വിദ്യാർഥികൾ നെഞ്ചേറ്റി മാധ്യമം എജുകഫേ
text_fieldsമാധ്യമം എജു കഫേ സ്റ്റാളുകളുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം കൺട്രി ഹെഡ് (ബിസിനസ് സൊലൂഷൻസ്) കെ. ജുനൈസ്, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, നഷീദ് പി.ഐ (ജി എം ബ്രിഡ്ജിയോൺ), ഡോ. ഹാരിസ് പാറങ്ങൽ (സൈലം), റസിഡന്റ് മാനേജർ ടി.സി. റഷീദ്, ബ്യൂറോ ചീഫ് ഹാഷിം എളമരം എന്നിവർ സമീപം
കോഴിക്കോട്: മികവുറ്റ സാധ്യതകൾ കണ്ടെത്താൻ നാനാഭാഗങ്ങളിൽനിന്ന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഒഴുകിയെത്തിയപ്പോൾ ജനസാഗരമായി മാധ്യമം എജുകഫേ. സരോവരത്തിനടുത്ത് കാലിക്കറ്റ് ട്രേഡ്സെന്ററിൽ രണ്ടുദിവസം നീളുന്ന എജു-കരിയർ എക്സ്പോ തിങ്കളാഴ്ച രാവിലെ തുടക്കംകുറിച്ചപ്പോൾ ആയിരങ്ങളാണ് സംശയനിവാരണത്തിനായി എത്തിയത്.
എജുകഫേയുടെ 11ാമത് എഡിഷന്റെ ആദ്യ എക്സ്പോ ആണ് ചൊവ്വാഴ്ച കോഴിക്കോട്ട് ആരംഭിച്ചത്. വർഷങ്ങളായി തുടർന്നുകൊണ്ടിരുക്കുന്ന മാധ്യമം എജുകഫെയെ വിദ്യാർഥി സമൂഹം നെഞ്ചേറ്റിയതിന്റെ നേർസാക്ഷ്യം കൂടിയായിരുന്നു വേദിക്ക് മുന്നിലെ തിങ്ങിനിറഞ്ഞ സദസ്സും സ്റ്റാളുകളും.
രാവിലെ എട്ടുമുതൽ തന്നെ വിദ്യാർഥികളും രക്ഷിതാക്കളും എത്തിത്തുടങ്ങിയിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മികച്ച കരിയർ കണ്ടെത്തുന്നതിലുമുള്ള ആശങ്കകൾ പൂർണമായും ദൂരീകരിക്കുന്ന തരത്തിലാണ് മേള രൂപകൽപന ചെയ്തിരിക്കുന്നത്.
രാവിലെ 10ന് സ്റ്റാൾ ഉദ്ഘാടനം ചെയ്യുമ്പോഴേക്കും വിദ്യാർഥികളുടെ നീണ്ടനിര ദൃശ്യമായിരുന്നു. കോഴിക്കോടിന് പുറമേ വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്നും വിദ്യാർഥികൾ എത്തിയിരുന്നു.
ടോപ്പായി ‘ടോപ്പേഴ്സ് ടോക്ക’ർമാർ
കോഴിക്കോട്: ടോക്കും ടോപ്പാക്കി ടോപ്പേഴ്സ്. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അണിനിരത്തിയ എജുകഫേ ടോപ്പേഴ്സ് ടോക്ക് ഏറെ വേറിട്ടതായി.
‘എനിക്ക് ആയിരം വൃക്ഷത്തൈ നടണമെന്നാണ് ആഗ്രഹം, അതു കഴിഞ്ഞാലും നടും-സംസ്ഥാന സർക്കാറിന്റെ വനമിത്ര അവാർഡ് നേടിയ കുഞ്ഞു പരിസ്ഥിതി പ്രവർത്തക ദേവിക ദീപക്കിന്റെ വാക്കുകളും പഠനത്തിൽ അൽപം മോശമാണെങ്കിലും ശരീരത്തിന്റെ കരുത്തിലും മെയ്വഴക്കത്തിലും രാജ്യത്തിനുവേണ്ടി കായികമേഖലയിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ ദേശീയ ഗെയിംസ് താരം പ്ലസ് വൺ വിദ്യാർഥിനി പാർവതി ബി. നായരും ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനാകണമെന്നതുകൊണ്ടുതന്നെ മെക്കാനിക്കൽ എൻജിനീയറിങ്ങിന് എൻ.ഐ.ടിയിൽ ചേർന്ന സായൂജും വീട്ടിൽ അഞ്ചുപേരും കലാകാരന്മാരായിട്ടും കോവിഡ് കാലത്ത് റേഷനരികൊണ്ടു മാത്രം ജീവിക്കേണ്ടിവന്നിട്ടും കലയെ മനസ്സിൽ ആരാധിച്ചുകൊണ്ടുനടക്കുന്ന ബിരുദ വിദ്യാർഥി സിദ്ധേന്ദ്ര ചെക്കലിംഗവും ജീവിതത്തിൽ കൺഫ്യൂഷനുള്ളവർക്ക് യഥാർഥ മോട്ടിവേറ്റർമാരായി.
എജു കഫേ ഉദ്ഘാടന സദസ്സ്
എജുകഫേയുടെ ഭാഗമായി നടന്ന ടോപ്പേഴ്സ് ടോക്കിൽ പങ്കെടുത്ത ഏഴുപേരും സംസ്ഥാന-ദേശീയതലത്തിൽ അറിയപ്പെടുന്നവരായിരുന്നു. അവർ പങ്കുവെച്ചതാകട്ടെ പ്രതിസന്ധികളിലൂടെയും പ്രാരാബ്ധങ്ങളിലൂടെയും നടന്നുവന്ന കഥകളും ആഗ്രഹങ്ങളും.
സ്പേസ് ക്ലബിൽ അംഗത്വം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദിദേവിനു പറയാനുണ്ടായിരുന്നത് തന്റെ അഭിരുചിയിൽ നന്നേ ചെറുപ്പത്തിൽ സാറ്റലൈറ്റ് മാനുഫാക്ചറിങ് യൂനിറ്റ് സന്ദർശിക്കാൻ അവസരം ലഭിച്ചതും ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന എ.എസ്. കിരൺകുമാറുമായുള്ള അഭിമുഖവുമെല്ലാമാണ്.
രണ്ടാം ക്ലാസ് മുതൽ നൃത്തം പരിശീലിച്ച പ്രഫഷനൽ നർത്തകിയായ ദേവിക എസ്. നായർക്ക് ദേശീയ അംഗീകാരത്തിന് പുറമെ ഏറ്റവും വലിയ ഭാഗ്യമായത് പ്രസിദ്ധ നൃത്തോത്സവത്തിൽ അമ്മ സുകന്യക്കൊപ്പം നൃത്തമവതരിപ്പിക്കാൻ കഴിഞ്ഞതാണ്. എടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നതിനാൽ മനഃപ്രയാസമില്ലാതെ മെഡിസിൻ പ്രവേശനം നേടിയതിന്റെ കഥയാണ് മുഹമ്മദ് ഷിബിൻ വെളിപ്പെടുത്തിയത്.
നൃത്ത പരിശീലനത്തോടൊപ്പം മറ്റൊരു സ്ഥിരം ജോലിയുമാണ് ബി.എസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും ബിസോൺ കലോത്സവത്തിലെ കലാപ്രതിഭയുമായ സിദ്ധേന്ദ്ര ചെക്കലിംഗത്തിന്റെ ലക്ഷ്യം. വൃക്ഷത്തൈകൾ നട്ടാലേ പ്രാണവായു ലഭിക്കുവെന്നും തണൽവേണമെന്നത് ആരും മറക്കരുതെന്നും മൂന്നാം ക്ലാസുകാരിയും കുട്ടി കർഷക അവാർഡ് ജേത്രിയുമായ ദേവിക ദീപക് ഓർമപ്പെടുത്തി.
പങ്കെടുത്തവർക്ക് ഡി.ജി.എം എച്ച്.ആർ. ഹാരിസ് വള്ളിൽ, സീനിയർ എച്ച്.ആർ. മാനേജർ മുഹമ്മദ് ആസിഫ് എന്നിവർ ഉപഹാരം നൽകി.രേവതി സുധപ്രകാശ് മോഡറേറ്ററായി.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം -മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: യാന്ത്രിക പഠനത്തിനും മാർക്കുവാങ്ങുന്നതിനും പകരം ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മികച്ച സാധ്യതകൾ തേടുന്നവർക്കായി ‘മാധ്യമം’ രണ്ടുദിവസമായി നടത്തുന്ന എജു കഫേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലത്തിന്റെ ആവശ്യകതകളോട് അർഥവത്തായി സമീപിച്ച ‘മാധ്യമം’ വേറിട്ട പാതകളിലുടെ സഞ്ചരിച്ച് പുതുവഴികളുമായി മുന്നോട്ടു പോകുമ്പോൾ നിറവേറ്റുന്നത് മറ്റു സാമൂഹിക പ്രതിബദ്ധതകൾ കൂടിയാണ്.
പുതുതലമുറയെ എങ്ങനെ വളർത്തണമെന്നും സ്വതസിദ്ധമായ സർഗവാസനയെ തട്ടിയുണർത്തി പുതുമയാർന്ന വിദ്യാഭ്യാസം നൽകുന്നതിനുമുള്ള അറിവാണ് എജുകഫേയിലൂടെ ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമഗ്രമായ വളർച്ചക്കുതകുന്ന സാംസ്കാരികവും സാമൂഹികവുമായ മാറ്റത്തിന് പങ്കുവഹിക്കാൻ എജുകഫേ കരിയർ എക്സ്പോക്ക് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ‘മാധ്യമം’ ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ് പറഞ്ഞു. വിദ്യാഭ്യാസവും ജീവിതവും വർണാഭമാക്കാനും സാധ്യതകൾ കണ്ടെത്താനും എജുകഫേക്ക് കഴിയുന്നുവെന്ന് സൈലം ലേണിങ് ഡയറക്ടർ ലിജീഷ് കുമാർ പറഞ്ഞു. ‘മാധ്യമം’ ന്യൂസ് എഡിറ്റർ റഹ്മാൻ എലങ്കമൽ ഉപഹാരം നൽകി. റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
നിങ്ങളൊറ്റക്ക് അനുഭവിച്ചുതീർക്കേണ്ട, ഞങ്ങളുണ്ട് കൂടെ
മാനസിക പിരിമുറുക്കങ്ങൾ പുറത്തു പറയാതെ അതിന്റെ ദുരന്തഫലങ്ങൾ ഒറ്റക്ക് അനുഭവിക്കുന്നവരാണ് മലയാളികളേറെയും. ഒറ്റക്ക് അനുഭവിച്ച് തീർക്കുന്നവർക്ക് സമാശ്വാസത്തിന്റെ കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്തും ബികമിങ് വെൽനസ് ടീമും. ലോകത്തിന്റെ ഏതു കോണിൽനിന്നും ഒരു വിളിയിൽ ആർക്കും ബികമിങ് വെൽനസ് ടീമിന്റെ സഹായം ലഭിക്കും.
എറണാകുളം ആസ്ഥാനമായി 2023ൽ പ്രവർത്തനം ആരംഭിച്ച ബികമിങ് വെൽനസ് ഇന്ന് ആയിരക്കണക്കിന് പേർക്ക് ആശ്വാസം പകരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയോ ഫോണിലൂടെയോ ബന്ധപ്പെടുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട കൺസൾട്ടന്റിനെ ബന്ധപ്പെടുത്തിക്കൊടുക്കും. പ്രവാസികളായ മലയാളി സ്ത്രീകളും കൗമാരത്തിലും യൗവനത്തിലുമുള്ള പെൺകുട്ടികളുമാണ് ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കത്തോടെ വിളിക്കുന്നതെന്ന് അശ്വതി വ്യക്തമാക്കി.
അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സംസാരിക്കുന്നു
ഇന്നത്തെ മാതാപിതാക്കൾക്ക് കുട്ടികളുടെ കൂടെ ചെലവഴിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തത് കുട്ടികളിൽ വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി തന്റെ അനുഭവങ്ങളിലൂടെ അശ്വതി വ്യക്തമാക്കി. ‘കൗമാരത്തിന്റെ മനസ്സ് തിരിച്ചറയൂ’ എന്ന അശ്വതിയുടെ സംവാദം കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള തലമുറവ്യത്യാസം വരച്ചുകാട്ടുന്നതായി.
മാതാപിതാക്കളെക്കാൾ ആഗോള സമൂഹവുമായി ബന്ധം സ്ഥാപിക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ. സ്വാതന്ത്ര്യം വേണം എന്ന തോന്നൽ കുട്ടികളിൽ വന്നുതുടങ്ങുന്ന പ്രായമാണ് കൗമാരമെന്നും മാതാപിതാക്കൾ കുട്ടികളുടെ വിശ്വാസം നേടിയെടുക്കണമെന്നും മികച്ച അവതാരകയും മോട്ടിവേഷൻ സ്പീക്കറുമായ അശ്വതി പറഞ്ഞു. ഫോൺ: 7034316777.
എ.ഐ പരതി വിദ്യാർഥികൾ, ജാലകം തുറന്ന് എജുകഫേ
കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് ടു കേഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾക്കു മുന്നിൽ തുടർപഠനത്തിനും മികച്ച അവസരങ്ങൾ തേടിപ്പിടിക്കുന്നതിനുമുള്ള അനന്തസാധ്യതകളിലേക്ക് ജാലകം തുറന്ന് ‘മാധ്യമം’ എജു കഫേ സ്റ്റാളുകൾ. സംസ്ഥാനത്തും പുറത്തും വിദേശത്തും ലഭ്യമാകുന്ന പ്രഫഷനൽ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് മനസ്സിലാക്കാൻ ഉപകരിക്കുന്നതായിരുന്നു സ്റ്റാളുകൾ. കൂടുതൽ പേർക്കും അറിയേണ്ടത് എ.ഐയെക്കുറിച്ചായിരുന്നു.
വിദേശ രാജ്യങ്ങളിൽ ജോലിയോടൊപ്പം പഠനം നടത്തുന്നതിനെക്കുറിച്ചും വിദ്യാർഥികൾ അന്വേഷിക്കുന്നുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള മികച്ച ഐ.ടി പഠന-പരിശീലന കേന്ദ്രങ്ങൾ, വിദേശത്ത് ജോലിയോടൊപ്പം പഠനത്തിന് അവസരങ്ങൾ കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുന്ന സ്ഥാപനങ്ങൾ, വിദേശ രാജ്യങ്ങളിലെ സൗജന്യ കോഴ്സുകൾ, ഐ.ടി മേഖലയിൽ മികച്ച ജോലി കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന കമ്പനികൾ, സ്കോളർഷിപ്പോടുകൂടി വിദ്യാർഥികൾ പഠന അവസരങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, വിദേശ രാജ്യങ്ങളിലെ കോഴ്സുകൾ കേരളത്തിൽനിന്ന് പഠിക്കാൻ അവസരം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ സ്റ്റാളുകളുടെ പ്രത്യേകതയായി.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്ന സ്റ്റാളുകളും മേളയിലുണ്ടായിരുന്നു സ്റ്റാളുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് നിർവഹിച്ചു.
മാധ്യമത്തിന്റെ സാമൂഹിക ഇടപെടൽ മറ്റെല്ലാ മേഖലകളെയും പോലെ വിദ്യാഭ്യാസരംഗത്തും ലഭ്യമാക്കുന്നതാണ് ‘മാധ്യമം’ എജു കരിയർ എക്സ്പോയെന്നും പുതിയ കാലത്ത് കുട്ടികൾക്ക് എത്തിപ്പെടാൻ കഴിയുന്ന എല്ലാ മേഖലകളെക്കുറിച്ചും അറിവുകൾ പകരുന്ന മേള മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
റിയൽ ചിന്തയില്ലാത്ത റോബോട്ടിക്സും ചിന്തയുള്ള മനുഷ്യരും
കോഴിക്കോട്: ചിന്തിക്കാൻ പ്രാപ്തിയില്ലെങ്കിലും മനുഷ്യ പ്രവൃത്തിയെക്കാൾ വേഗവും കൃത്യതയുമുള്ള എ.ഐ റോബോട്ടിക്സിനെ പരിചയപ്പെടുത്തി മാത്യൂസ് അബ്രഹാമിന്റെ എ.ഐ ഫോർ എവരി വൺ സെമിനാർ.
യുനിക് വേൾഡ് റോബോട്ടിക്സിന്റെ ബിസിനസ് ഡെവലപ്മെന്റ് ഹെഡായ മാത്യൂസ് അബ്രഹാം റിയൽ ഇന്റലിജൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റോബോട്ടിക്സുകളുടെ വിദൂരസാധ്യതകളും പരിമിതികളും വിദ്യാർഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തി.
ആകർഷക സെഷനുകളോടെ ഇന്ന് സമാപനം
രണ്ടുദിവസം നീളുന്ന മേള ബുധനാഴ്ച സമാപിക്കും. ഇന്ന് രാവിലെ ഒമ്പിതിന് പരിപാടികൾ തുടങ്ങും. സർക്കാർ ജോലിനേടാൻ എങ്ങനെ പഠിക്കണമെന്ന സൂത്രങ്ങളുമായി സൈലം പി.എസ്.സി കോച്ചിങ് മേധാവിയും മോട്ടിവേഷൻ സ്പീക്കറുമായ മൻസൂറലി കാപ്പുങ്ങൽ, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സൈബർ നിയമ വിദഗ്ധൻ ജിയാസ് ജമാൽ, വിജയഗാഥയുടെ കഥപറയാൻ സൈലം ഡയറക്ടർ ലീജീഷ് കുമാർ, ബി.ബി.സി അവാർഡ് ജേതാവായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വി.എം. സിദ്ദീഖ്, വാണിജ്യ മേഖലയുടെ ഭാവി എന്ത് എന്ന വിഷയത്തിൽ എ.സി.സി.എ മെംബർ മിഷ്ഹൽ ഹംസ, അനുഭവങ്ങൾ പങ്കുവെക്കാൻ അവതാരകൻ വി.ആർ. രജനീഷ്, കൗമാരക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ച് സംസാരിക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആർദ്ര മോഹൻ, ഡോ. ഫാത്തിമ ഷഹീർ എന്നിവർ രണ്ടാം ദിവസം എജുകഫേയെ ധന്യമാക്കും.
പ്രവേശനം സൗജന്യം
രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും രക്ഷിതാക്കള്ക്കും എജുകഫേയിലേക്ക് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോർട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധപ്പെടാം.
സരോവരം വേദിയിലേക്ക് വാഹന സൗകര്യം
കോഴിക്കോട്: സമാപന ദിവസമായ ഇന്നും മേള നടക്കുന്ന കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും. കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്തെ സിറ്റി ഒപ്റ്റിക്കൽസിന് സമീപമാണ് എത്തേണ്ടത്.രാവിലെ ഒമ്പതുമുതൽ സർവിസ് ആരംഭിക്കും. ഫോൺ: 9446734681.
സാമ്പത്തിക സ്വാതന്ത്യ്രം നേടണം
ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് ഡോ. ഷിംന അസീസ്. ഡബ്ല്യു.എച്ച്.ഒയുടെ ഇന്ത്യയിലെ സർവൈലന്സ് മെഡിക്കല് ഓഫിസറാണ് ഡോ. ഷിംന അസീസ്. പെൺകുട്ടികളും അവരുടെ അഭിരുചിക്കനുസരിച്ചുള്ള സാധ്യതകൾ കണ്ടെത്തണം. വരുമാനം ചെറുതാണെങ്കിൽ സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ശ്രമിക്കണം. വിവാഹം, കുടുംബം എന്നവയൊന്നും അതിന് പ്രതിബന്ധമാവില്ലെന്നും അവർ പറഞ്ഞു.
എജു കഫേയിലെ സ്റ്റാളുകളിലെ തിരക്ക്
മാതാപിതാക്കൾ കുട്ടികളെ മനസ്സിലാക്കുന്നതുപോലെ കുട്ടികളും മാതാപിതാക്കളെ മനസ്സിലാക്കണമെന്നും ഭക്ഷണമേശയിലെങ്കിലും കുടുംബാംഗങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവെക്കണമെന്നും അവർ നിർദേശിച്ചു.
പഠനത്തിൽ ശ്രദ്ധ വേണോ; ഫോൺ ഉപയോഗം കുറച്ചോ
എല്ലാം വിരൽത്തുമ്പിൽ എത്തിക്കുമെങ്കിലും മൊബൈൽ ഫോൺ ഉപയോഗം കുറച്ചാലേ പഠിച്ച് മുന്നേറാൻ കഴിയൂ എന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉണർത്തി സൈലം ലേണിങ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. എസ്. അനന്തു.
മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ ഓർമ ശക്തിയെ ബാധിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അറ്റൻഷൻ ഡഫിസിറ്റ് ഇന്ന് കുട്ടികൾ നേരിടുന്ന വെല്ലുവിളിയാണ്. ആഗ്രഹം സഫലീകരിക്കാൻ സാഹചര്യങ്ങൾ മനസ്സിലാക്കി അവസരങ്ങൾ കണ്ടറിഞ്ഞ് പഠിക്കണം. പാഷൻ അനുസരിച്ച് കരിയർ തെരഞ്ഞെടുക്കണം. എന്നാൽ, എപ്പോഴും തൊഴിൽ സാധ്യതയുള്ള ഒരു കോഴ്സ് സ്വായത്തമാക്കിവെക്കണം. സാധ്യതകൾ കണ്ടെത്താൻ രക്ഷിതാക്കളും വിദ്യാർഥികളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.