പൊതുമേഖലാ ബാങ്കുകളിൽ ബിരുദധാരികൾക്ക് അവസരം; 10277 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ 2026-27 വർഷത്തേക്ക് ക്ലറിക്കൽ കേഡറിലുള്ള കസ്റ്റമർ സർവിസ് അസോസിയേറ്റ് തസ്തികയിലേക്ക് ഐ.ബി.പി.എസ് കോമൺ റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ത് ബാങ്ക്, യൂകോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ 11 ബാങ്കുകളാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നത്. ശമ്പളനിരക്ക് 24,050-64,480 രൂപ.
വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബാങ്ക് ബ്രാഞ്ചുകളിലായി ആകെ 10277 ഒഴിവുകളാണ് നിലവിലുള്ളത്. റിക്രൂട്ട്മെന്റ് സംസ്ഥാനതലത്തിലായതിനാൽ ഏതെങ്കിലുമൊരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തിലാവും നിയമനവും.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽ. സംസ്ഥാനാടിസ്ഥാനത്തിൽ ഓരോ ബാങ്കിലും ലഭ്യമായ ഒഴിവുകൾ, യോഗ്യതാമാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള പ്രാവീണ്യമുണ്ടായിരിക്കണം. ഇത് പരിശോധിക്കാൻ നടത്തുന്ന പരീക്ഷയിൽ യോഗ്യത നേടണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. കമ്പ്യൂട്ടർ/ഐ.ടി ഹൈസ്കൂൾ/കോളജ് തലത്തിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപറേഷൻ/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരുന്നാലും മതി.
15 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചിട്ടുള്ള വിമുക്തഭടന്മാർക്ക് മെട്രിക്കുലേറ്റ്/തത്തുല്യ ആർമി/നേവി/എയർഫോഴ്സ് സർട്ടിഫിക്കറ്റുകളുണ്ടെങ്കിൽ അപേക്ഷിക്കാം.
പ്രായപരിധി 1.8.2025ൽ 20 വയസ്സ് തികയണം. 28 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. അപേക്ഷാഫീസ് നികുതിയുൾപ്പെടെ 850 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/ വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപ മതി. ഫീസ് അടച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
സെലക്ഷൻ: 2025 ഒക്ടോബറിൽ നടത്തുന്ന പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവരെ നവംബറിൽ ഓൺലൈൻ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിവയിൽ 100 ചോദ്യങ്ങൾ, പരമാവധി 100 മാർക്കിന് ഉണ്ടാവും. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാവും പരീക്ഷ.
മെയിൻപരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്. ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, റീസണിങ് ബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിലായി 155 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്കിന്. രണ്ടുമണിക്കൂർ സമയം അനുവദിക്കും.
പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും മെയിൻ പരീക്ഷക്ക് കണ്ണൂർ, പാലക്കാട് ഒഴികെയുള്ള ഇതേ നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപിൽ കവരത്തിയിൽ. മെയിൻപരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.