സ്കോളർഷിപ്പോടെ എം.ഫാം പഠിക്കാം; ‘ജിപാറ്റ്-2025’ മേയ് 25ന്
text_fieldsസ്കോളർഷിപ്പോടെ എം.ഫാം പഠനത്തിനായുള്ള ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ് -2025) മേയ് 25ന് ദേശീയതലത്തിൽ നടത്തും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻമെഡിക്കൽ സയൻസസിനാണ് പരീക്ഷ ചുമതല. വിശദവിവരങ്ങൾ https://natboard.edu.inൽ ലഭിക്കും. ഏപ്രിൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ ഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 3500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും മറ്റു വിശദാംശങ്ങളും വെബ്സൈറ്റിലെ ‘ജിപാറ്റ് 2025’ വിവരണ പത്രികയിലുണ്ട്.
യോഗ്യത: നാലു വർഷത്തെ അംഗീകൃത ഫാർമസി ബിരുദം. ബി.ഫാം അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രീ-ഫൈനൽ (മൂന്നാംവർഷം) പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
പരീക്ഷ: ജിപാറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമകോഗ്നസി, ഫാർമക്കോളജി, അനുബന്ധ വിഷയത്തിൽ ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള 125 ചോദ്യങ്ങളുണ്ടാവും. മൂന്ന് മണിക്കൂർ സമയം അനുവദിക്കും. പരമാവധി 500 മാർക്കിനാണ് പരീക്ഷ. ശരി ഉത്തരത്തിന് നാലു മാർക്ക്, തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. മേയ് 25ന് രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. മേയ് 21ന് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. ഫലം വെബ്സൈറ്റിൽ ജൂൺ 25ന് പ്രസിദ്ധീകരിക്കും. സ്കോർ കാർഡ് യഥാസമയം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാഴ്സിറ്റി/ കോളജ്/ സ്ഥാപനങ്ങളിൽ എം.ഫാം, പിഎച്ച്.ഡി കേഴ്സുകളിൽ പ്രവേശനത്തിനും സ്കോളർഷിപ് ലഭിക്കുന്നതിനും ജിപാറ്റ് സ്കോർ കാർഡിന് മൂന്നു വർഷത്തെ പ്രാബല്യമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.