരെ ഫലം വരുന്നതുവരെ പഴയ തസ്തികയിലേക്ക് തിരിച്ചയക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളുടെ പത്ത് ശതമാനത്തിൽ യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിൽ താഴ്ന്ന വിഭാഗം ജീവനക്കാരെ തസ്തികമാറ്റം വഴി നിയമിക്കാൻ 2014ലാണ് സർക്കാർ തീരുമാനിച്ചത്.
ഇതിൽ ക്ലർക്ക് തസ്തികയിൽ തസ്തികമാറ്റം വഴി നിയമനത്തിന് മറ്റ് വ്യവസ്ഥകളോടൊപ്പം യോഗ്യതാപരീക്ഷ കൂടി ഏർപ്പെടുത്തി 2023ൽ ഉത്തരവായി. പൊലീസ് വകുപ്പിലെ താഴ്ന്ന വിഭാഗം ജീവനക്കാർ പൊലീസ് പാർട്ട്-രണ്ട് പരീക്ഷയും മറ്റ് വകുപ്പുകളിലുള്ളവർ മാന്വൽ ഓഫ് ഓഫിസ് പ്രൊസീജിയർ (എം.ഒ.പി) പരീക്ഷയും പാസ്സാകണമെന്നായിരുന്നു പുതിയ വ്യവസ്ഥ. മുമ്പ് തസ്തികമാറ്റ നിയമനം ലഭിച്ചവർക്ക് യോഗ്യത നേടാൻ രണ്ടുവർഷത്തെ ഇളവാണ് നൽകിയത്.
മറ്റ് തരത്തിൽ യോഗ്യരായവർക്ക് ഉത്തരവ് തീയതി മുതൽ രണ്ടുവർഷത്തിനുള്ളിൽ യോഗ്യത ആർജിക്കണമെന്ന വ്യവസ്ഥക്ക് വിധേയമായി താൽക്കാലിക തസ്തികമാറ്റ നിയമനം അനുവദിക്കാമെന്നും യോഗ്യത നേടാത്തവരെ മുൻ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും ഇതേ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി മാർച്ച് 15ന് അവസാനിച്ചതോടെ ഇളവ് തേടി ഒട്ടേറെ നിവേദനങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.